Jyothy Sreedhar

എന്തെന്നാൽ നിന്നെ ഞാൻ സ്നേഹിക്കുന്നു.

എന്തെന്നാൽ നീ
അണഞ്ഞു തീരാൻ പോകുന്ന കനലിൽ നിന്ന്
എന്റെ അഗ്നിസ്ഫുരണത്തെ കണ്ടെടുത്തവനാണ്.
അണഞ്ഞുപോകില്ല നീയെന്ന് പറഞ്ഞു
നിന്റെ നെഞ്ചിലെ ചൂടിനാൽ
എനിയ്ക്ക് അഗ്നിയേകിയവനാണ്.
എന്നെ എനിയ്ക്ക് തിരികെ തന്നവനാണ്.

എന്തെന്നാൽ നീ
എനിയ്ക്ക് ചിന്തകൾക്കുള്ള, കാവ്യങ്ങൾക്കുള്ള ഊഷ്മാവിനെ
കാത്തു നിലകൊള്ളുന്നവനാണ്.
ഞാൻ എഴുതുന്ന കടലാസിൽ നോക്കി
എന്നോടൊപ്പം ജീവിയ്ക്കുന്നവനാണ്.
അതിൽ നിന്നെ തന്നെ കണ്ട്
എന്റെ പിന്നിൽ നിന്നുകൊണ്ട്
പുഞ്ചിരി തൂകുന്നവനാണ്.
മഷി തീരുന്നതിൻ മുൻപ്
മറ്റൊരു തൂലിക ഏകുന്നവനാണ്.
ക്ഷീണിതയാകുമ്പോൾ എനിയ്ക്ക് ചായുവാൻ
ഒരു തായ്‌വൃക്ഷമാകുന്നവനാണ്.

എന്തെന്നാൽ നീ
എന്റെ അതിഗൂഢമൗനങ്ങളിൽ നിന്നും
പ്രണയത്തെ കണ്ടെടുത്തവനാണ്.
എന്റെ കണ്ണുനീർത്തുള്ളികളെ തൊട്ട്
എന്നെന്നേക്കുമായി ശൂന്യതയിലേക്ക്
ശരം പോലെ തൊടുത്തു തെറിപ്പിച്ചവനാണ്.
"ഇനി നീ കരയില്ലെന്നു" നീ പറയുമ്പോൾ
ദുഃഖത്തിന്റെ സമുദ്രത്തിൽ
ഞാൻ മുങ്ങിമരിയ്ക്കുവാൻ ഒരുങ്ങുകയായിരുന്നു.
എന്റെ ജീവിതത്തിൽ എന്നെ കാണാതെ വന്നപ്പോൾ
നീ നിന്റെ ജീവിതത്തിൽ എന്നെ പ്രതിഷ്ഠിച്ചവനാണ്.

എന്തെന്നാൽ നീ,
വേണ്ടയെന്നതിനെക്കാൾ
വേണമെന്ന വാക്ക്
എന്നെ പറയിച്ചവനാണ്.
ഉപേക്ഷകളെക്കാൾ പോരാട്ടങ്ങളെ
എന്നിൽ ഉണർത്തിയവനാണ്.
സമയമില്ലായ്മയെ നേരിടുവാൻ
സ്നേഹവും ചുംബനവുമേകി
ഓരോ ദിനവും രാത്രിയും നീട്ടി നൽകിയവനാണ്.
ഓടിമടുക്കുമ്പോൾ, തളരുമ്പോൾ
ഇച്ഛാശക്തിയെന്ന പടക്കുതിരയെ നൽകി
സർവ്വവും സജ്ജമാക്കുന്നവനാണ്.
ഞാൻ കുതിച്ചു പായുന്നത് കൺനിറയെ കണ്ട്
ആർപ്പുകളുമായി കയ്യടിക്കുന്നവനാണ്.
തിരികെയെത്തുമ്പോൾ,
എന്നെ കയ്യിലെടുത്തുയർത്തി
ആകാശത്തോളം നീ ഉയരണമെന്ന്
ആശംസിക്കുന്നവനാണ്.

നിന്നെ ഞാൻ സ്നേഹിക്കുന്നു.
കാരണങ്ങളിൽ ചിലത് തിരിച്ചറിഞ്ഞിട്ടുണ്ട്.
ചിലത് അറിയാത്തതുമാണ്.
പിന്നെയും ചിലതുണ്ട്.
അതിരിക്കട്ടെ, ആത്മാവിൽ ഒരു കോണിൽ.
അടുത്ത ജന്മത്തിൽ കഥകളില്ലെങ്കിൽ
ഈ അർദ്ധവിരാമത്തിൽ നിന്ന്
നമുക്ക് തുടങ്ങാം.

നാം നിറുത്തുന്ന വാചകം
മരിയ്ക്കുമ്പോൾ ഓർത്തു വയ്ക്കുക,
മരണാനന്തരം ഉണരുമ്പോൾ ഓർക്കുക,
അതിനായി ദേഹിയിൽ കുറയ്ക്കുക-
"നിന്നെ ഞാൻ സ്നേഹിക്കുന്നു.
എന്തെന്നാൽ"...