എഴുതുവാൻ വയ്യെന്നു കേണ്
എന്റെ തൂലിക വിറയ്ക്കുമ്പോൾ
നീയുണ്ടെന്ന് കാഴ്ചയോതുന്നു.
ഉള്ളിലെ പ്രണയത്തെ പിഴിഞ്ഞ്
പഴകിയ വീഞ്ഞിന്റെ വീര്യത്തെ വെല്ലുവിളിയ്ക്കുന്നു ഹൃദയം.
പ്രണയം, വിരഹം,
കടലാകാശവർണ്ണമഷിയായി
എഴുതുന്നു 'നീ'യെന്ന വാക്ക്.
പിന്നെ നിശ്ശബ്ദമാകുന്നു.
ഇഷ്ടമാണെന്നാവർത്തിയ്ക്കുന്നു,
കാറ്റിനോട്, ഒച്ചകളോട്,
പെയ്യാത്ത മഴമേഘങ്ങളോട്.
ഇത്ര നാളുമുള്ള കവിതകളിലെ
'നീ'യും 'ഞാ'നും അതിരുകളെ ഭേദിച്ച്
പടർന്ന് ലയിക്കുന്നു പരസ്പരം.
പേജുകളിൽ പ്രണയമങ്ങനെ പഴകി
മഷിയൊട്ടാകെ പടരുന്നു.
അനുവാദമില്ലാതെയും നിന്നെ പുണരുന്നു,
മുറുകെ... മുറുകെ...
പൊട്ടിക്കരയുമ്പോൾ
അരുതെന്ന് വേണ്ട.
നീ മുതൽ നീ വരെയുള്ള ഭൂമികയിൽ
ഞാൻ ഭ്രാന്തിയെ പോലെ
വികാരങ്ങളെ പ്രവഹിപ്പിക്കും.
കൂടെയുണ്ടെന്ന വാക്കു കൊണ്ട്
ദൂരെയും, അരികിലായിരുന്നാൽ മതി.
ക്ഷീണിതയാണ്.
എങ്കിലും, മനസ്സ് നുറുങ്ങുമ്പോൾ
ശൂന്യതയിലെ നിന്റെ തോളാണ്
എന്റെ കണ്ണീർച്ചാലുകളെത്തുന്ന
ആഴിയുടെ ഭൂമി.
നിന്റെ കയ്യിനെ ചുറ്റിവരിഞ്ഞു പുഷ്പിക്കുന്നു
ഒരു വള്ളി പോലെന്റെ കരങ്ങളും.
നിന്റെ ചുണ്ടിലെ നനവ് കൊണ്ട്
എന്റെ അധരങ്ങളുടെ വേനൽ ശമിയ്ക്കുന്നു.
എനിയ്‌ക്കെഴുതണം,
നിന്നോടുള്ള പ്രണയത്തിന്റെ അംശാണുക്കളെ
ഉള്ളിൽ നിന്ന് കണ്ടെടുത്ത്
ഓരോന്നും കാവ്യമാക്കണം.
എന്റെ കൈ പതിയ്ക്കുന്ന കിത്താബുകളിൽ
നീയെന്ന് വെറുതെ എഴുതി,
ഞാനെന്ന കയ്യൊപ്പ് ചാർത്തണം.
നടുവിലെ പേജിൽ ഒരു ചെമ്പനീർപ്പൂവ്-
അതിന്നിതളുകളിൽ 'നീ', 'ഞാൻ' എന്ന വാക്കുകൾ- ഒളിച്ചുവയ്ക്കണം.
നമുക്കൊന്നായ് ആ ചെമ്പനീർപുഷ്പമാകാം.
ഒരുമിച്ച് വാടാം, കരിയാം,
ഒരു കാറ്റത്ത് പേജുകൾ മറിയുമ്പോൾ
പറക്കുന്ന ഇതളുകളാകാം.
അരികിനാൽ ചുംബിച്ചു ചുംബിച്ച്
ഒടുവിൽ ഒന്നായൊടുങ്ങുമ്പോൾ
ഈ ജന്മത്തിനോടോതാം നന്ദിയെന്ന്.
ഒടുവിലാ പ്രണയപർവ്വത്തിലെ
അവസാനചുംബനത്തിൽ
നമ്മുടെ കോടിയുമ്മകളെ
ഓർമ്മകളിൽ നിന്ന് വിളിച്ചുണർത്താം.
ദഹിച്ചുപൊള്ളുന്ന തീവ്രതയാൽ
നമുക്ക് നമ്മെ പരസ്പരം ദഹിപ്പിക്കാം.
നാളെ നാം വീണ്ടും ജനിച്ചാൽ
നമ്മുടെ പ്രണയം നമ്മെ കണ്ടെടുക്കും.
നിന്റെ നാമം അന്നും പ്രധാനമല്ല,
എന്റെ നീ നീയായിരിക്കുവോളം.