'Pranayikkumbol' featured in Kalakaumudi latest issue
ചോദിച്ചില്ലേ, നിൻ്റെതല്ലേയെന്ന്? നിൻ്റെതാണെന്നു പറയുമ്പോഴും നിൻ്റെതല്ലാത്ത ഇടങ്ങളുണ്ട്, എൻ്റെ ഭൂമിയിൽ.
കഴിയുമ്പോൾ കവിതയെഴുതണം. പ്രണയക്കടലിൽ നിന്ന് ഒരു ഓട്ടച്ചിരട്ടയിൽ ഒരു വട്ടം വെള്ളം കോരിയാൽ ഒരു കവിത കിട്ടും.
രാത്രികളോളം, പിന്നെ സ്വപ്നങ്ങളോളം മിണ്ടിയാലും പറയണ്ട, പങ്കുവയ്ക്കണ്ട നമുക്ക്, നാം പ്രണയത്തിലാണെന്ന ഒറ്റവരിക്കുറിപ്പുകൾ.
എന്നെ വിലക്കാതിരിക്കുക, നിന്നെ പ്രണയിക്കുന്നുവെന്ന് എനിയ്ക്ക് സമ്മതിയ്ക്കാതെ വയ്യ!
ഒടുക്കം നമ്മൾ കണ്ടുപിരിഞ്ഞപ്പോൾ നിന്റെ ശ്വാസങ്ങളാൽ ഊതിവീർപ്പിക്കപ്പെട്ട, പ്രണയാകൃതിയിലുള്ള ഒരു ബലൂൺ മാത്രമാണ് എന്റെ ഹൃദയമിപ്പോൾ.
എന്റെയോരോ നിമിഷവും നീയറിയുന്നുവെന്നോർത്ത് അഹങ്കരിയ്ക്കരുത്. ആ അഹങ്കാരം പൊള്ളയെന്ന് ഞാൻ പറയുന്നു.
നിന്നെ പ്രണയിക്കുന്നുവെന്ന് ഞാൻ പറയുന്ന ചില രീതികളുണ്ട്. അതിനാൽ, നിന്നെ ഞാൻ പ്രണയിക്കുന്നുവെന്ന ഒരൊറ്റ വരിയെ നീ കാത്തിരിക്കുന്നുവെങ്കിൽ നിരാശയാകും.
രാത്രികളിൽ, എന്റെ ശബ്ദമിറങ്ങി നമുക്കിടയിലെവിടെയോ നിന്റെ ശബ്ദവുമായി ഒട്ടിയിരുന്ന് പ്രണയിക്കുന്നതു കാണുമ്പോൾ എനിയ്ക്ക് കുശുമ്പാണ്.
പ്രണയിച്ചു പ്രണയിച്ച്, ഒടുവിലൊരിക്കൽ ഞാനൊരുവന്റെ ചങ്കിൽ ആഴ്ന്നിറങ്ങിയ പ്രണയമാകും
ആദ്യമായി നീയെന്നെ ചുംബിക്കുമ്പോൾ അത്, എന്റെ വലതുകയ്യിലാകട്ടെ. നിന്നോടുള്ള പ്രണയം കൊണ്ട് എന്റെ ഹൃദയത്തെക്കാളധികം പൊള്ളലേറ്റത് അവിടെയാണ്.
ഞാൻ ഒരുങ്ങുകയാണ്, എന്റെ പ്രണയത്തെ നിന്റെ മുന്നിൽ തുറന്നു വച്ച് ഒരു കുംബസാരക്കൂട്ടിലെന്ന പോലെ പരിശുദ്ധയാകാൻ
എഴുതുവാൻ വയ്യെന്നു കേണ് എന്റെ തൂലിക വിറയ്ക്കുമ്പോൾ നീയുണ്ടെന്ന് കാഴ്ചയോതുന്നു. ഉള്ളിലെ പ്രണയത്തെ പിഴിഞ്ഞ് പഴകിയ വീഞ്ഞിന്റെ വീര്യത്തെ വെല്ലുവിളിയ്ക്കുന്നു ഹൃദയം.
എന്തെന്നാൽ നീ അണഞ്ഞു തീരാൻ പോകുന്ന കനലിൽ നിന്ന് എന്റെ അഗ്നിസ്ഫുരണത്തെ കണ്ടെടുത്തവനാണ്.
നിന്നോടു തഴച്ചു വളർന്ന പ്രണയത്തിലാണ് ഉള്ളിൽ തുടിച്ച ഒരു പെണ്ണിന്റെ നൈർമ്മല്യത്തെ ഞാനാദ്യമായ് അറിഞ്ഞത്.
മാലാഖയല്ല ഞാൻ. നീയെന്ന കൂട്ടിലൊതുങ്ങുന്ന, നാണം കുണുങ്ങുന്ന തത്തമ്മപ്പെണ്ണുമല്ല. നിന്റെ ശരികളെന്നാൽ എന്റെ ശരികൾ തന്നെയെന്ന് അർത്ഥമുണ്ടായിട്ടില്ല.
നൂറു സെന്റിമീറ്ററുകൾക്കകലെ അന്ന് നിന്റെ കണ്ണുകൾ. പ്രപഞ്ചം കണക്കുകൂട്ടി സംഭവിപ്പിച്ച നിന്റെ ആദ്യനോട്ടം; എന്റെയും.
എന്റെ സ്വാതന്ത്ര്യങ്ങളെ ഒന്നൊന്നായി നീ പിഴുതെറിയുവാൻ പ്രണയമേ, ഞാൻ കാത്തിരിക്കുന്നു.
നിന്റെ നെഞ്ചിനുള്ളിലെ കരിങ്കൽത്തുറുങ്കിനെ ഞാൻ സ്വപ്നം കാണുന്നു. അതോളം ഇറങ്ങുവാൻ എന്റെ ശിരസ്സ് നിന്റെ നെഞ്ചിലേക്ക് ആഴുന്നു,
അരിച്ചിറങ്ങിയ വെയിലിൻ്റെ നടവഴിപ്പാതയിൽ അങ്ങനെ നാം നിന്നു- വിടരാൻ തുടങ്ങിയ രണ്ടിതൾ പൂ പോലെ.
ശുദ്ധമായ ഒരു പുഞ്ചിരി നിൻ്റെ അധരങ്ങളിൽ എൻ്റെ ഉമ്മ പോൽ വിടരുമെങ്കിൽ ഞാൻ കവിതകൾ എഴുതാം.
ഭൂമിയുടെ ഏറ്റവും അഗാധമായ ഒരു ഗർത്തത്തിലേക്ക്, ഗുരുത്വാകർഷണം പേറി, ആരാലും കാണപ്പെടാതെ ഒരു മൊട്ടുസൂചി പോലെ താഴേയ്ക്ക്, താഴേയ്ക്ക് വീണുകൊണ്ടിരിക്കണം.
പ്രണയിക്കുമ്പോൾ, ചങ്കു പിളർത്തുന്നവനെ തന്നെ പ്രണയിക്കണം. ഒടുവിലെ പ്രഹരത്തിൽ, ഒടുവിലെ വിലാപത്തിൽ, തന്റെ നാമം മാത്രമാണെന്ന് അറിഞ്ഞനുഭവിച്ചിട്ടും അത്ഭുതപ്പെടാത്തവനാകണം
എനിക്കു പോകേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ? എന്നിട്ടും, കോടിവർഷങ്ങൾ എന്ന പോലെ നിന്നെ മാത്രം കാത്തിരുന്ന്, നിന്നെ ധ്യാനിച്ച്, രാത്രിയും പകലും നിമികളുമെണ്ണി, കണ്ണു കലങ്ങി, ചുവന്ന നിന്റെ പെണ്ണിനോടാണോ പോകണമെന്ന് നീ ശഠിച്ചത്?
ചുറ്റും കടലാണ്. കരയില്ലെന്ന് തോന്നിപ്പിച്ച് പരന്ന്, ചുരുളഴിയുന്ന ഒന്ന്. ശാന്തമാകാൻ ശ്രമിക്കുമ്പോഴും ശമനമില്ലാത്ത ഇരമ്പൽ ഉണ്ട്. എന്തും അതിൽ ഒന്ന് മാത്രമായി പരിണമിക്കുന്ന കടൽ- നീയില്ലായ്മ.
ന്റെ പെണ്ണെന്നു ചൊല്ലി എന്നെ ചേർക്കുമോ? ഇനി ഒറ്റയാവില്ലെന്നോതി എന്റെ നെറുകിൽ പതിച്ച ഒരുമ്മയിൽ നീ തന്നെ മഞ്ഞായ് ഉറഞ്ഞ്, ഉരുകാതിരിക്കുമോ?