Jyothy Sreedhar

പെണ്ണ്

പകൽ, രാത്രിയെന്നില്ലാതെ,
സ്വപ്നങ്ങളെന്നില്ലാതെ,
നിന്നെക്കുറിച്ചുള്ള ചിന്തകളാൽ
വേട്ടയാടപ്പെടാൻ, അടിമപ്പെടാൻ
സ്വയം അനുവദിയ്ക്കുന്ന പെണ്ണ്‌.

നീ മിണ്ടിയില്ലെങ്കിൽ,
സ്വയം പിറുപിറുത്ത്‌,
നിന്റെ ചിത്രം നോക്കി
വായുവിൽ നിന്റെ രൂപം വരച്ച്‌
അതിനോട്‌ പരിഭവം പറഞ്ഞ്‌,
അതിലേയ്ക്ക്‌ ചായുന്ന പെണ്ണ്‌.

നിന്നെ കണ്ടില്ലെങ്കിൽ,
കുടുകുടാ ചാടാനിരുന്ന
കണ്ണീർക്കുടങ്ങളെ തടഞ്ഞ്‌, വിഴുങ്ങി,
പുഞ്ചിരിയ്ക്കാൻ ശ്രമിച്ച്‌
തോറ്റ്‌ തുന്നം പാടുന്ന പെണ്ണ്‌.
ആരോടെന്നില്ലാതെ,
വിരഹം പറയുന്ന പെണ്ണ്‌.

കടലല പോലെ മിണ്ടിത്തീർന്ന്
വിട പറഞ്ഞു പോയി,
പിന്നെ ഒരു നിമി കൊണ്ട്‌
കള്ളക്കാരണങ്ങൾ ചമച്ച്‌,
പിന്നെയും മിണ്ടാൻ വരുന്ന പെണ്ണ്‌.
പുഴയോളം പോലെ,
നിന്നെ ഉൾക്കൊണ്ട കൃഷ്ണമണികളിൽ
പ്രണയം പടർത്തുന്ന പെണ്ണ്‌.

നിദ്രകളെ തടഞ്ഞ്‌,
നിനക്കായ്‌ കാക്കുന്ന പെണ്ണ്‌.
വെളുപ്പിനുണർന്ന്,
നീയുണരാൻ കാക്കുന്ന പെണ്ണ്‌.
ഇടയിലെ സ്വപ്നങ്ങളിൽ
നിന്നെ തിരുകുന്ന പെണ്ണ്‌.
ചിന്തകൾക്ക്‌ ചിന്തിക്കാനില്ലാതെ
നിന്നെ കൊടുക്കുന്ന പെണ്ണ്‌.
നിന്റെ ഭാവങ്ങൾ കാണുന്ന പെണ്ണ്‌;
ഭാവമാറ്റങ്ങൾ അറിയുന്ന പെണ്ണ്‌.
നിന്റെ കണ്ണിലെ ക്ഷീണമറിഞ്ഞ്‌
നോട്ടത്തിനാൽ താരാട്ട്‌ പാടുന്ന പെണ്ണ്‌.
നക്ഷത്രങ്ങളിൽ ഇഷ്ടം, ഇഷ്ടമെന്നെഴുതി
എത്രവട്ടമെന്ന് സ്വയം ചോദിയ്ക്കുമ്പോൾ
കണക്കില്ലാതെ കുണുങ്ങുന്ന പെണ്ണ്‌.
ഉണരുമ്പോൾ തെളിയാൻ
കൺപീലികൾക്കിടയിൽ
നിന്റെ നാമം ജലരേഖയാക്കി
കൺനനവിൽ കാക്കുന്ന പെണ്ണ്‌.

നിന്നോടിഷ്ടം പറയാത്ത പെണ്ണ്‌.
വിരഹം പറയാത്ത പെണ്ണ്‌.
പിണങ്ങിയിണങ്ങിക്കുണുങ്ങി
നിന്റെയോരത്തുറങ്ങുന്ന പെണ്ണ്‌.
ഉറക്കത്തിലേയ്ക്ക്‌ വഴുതുമ്പോൾ
ഒരു വിരൽ കൊണ്ട്‌
നിന്റെ വിരൽ കോർക്കുന്ന പെണ്ണ്‌.
നിന്നോടൊട്ടിയുള്ള യാത്രകളിൽ
ഈ ജന്മം നിക്ഷേപിയ്ക്കുന്ന പെണ്ണ്‌.
ശൂന്യദൂരങ്ങളെ താണ്ടി
നിന്നോടു നിന്നെ ചോദിയ്ക്കാത്ത പെണ്ണ്‌.
നിന്നോടുള്ള,
പ്രണയമാകുന്ന പെണ്ണ്‌.
എന്നിട്ടും,
നിന്നോടിഷ്ടം പറയാത്ത പെണ്ണ്‌.
വിരഹം പറയാത്ത പെണ്ണ്‌.

കണ്ണാടി നോക്കുമ്പോൾ
എന്നെ നോക്കി ചിരിതൂകി,
തെല്ലു ലജ്ജിയ്ക്കുന്ന പെണ്ണ്‌.
നിന്റെ, ഞാനെന്ന പെണ്ണ്‌.