Jyothy Sreedhar

പ്രണയരീതികൾ

നിന്നെ പ്രണയിക്കുന്നുവെന്ന്
ഞാൻ പറയുന്ന ചില രീതികളുണ്ട്‌.
അതിനാൽ,
നിന്നെ ഞാൻ പ്രണയിക്കുന്നുവെന്ന
ഒരൊറ്റ വരിയെ
നീ കാത്തിരിക്കുന്നുവെങ്കിൽ
നിരാശയാകും.

പകരം തിരയുക,
ദിനങ്ങളോളം മിണ്ടിയിരുന്നാലും
പറയാൻ മറന്നെന്ന് പറഞ്ഞ്‌
നിസ്സാരങ്ങളെ ചികഞ്ഞെടുത്ത്‌
ഞാൻ നടത്തുന്ന മടങ്ങിവരവുകളെ;
പിന്നെ പോകാൻ വിസമ്മതിയ്ക്കുന്ന
എന്റെ മനസ്സിന്റെ പിറുപിറുക്കലിനെ;
തിരക്കൊഴിഞ്ഞെന്ന് പറഞ്ഞ്‌
ഞാൻ സദാ മിണ്ടാനെത്തുന്നതിനെ;
പിന്നെ,
നിന്നിലേയ്ക്ക്‌ തന്നെ ചുരുങ്ങുന്നതിനെ.

പിന്നെ നീ തിരയുക,
അകന്നിരിയ്ക്കുമ്പോഴുള്ള എന്റെ വിഭ്രാന്തികളെ;
അടുത്തിരിയ്ക്കുമ്പോഴുള്ള
എന്റെ കാഴ്ചക്കൂടുതലിനെ;
നീയല്ലാത്ത ചുറ്റുമുള്ള ലോകത്തിന്‌
ഞാൻ സമർപ്പിക്കുന്ന അന്ധതയെ;
നിന്റെ ശബ്ദത്തെ, വാക്കുകളെ
ധൃതിയോടെ ആവാഹിച്ച്‌
നിനക്ക്‌ പകരം ഞാൻ തരുന്ന
എന്റെ കുഞ്ഞിച്ചിരികളെ;
നമ്മുടെ കൈകൾ തമ്മിലുള്ള
ഒരിത്തിരിദൂരത്തെ
തുടച്ചുനീക്കാൻ ശ്രമിയ്ക്കുന്ന
എന്റെ കണ്ണുകളെ.

നീ തിരയുക;
എന്റെ കവിതകളിലെ,
എന്റെ മാത്രമെന്ന് പറഞ്ഞ്‌
ഞാൻ ചേർത്തിറുക്കുന്ന
എന്റെ 'നീ'യെ;
ആ നീയിൽ പതിയിരിക്കുന്ന
നിന്റെ സ്വഭാവത്തെ, ചേഷ്ടകളെ,
നമ്മുടെ സംഭാഷണങ്ങളെ,
നമുക്കു മാത്രമറിയാവുന്ന
നമ്മുടെ മാത്രം കഥകളെ.

നീ തിരയുക,
നീയുമായി ഞാൻ പങ്കുവയ്ക്കുന്ന
എന്റെ സ്വപ്നങ്ങളിൽ
ഞാൻ കുത്തിനിറച്ച നിന്റെ മുഖത്തെ,
വാക്കുകളെ;
രാത്രിയേറെയായെന്ന് പറയുമ്പോൾ
സങ്കൽപങ്ങളിലിരുന്ന്
നിന്റെ തോളിൽ തലചായച്‌ ചിണുങ്ങുന്നതിനെ;
നീയറിയാതെ നിന്റെ ചിത്രത്തിൽ
പതിയുന്ന എന്റെ ചുണ്ടുകളുടെ
ഇളം പാടുകളെ;
കുഞ്ഞുശബ്ദത്തിലൊതുങ്ങുന്ന ഉമ്മകളെ.

നീ തിരയുക,
ഞാൻ എന്നെക്കാളധികം
നീയായ്‌ മാറുന്നതിനെ;
ചിന്തകളിൽ എന്നെയൊഴിപ്പിച്ച്‌
നിന്നെ പൂർണ്ണമായും പ്രതിഷ്ഠിക്കുന്നതിനെ;
നിന്നെ എന്റെ ഗൃഹമെന്ന് വിളിയ്ക്കുന്നതിനെ;
നേരിൽ നിന്നെ ചൂണ്ടാതെ
എന്റെ പ്രണയസങ്കൽപങ്ങളെ
നിന്നോട്‌ തന്നെ പങ്കുവയ്ക്കുന്നതിനെ;
നിന്നെ കേട്ടുറങ്ങുന്നതിനെ;
നിന്നെ കേട്ടുണരുവാൻ ശഠിക്കുന്നതിനെ.

നിന്നെ പ്രണയിക്കുന്നുവെന്ന കൊച്ചുവരിയിൽ
നമ്മുടെ പ്രണയമൊതുക്കാതെ,
അതിരുകൾ കൽപിക്കാതെ,
വേലികൾ കെട്ടാതെ,
നമ്മുടെ പ്രണയത്തെ തുറന്നുവിടുക.
അതിന്റെ ശകലങ്ങൾ ഒളിച്ചിരിക്കട്ടെ,
പിന്നെ നാം കാണുന്നതിലൊക്കെ;
കാണാത്തതിലൊക്കെ.

നിന്നെ പ്രണയിക്കുന്നുവെന്ന് പറഞ്ഞ്‌
എന്റെ പ്രണയത്തിന്‌
അനന്തത, അദൃശ്യത നിഷേധിക്കുവാൻ ഞാനാളല്ല.
നിനക്ക്‌ ചെയ്യാവുന്നത്‌
എന്റെ കവിതകളിലെ നീയ്ക്ക്‌‌
നിയെന്ന ആത്മാവിനെ നൽകുകയെന്നതാണ്‌;
എന്നെ പ്രണയിക്കാൻ അനുവദിയ്ക്കുക എന്നതാണ്‌.

നേരിലുള്ള പ്രണയകുംബസാരങ്ങളെ
നമുക്ക്‌ വേണ്ടെന്ന് വയ്ക്കാം,
പിന്നെ പേരുകൾ ഇടാത്ത
ഒരിഴുകിച്ചേരലിന്‌
ഹൃദയങ്ങൾ സമർപ്പിക്കാം.