ഒരിക്കൽ,
ഒരില്ലായ്മയിൽ
നമ്മൾ കണ്ടുമുട്ടും.
സ്ഥലം
ഭൂമിയോ ആകാശമോ ആകില്ല.
അതിന്നതിരിലെ
ഒരു കൊച്ചുകുങ്കുമപ്പൊട്ടിൽ
നമ്മൾ നിൽക്കുമ്പോൾ
ഭൂമിയില്ലായ്മ, ആകാശമില്ലായ്മ.
നമ്മൾ ഒരുമിച്ചെങ്കിൽ
അതിനെ സ്വർഗ്ഗമെന്നു വിളിക്കരുത്.
നമ്മുടെ ലോകം സ്വർഗ്ഗത്തിൽ നിന്ന്
നരകത്തിലേയ്ക്ക് വാതിൽ തുറക്കുന്നയിടത്താകും.
സ്വർഗ്ഗത്തിൽ കള്ളങ്ങൾ പാടില്ലെന്നാണ്.
കള്ളങ്ങളുടെ നരകമില്ലെങ്കിൽ
പ്രണയത്തിനെന്തു ഹരം!
നമ്മൾ ഇല്ലായ്മയിൽ പാർക്കും-
ജീവിതത്തിനും സ്വപ്നത്തിനുമിടയ്ക്ക്,
നിദ്രയാകാത്ത ഒരിടത്ത്.
അവയേതെങ്കിലും ഒരു വട്ടം വിളിച്ചാൽ
അവയിലേയ്ക്ക് നമുക്കെത്താൻ കഴിയുന്ന ഒരിടത്ത്.
എന്നിട്ടും നമ്മൾ പോകാത്ത ഒരിടത്ത്.
ദേഹത്തിൽ നിന്നിറങ്ങി,
പൂർണ്ണദേഹിയാകാത്തയിടത്ത്.
കാരണം,
എനിയ്ക്കു നിന്നെ ആത്മാവിനാൽ പ്രണയിക്കേണ്ടതുണ്ട്.
പക്ഷെ പുണരാതെയും ചുംബിക്കാതെയും
ഇരിക്കുക വയ്യ.
കൈ ചേർക്കാതെ വയ്യ.
അതിനാൽ,
ദേഹീദേഹാവസ്ഥയുടെ
മദ്ധ്യത്തിൽ നിന്ന്
നമ്മൾ പ്രണയിക്കും.
വെയിലാറി, മണ്ണിൽ നിന്ന് ആവിയാറി,
മേഘങ്ങൾ കറുത്ത്, ഒന്നിച്ചുകൂടി,
പുതുമഴയുടെ വരവറിയിക്കുന്ന
അവസാന ചെറുകാറ്റിൽ
അന്തരീക്ഷം സ്തംഭിക്കും.
ആ ചെറുതണുപ്പിൽ,
അടുത്ത നിമിഷത്തിലെ
ആ പുതുമഴയുടെ പ്രതീക്ഷയിൽ
പിന്നെ നമ്മൾ വസിയ്ക്കും.
ഒരിക്കൽ,
ആ ഇല്ലായ്മയിൽ
നമ്മൾ നമ്മളെ കണ്ടെത്തും.
നമ്മുടെ പരിശുദ്ധമായ പ്രണയം
അന്ന് പൂർണ്ണതയനുഭവിയ്ക്കും.
എനിയ്ക്ക് നാമമുണ്ടാകില്ല; നിനക്കും.
നിന്റെ നീയായ് ഞാനും
എന്റെ നീയായ് നീയുമുണ്ടാകും.
അത്ര മാത്രം.
ശ്വാസമുണ്ടാകും,
നമ്മുടെ പ്രണയമുണ്ടാകും.
അത്ര മാത്രം.