കലിതുള്ളി ഞാൻ പിന്നെയുമെഴുതി
പ്രണയവരികൾ കുറെയെണ്ണം!
ഇന്നലെ നിന്നിലെത്തിയിട്ടും
നീ വായിക്കാതെ ചത്തൊടുങ്ങിയ
ഒരു പ്രണയകാവ്യത്തിന്റെ ദേഹി
പലവുരു ജനിച്ചും ശാന്തി കിട്ടാതെ
അവയിൽ ദഹിച്ചാളുകയുണ്ടായി.
എന്റെ, ഞാൻ പണിത കവിത്വക്കോട്ടയെ
പുച്ഛിച്ച്, ഞാൻ തന്നെ തകർത്തെറിഞ്ഞു.
വിരഹത്തിന്റെ മർദ്ദമേറുമ്പോൾ
മറ്റെന്തു ചെയ്യണം ഞാൻ!
ഉള്ളിലെ ഘോരാഗ്നിയെ കെടുത്താൻ
വെറും ബാഷ്പങ്ങൾ ദുർബ്ബലമാണ്.
നീയെന്ന കടൽ തന്നെ വേണ്ടിവരും.
കരുത്തുള്ളവൾക്ക് കണ്ണീർവിലക്കുമുണ്ട്.
നീയെന്ന ചിന്തകളിൽ മുങ്ങാംകുഴിയിടാൻ
എന്റെ തേരോട്ടങ്ങൾക്കിടയിൽ
ലവലേശമേ നിവൃത്തിയുള്ളൂ!
എങ്കിലും, ഇടയിൽ ഞാനറിയാതെയും
ശ്വാസവേഗങ്ങൾക്ക് താളം തെറ്റി,
ദേഹചിത്തങ്ങൾ ഒന്നിടറി,
ഞാൻ കുടഞ്ഞു വീഴുന്ന നിമികളുണ്ട്.
നിന്റെ നാമം മാത്രം ഓർക്കുന്നവ.
ഇന്നലെ ഞാനെഴുതിയ കവിതയിൽ
ഞാൻ തിക്കിവച്ച എന്റെ നിമികളെ,
കരുത്തിന്റെ തോലുരിച്ച് കാട്ടിയ
എന്റെ ആത്മത്തിന്റെ ആധിയെ,
ശബ്ദം കൊടുക്കാത്ത വിലാപങ്ങളെ,
ഒരു മൂളൽ കൊണ്ടുപോലും
നീ ഒന്നു തഴുകിയില്ലെന്ന്
എനിക്കോർക്കുക വയ്യ!
നീയറിയുന്നുണ്ടോ,
എന്റെ ഇടനെഞ്ചിലൊരു പിടച്ചിലായി
നിലാവിനൊപ്പം നീ ഉണരുന്നുവെന്ന്?
എന്നെ ചേർത്ത നിന്റെ കൈകളെ
കണ്ണുകളടച്ച്, ഓർമ്മകൾ നിറച്ച്,
എന്റെ അരികിൽ വിരലുകളോടിച്ച്
മരവിക്കുന്ന തണുപ്പിൽ
ഞാൻ തിരയുന്നുവെന്ന്?
ശരവേഗത്തിൽ ഇന്നുകൾ ഓരോന്നും
ഇന്നലെകളായി പരിണമിച്ചുവെന്ന് കണ്ട്
രാത്രിയുടെ നിശബ്ദതയെഭേദിച്ച്
വാപൊത്തി ഞാൻ അലറിവിളിച്ചത്?
എഴുതിയൊഴിയുന്ന ചില നേരങ്ങളിൽ
നീ വായനക്കാരനായില്ലെന്നറിഞ്ഞ്
ഓരോ വാക്കും ഓരോ ദേഹമായി
പക കവിഞ്ഞ്, ഖഡ്ഗങ്ങൾ നീട്ടി
ഉള്ളിലെയ്ക്കാഴ്ന്ന മുറിവുകൾ
എന്നിൽ പതിയ്ക്കുന്നത്
നീ അറിഞ്ഞിരിക്കില്ല,
ഞാൻ പറഞ്ഞിരിക്കില്ല.
നിന്നോടും പകയാണെനിക്ക്.
ചക്രവാളച്ചുവപ്പിൽ പോലും
നിന്റെ വരവിന്റെ വിളംബരം
നീ അടർത്തി മാറ്റുന്നതിന്.
എന്റെ നിലവിളികൾ കേൾക്കാതെ
എന്നും കാതടയ്ക്കുന്നതിന്.
എന്റെ കാത്തിരിപ്പുകൾക്ക് മുന്നിൽ
പ്രത്യാശകളെ വിലക്കുന്നതിന്.
നിന്റെ ശബ്ദം പോലും
കഴിഞ്ഞകാലം മായ്ക്കാൻ മറന്ന
ഒരു വെറും പ്രതിധ്വനിയായി
ക്രൂരമായി അവശേഷിക്കുന്നതിന്.
എന്നെ നീയെന്ന സത്തയുടെ
അരികുകൾ മാത്രമായി,
കേവലാകൃതിയാക്കി മാറ്റിയതിന്.
നിന്റെ നിശ്വാസങ്ങളിൽ നിന്ന് മാത്രം
ശ്വാസങ്ങൾ കണ്ടെത്താൻ ശീലിപ്പിച്ചതിന്.
വിരഹം അതിഭ്രാന്തുകൾ ആയപ്പോൾ
കലിതുള്ളി ഞാൻ പിന്നെയുമെഴുതി
പ്രണയവരികൾ കുറെയെണ്ണം!
പാതിരാവിനോട് നീ കൂടെയില്ലെന്ന്
ഭ്രാന്തൻ ചിരിയോടെ പ്രഖ്യാപിച്ചു.
സ്വപ്നങ്ങളെ രോഷത്തോടെ വിലക്കി.
നിലാവിനെ നിന്ദിച്ചു.
നിദ്രയിലേക്ക് കുതറിയോടാൻ മല്ലിട്ടു.
ചുറ്റുമുള്ള വായുവിനെ വകഞ്ഞു മാറ്റി.
ചിന്തകൾക്ക് ഉടൽ കൊടുക്കാതിരുന്നു.
നിന്നെ ഹനിച്ചുവെന്ന് അഹങ്കരിച്ചു.
പറഞ്ഞില്ലേ,
ഞാൻ കുടഞ്ഞു വീഴുന്ന നിമികളുണ്ടെന്ന്-
നിന്റെ നാമം മാത്രം ഓർക്കുന്നവ?
അതിലൊന്ന് മതിയായിരുന്നു!
എന്റെ ഓർമ്മയിലെ
നിന്റെ കൺജ്വാല കൊണ്ട്
എന്നെ ഒരരണ്ട നിഴലാക്കുവാൻ.
ദേഹിയും ദേഹവുമില്ലാതെ
ഒരു നാളത്തിലാടുന്ന നിഴലിന്
ആ വെളിച്ചമല്ലാതെ
മറ്റെന്തുണ്ട്!