എന്നെ മറക്കുവാനെന്നോ
ഈ മൗനം?
നീ ക്ഷമിക്കുക.
ആ മൗനത്തിൽ
ഞാൻ പിറവിയെടുക്കും-
ഒന്നല്ല, പലവട്ടം.
കയ്യിൽ എന്റെ നിധികുംഭത്തിൽ
നമ്മുടെ നിമിഷങ്ങൾ പതഞ്ഞു പൊങ്ങും.
താങ്ങാൻ കഴിയാത്ത
നമ്മുടെ പ്രണയത്തിന്റെ ഭാരം
നിന്നെ അസ്വസ്ഥനും സ്വസ്ഥനുമാക്കും.
പറയാൻ വാക്കുകൾ തപ്പി,
പൂർണ്ണപരാജിതനായി,
കണ്ണുകൾ നീ ഇറുക്കി അടയ്ക്കുമ്പോൾ,
നിന്റെ അടച്ച കണ്ണുകളിൽ
ഒരു കൊടുംകാടിന്റെ ഇരുട്ടു പടരും.
ഇരുട്ടിൽ നമ്മുടെ മുഖങ്ങൾ മാത്രം
ചാന്ദ്രബിംബങ്ങളായി തെളിഞ്ഞു നിൽക്കും.
നിനക്ക് രക്ഷപ്പെടാനാവില്ല;
എനിക്ക് രക്ഷപ്പെടുത്താനും.
നിന്നിൽ ആഞ്ഞടിച്ച വിരഹം
നിന്റെ കൈകൾക്കിടയിലെ ശൂന്യതയിൽ
നിന്റെ പാതിയായി എന്നെ പ്രതിഷ്ഠിക്കും.
എന്നെ ചേർത്തണച്ച്
എന്റെ നെറ്റിയിൽ നീ ഉമ്മവച്ചത്
നിറസിന്ദൂരമായി ജ്വലിക്കും.
കണ്ണുകൾ തുറന്നാൽ,
ആ മൗനത്തിൽ,
നിന്റെ തീക്ഷ്ണമായ കണ്ണുകൾ കൊണ്ട്
നീ എഴുതിയ ഹൃദയക്കുറിപ്പുകളത്രയും
കണ്ണഞ്ചിപ്പിക്കുന്ന സൂര്യരശ്മികളിൽ നിന്ന്
ഞാൻ കണ്ടെടുക്കും.
അവ കത്തി നശിക്കില്ല.
കത്തി ജ്വലിച്ചു സ്വയം തീയാകുന്നത്
നമ്മുടെ പ്രണയമാകും.
ആ മൗനത്തിന്,
നിന്റെ പ്രണയം തിളച്ചു മറിഞ്ഞ
നെഞ്ചിന്റെ കൊടുംചൂടുണ്ടാകും.
എന്റെ മരവിച്ച മാറിനോടൊട്ടി
നീ പകർന്ന പ്രണയാഗ്നിയുടേത്.
ആ മൗനത്തിൽ,
നമ്മുടെ പ്രണയത്തിന്റെ ആഴങ്ങൾ
നിന്നെ വേട്ടയാടും.
ദിഗന്തങ്ങൾ മുഴങ്ങുമാറ്, ഒടുവിൽ,
നിന്റെ മൗനം പോലും
നിലവിളിച്ചു പോയേക്കും.
ആ മൗനത്തിൽ,
വേർതിരിക്കാൻ ആകാത്ത
ഹൃദയമിടിപ്പുകളുടെ ഗർജ്ജനം
നിനക്കു കേൾക്കാം-
നിന്റെ,
എന്റെ,
ലയിച്ച് ഒന്നായ നമ്മുടെ.
അതിനാൽ,
മൗനം വെടിയുക!
അത്രമേൽ തീവ്രമാണ്
നമ്മുടെ പ്രണയം.
മൗനവും ഇരുട്ടും
നിദ്രയും സ്വപ്നവും
മറയൊരുക്കില്ല
നിനക്ക്.
നീ ക്ഷമിക്കുക.
അതിക്രൂരമായി
നിന്നെ ഞാൻ പ്രണയിക്കും.
നിന്റെ മൗനത്തെ വലിച്ചിഴച്ച്
എന്റെ ശബ്ദത്താൽ ഞാനുടയ്ക്കും.
നിന്റെ സ്വപ്നങ്ങളിൽ
നീ സ്നേഹിച്ച എന്റെ കണ്ണുകൾ
തീപ്പന്തങ്ങളാകും.
നിന്റെ ചെവിയിൽ
എന്റെ പതിഞ്ഞ ശബ്ദത്തിന്റെ
അലയൊലികൾ
സദാ മുഴങ്ങും.
അതിനാൽ
മൗനം വെടിയുക.
എന്തിന്
നീ സ്വസ്ഥത തേടുന്നു!
ഈ പ്രണയത്തിൽ,
സൂര്യ ജ്വാലകളെ
സ്വഗർഭത്തിൽ ഉൾക്കൊണ്ട
പരുഷമായ സമുദ്രങ്ങളായി മത്സരിച്ച്
യുഗങ്ങളോളം നമുക്ക് അസ്വസ്ഥരാകാം.