Jyothy Sreedhar

രണ്ടിതൾപ്പൂ

അരിച്ചിറങ്ങിയ വെയിലിൻ്റെ
നടവഴിപ്പാതയിൽ
അങ്ങനെ നാം നിന്നു-
വിടരാൻ തുടങ്ങിയ
രണ്ടിതൾ പൂ പോലെ.

ചേർത്തു പുണരുന്ന നേരത്ത്
എൻ്റെ മുഖം കാണുവാൻ,
കവിളിലിറ്റ നാണത്തേനിൽ
വിരലോടിച്ചു നിൻ്റെ പേരെഴുതുവാൻ,
അലസമായി വീണ മുടിനാരിനെ
കൺപീലിയിൽ നിന്നെടുത്തു മാറ്റുവാൻ,
കുസൃതിയോടെ മെല്ലെ തുറക്കുമ്പോൾ
എൻ്റെ കൺകിണറിലെ പ്രണയത്തെ
കൊതിയോടെ തുടിച്ചുകുടിക്കുവാൻ
ഒരു ചെറുദൂരം നീ തീർത്തിരുന്നു,
നമ്മുടെ മുഖങ്ങൾ തമ്മിൽ... മാത്രം!

ഭൂമിയ്ക്കടിയിലെ ഭരണിയിൽ
വീര്യം കൂടിയ വീഞ്ഞു പോലെ
ദാഹം അത്രമേൽ വർദ്ധിച്ചിരുന്നു,
പ്രണയം അത്രമേൽ പഴകിയിരുന്നു.
ആ ചെറുദൂരത്തിൽ,
പരസ്പരം കണ്ണുകൾ കൊരുത്തപ്പോൾ
നിശ്ശബ്ദരായ നമ്മുടെ,
ഇന്നലെ വിതറിയ ശബ്ദങ്ങൾ
നിൻ്റേതെന്ന് തമ്മിൽ പ്രതിധ്വനിച്ചു-
നിയന്ത്രണമില്ലാതെ, പലവട്ടം.

ശേഷം,
നമ്മുടെ സ്വപ്നങ്ങളിൽ നിന്ന്
ഒരു രാത്രിയെ കടമെടുത്ത്
നമുക്ക് ചുറ്റും നീ നിറച്ചത്
നിലാവായി നീ മാറി
നിന്നിൽ നിന്നുതിരുന്ന
ഉമ്മകളുടെ മിന്നാമിനുങ്ങുകളെ
എന്നിൽ പതിയ്ക്കാനായിരുന്നുവെന്ന്
ഞാൻ വിശ്വസിക്കുന്നു.

നിൻ്റെ നെഞ്ചിൽ പകരമായി
ഞാൻ ഒരുമ്മയേ നാട്ടിയുള്ളൂ.
അത് വേരു പിടിക്കും,
ഹൃദയം തുളച്ച്, അത്രയും ആഴത്തിൽ.
അത് പടരും. പുഷ്പിക്കും.
നിൻ്റെ നെഞ്ചിലെ വിയർപ്പിനെ കുടിച്ച്
നമ്മുടെ പ്രണയത്തിൻ്റെ തേൻ നിറച്ച്
നവാനുഭൂതികൾ നിനക്ക് സമ്മാനിക്കും.
അതിനു വേണ്ടി മാത്രം!

എങ്കിലും ഒന്നുണ്ട്,
ഒരു ചെറുനോവായി.
നീ പോയതിൽ പിന്നെ,
ചൂടൊഴിഞ്ഞ്,
ഉറഞ്ഞോരു ശിൽപമായ്
ശ്വാസവുമില്ലാതെ നിൽക്കുന്നു
ഒരു നിലാവ്-
നാം രണ്ടും ഇല്ലാത്ത
ആ ഇടത്ത്-
അരിച്ചിറങ്ങിയ വെയിലിൻ്റെ
നടവഴിപ്പാതയിൽ
വിടരാൻ തുടങ്ങിയ
രണ്ടിതൾ പൂ പോലെ
അങ്ങനെ നാം നിന്നിടത്ത്.