എന്റെ നീത്വങ്ങളെയാകെ
ഉടൽ മുതൽ ഊർജ്ജം വരെ
നിന്റെതാക്കി വിളംബരം ചെയ്ത്
നീ വന്ന ദിനം സാധാരണമായിരുന്നു:
മഴ പെയ്തില്ല;
സൂര്യതാപം കൊണ്ട് വാടിയ
ഭൂമിയുടെ തൊണ്ടവരൾച്ചയിൽ
ചേലാർന്നയൊരു വൃഷ്ടിയുടെ
കിനാവുണ്ടായിരുന്നുവെന്നു മാത്രം.
എന്റെ ശ്വാസം നിലച്ചിരുന്നില്ല,
വ്യതിയാനങ്ങൾ സംഭവിച്ചില്ല.
വായുവിൽ സുഗന്ധം പരന്നില്ല.
ചെമ്പകം പൂത്തില്ല.
എന്നിട്ടും,
നിന്റെ കൺഗോളങ്ങളിൽ
എന്റെ ഏറ്റവും സ്നിഗ്ധമാർന്ന
ഒരു പുഞ്ചിരിയുടെ ഛായാപടം
ഞാൻ കണ്ടിടത്ത്,
അറിയാതെ തൂളിയ
എന്റെ നാണപ്പെയ്ത്തിൽ
ചന്തമുള്ള വാക്കുകൾ കൊണ്ടുഴിഞ്ഞ്
എന്റെ പ്രണയത്തെ ഉൽഖനനം ചെയ്ത്,
എനിക്കായി വെളിപ്പെടുത്തി,
നീ അഹങ്കരിച്ചു.
എത്രമേൽ ആഴത്തിൽ പുണർന്ന്,
അതിഭ്രാന്തമായ വന്യതയിൽ
അന്യോന്യം കൊത്തിപ്പറച്ചിരുന്നു
നമ്മുടെ വാക്കുകൾ,
അതിൻ വിടവുകൾ!
എത്രമേൽ നമ്മുടെ നാട്യങ്ങളെ
ക്രൂരമായി വർജ്ജിച്ച്, അന്യമാക്കി,
നമുക്കിടയിലെ കാട്ടുവഴിയിൽ
ഇഴുകിയിണ ചേർന്ന ദേഹികളായി
നമ്മുടെ, നാം മാത്രം കേട്ട ശബ്ദങ്ങൾ!
എത്രമേൽ പകലായി രാത്രികൾ!
ആകാശക്കരിമ്പടത്തിലെ തുളകളിൽ
രണ്ടുറുമ്പുകളായി കയറിപ്പറ്റി,
നിലാവിന്റെ പഞ്ചാരപ്പാലിൽ മുങ്ങി,
ചാകുമെങ്കിലും പുണർന്നുതന്നെ ഒഴുകാനുറപ്പിച്ച നമ്മൾ-
രണ്ട് ഭ്രാന്തൻ ഉറുമ്പുകൾ!
എത്രയേറെ ചൊല്ലിയാലും മതിവരാതെ
നിന്റെതാണെന്ന്,
പിന്നെയും നിന്റെതാണെന്ന്,
പിന്നെ നിന്റെ മാത്രമാണെന്ന്,
നിന്നോട് ഞാൻ പറയുമ്പോൾ
ഉറങ്ങുന്നവരുടെ, പാതിയഴകുള്ള
വെറും സ്വപ്നങ്ങളെ നോക്കി
പിന്നെ നീ ഊറിച്ചിരിക്കാറില്ലേ?
ഇത്രമേൽ ദേഹാകലങ്ങളിൽ
എത്രമേൽ പ്രണയിക്കുന്നു നാം!
ശബ്ദങ്ങൾ നിലയ്ക്കുമ്പോൾ
തീവ്രമൗനത്തിന്റെ ആദിമഭാഷയിൽ
നമ്മുടെ പ്രണയം തിളച്ച്,
സ്വന്തം ജ്വലനം താങ്ങുക വയ്യാതെ
നമ്മെ വിളിച്ചുണർത്താറുണ്ട്,
അഗാധമായ നിദ്രകളിൽ പോലും.
നമ്മുടെ ദേഹങ്ങളേ അകന്നിരിപ്പുള്ളൂ.
നിന്റെതാണ് ഞാനെന്ന്
ആയിരമാവർത്തി പറയണമെന്ന്
ഞാൻ മോഹിക്കുന്നു.
നാം ചേർന്നിരുന്ന രാത്രിയിലേയ്ക്ക്
എണ്ണമറ്റ ശരങ്ങൾ പോലെ,
അത്രയുമുറക്കെ, പ്രണയം പറഞ്ഞ്,
എന്റെ നിശ്വാസങ്ങൾ ഞാനയയ്ക്കുന്നു.
അനാഥമാക്കരുത്.
നിന്റെ ശ്വാസങ്ങളാണ്-
മറുപടികൾ കാക്കുന്നവൾ അയച്ചത്.
അറിയാത്ത ഒരു മഞ്ഞുമലയിൽ
തണുത്തുറഞ്ഞ് ദേഹം മരവിയ്ക്കുമ്പോഴും
വിരഹത്തിന്റെ കൊടുംതീ കാഞ്ഞ ഒരുവൾ
നിനക്കയച്ച ചുട്ടെരിഞ്ഞ നിശ്വാസങ്ങൾ!
അകന്നിരിപ്പിലും
നമ്മുടെ പ്രണയത്തിന് ജീവനുണ്ടെങ്കിൽ,
അതിൻ തീവ്രതയെ കടമെടുക്കുക.
എനിയ്ക്ക് ശ്വാസങ്ങളെ
തിരികെ നൽകുക.