Jyothy Sreedhar

പ്രാണം

പ്രാണനാലുള്ള രണമാകണം പ്രണയം.

വിശ്രമമരുത്.

തളർച്ചയരുത്.

സദാ ദഹിക്കുവാൻ തയ്യാറാകണം.

തിരിച്ചുവരവില്ലെന്നറിഞ്ഞുകൊണ്ട്
പൊള്ളലേറ്റ് പുഞ്ചിരിക്കണം.

തന്നെ വിഴുങ്ങുന്ന അഗ്നിനാളങ്ങളുടെ
ക്രമമില്ലാത്ത വക്കുകളിൽ അപ്പോൾ
പ്രണയിതാവിന്റെ മുഖം തെളിയും.

പൊള്ളലേറ്റ് വീണ്ടും പുഞ്ചിരിക്കണം.

മരവിയ്ക്കുന്ന മഞ്ഞുകാലത്തും
ഓർമ്മകളുടെ ചുംബനച്ചൂടിനാൽ
ദഹിച്ചുരുക്കുന്ന അഗ്നിയാകണം പ്രണയം.

ചാരമാകരുത്. അത് മോക്ഷമാണ്.

അഗ്നിയുടെ ആത്മാവ്
ഗതികിട്ടാതെ അലഞ്ഞേ തീരൂ.
അതാണ് വിധി.

പിരിഞ്ഞാലും പ്രണയം തിളയ്ക്കണം.

പറഞ്ഞില്ലേ? ചാരമാകരുത്. മോക്ഷമരുത്.

പ്രണയം അഗ്നിയുടെ തന്നെ തിളയാകണം-
ഓർമ്മകളിൽ, വിരഹത്തിൽ, കാമത്തിൽ
അതിന്റെ സ്വത്വമാകണം.

എനിയ്ക്കു പ്രിയപ്പെട്ടവനേ,
നീയെന്റെ ജീവന്റെ സന്തോഷമാകുന്നത്
എന്നെ സദാ വിഴുങ്ങുന്ന അഗ്നിനാളത്തിൽ
നിന്റെ മുഖം കണ്ടുള്ള
എന്റെ വിടർന്ന പുഞ്ചിരികളാലാണ്.

ഈ ജന്മമൊട്ട്
നീ എന്റെ സന്തോഷമാകുക.
എനിയ്ക്കു വിശ്രമം നിഷേധിക്കുക.
ചാരമാകാതെ എന്നെ കാക്കുക.