പിടിവാശിയുണ്ട്,
കുശുമ്പുകളുണ്ട്,
പരിഭവപരാതികളുണ്ട്,
പിണക്കങ്ങളുണ്ട്,
മൂക്കിൻതുമ്പിൽ ദേഷ്യമുണ്ട്,
ധാർഷ്ട്യമുണ്ട്,
അടങ്ങാത്ത ആഗ്രഹങ്ങളുണ്ട്,
കൊതികളുണ്ട്,
അഹങ്കാരമുണ്ട്,
സ്വാർത്ഥതയുണ്ട്,
മനസ്സിൽ.
ആരറിയുന്നു,
എന്റെ പക്വതപ്പുതപ്പിനുള്ളിലുറങ്ങുന്ന
എന്റെ, ഞാൻ സ്നേഹിച്ച അപക്വതയെ!
വിളിച്ചുണർത്തിയെങ്കിൽ എന്ന് കൊതിച്ച്
ആർക്കോ വേണ്ടി കാലങ്ങളായി കാത്ത
ഒരു നിറഞ്ഞ പെണ്ണത്വത്തിനെ!
നീ വരേണ്ടിയിരുന്നു.
നിന്റെ പെണ്ണിലേയ്ക്കുള്ള
എന്റെ പരിവർത്തനത്തെ
ഞാൻ നിറഞ്ഞാസ്വദിയ്ക്കുന്നു.
നിഗൂഢമായ എൻ്റെയാഴങ്ങളിൽ
നീ തൊടുമ്പോൾ, ചുംബിക്കുമ്പോൾ,
ഇറുകിപ്പുണരുമ്പോൾ
നൈർമ്മല്യമുള്ള നാണച്ചുവപ്പു പടർന്ന്
ചെമ്പനീർപുഷ്പങ്ങൾ വിടരുന്നു.
സാരതയിൽ നിന്ന് നിസ്സാരതയിലേക്ക്
നീയെന്ന വ്യത്യാസമേയുള്ളൂ.
ഞാനല്ലായ്മയിൽ നിന്ന് ഞാനിലേയ്ക്കും
നീയെന്ന ദൂരമേയുള്ളൂ.
നീ വരേണ്ടിയിരുന്നു.
എന്റെയുള്ളിലെ
കുസൃതി നിറഞ്ഞ പെണ്ണിന്
ജീവൻ കൊടുത്ത്,
ജന്മം കൊടുത്തുണർത്താൻ
നിന്റെ ചുംബനം കൊണ്ട്
നീ തന്ന പ്രാണവായു വേണ്ടിയിരുന്നു.
അതെത്ര നാളുണ്ടോ,
അത്രയും നാൾ
നിന്റെ കുസൃതിപ്പെണ്ണായി
ഞാൻ ജീവിക്കും.
നീ പോകുമ്പോൾ
മരിയ്ക്കും-
അതും, അതോടൊപ്പം ഞാനും.
അത്ര തന്നെ.
എന്റെ
ഈ ജന്മത്തിന്റെ നിർവചനം
നീയെന്ന അക്ഷരത്തിലൊതുക്കിയാൽ
അതിനാൽ, നന്ന്.