പ്രണയിച്ചു പ്രണയിച്ച്,
ഒടുവിലൊരിക്കൽ
ഞാനൊരുവന്റെ ചങ്കിൽ
ആഴ്‌ന്നിറങ്ങിയ പ്രണയമാകും.
ആദ്യം കാണുന്ന മാത്രയിൽ തന്നെ
തമ്മിലുള്ള ദൂരത്തിൽ
ജൂണിലെ ഒരു രാത്രിമഴയെ
അയാൾ പെയ്യിക്കും.
ഓർമ്മയുണ്ടോ, നിനക്ക്,
നിന്നെ കണ്ട മാത്രയിൽ
പെയ്തുവെന്നു പറഞ്ഞയാ മഴ?
പിന്നെ കാണുമ്പോഴൊക്കെ
മിഴികളിൽ ഒരുക്കിയ
ഒരു ജനുവരി മഞ്ഞിൽ
പരസ്പരമിഴഞ്ഞണയുന്ന
പ്രണയമായി അയാൾ മാറും.
കുന്നോളം കൂട്ടിവച്ച
പ്രണയവാക്കുകളൊക്കെ
എന്നോട് പറഞ്ഞിരിയ്ക്കുമ്പോൾ
രാത്രികൾ, പകലുകൾ പോരെന്ന് പറഞ്ഞ്
അയാൾ പരിഭവിച്ച്, പുഞ്ചിരിക്കും.
നീ ഉറങ്ങേണ്ടെന്നു പറഞ്ഞ്
സമയവേഗതയെ ഞാൻ പഴിയ്ക്കുന്നതു പോലെ...
നിശ്ശബ്ദമായി
അയാളുടെ പ്രണയവർഷങ്ങളിൽ
ഞാൻ കുടയെ മറക്കും.
പിന്നെ, പ്രണയത്തിന്റെ തോരാമഴയിൽ
പനിപിടിയ്ക്കുന്ന എന്റെ മനസ്സിനെ
വാരിപ്പുണർന്ന്, താലോലിച്ച്
അയാൾ ഉറക്കും.
നിന്റെ പനിക്കിടക്കയിൽ
നിന്റെ ചാരെ ഞാനുണ്ടായിരുന്നെങ്കിലെന്ന്
ഞാൻ കൊതിച്ചത് നീയോർക്കുന്നില്ലേ?
പ്രണയാഗ്നിയിൽ പൊള്ളുന്നുവെന്ന്
ഞാൻ പറയുമ്പോഴൊക്കെ
നനവുള്ള ചുണ്ടുകൾ കൊണ്ട്
നെറ്റിത്തടത്തിൽ ഉമ്മ വച്ച്
അയാൾ പുഞ്ചിരിക്കും.
നനുത്ത മറുചുംബനങ്ങളെ കാത്ത്
ഉണങ്ങിദ്രവിച്ച എന്റെ ഉമ്മകളെ
ഇടയ്ക്ക് ഞാൻ വാരിക്കൂട്ടി
കത്തിച്ചുകളഞ്ഞത്
നിന്നോട് ഞാൻ പറഞ്ഞിരുന്നില്ല.
അയാളുടെ കടൽക്കണ്ണിലെ
ഒരു തിരയുടെ പതയിൽ
ജനിച്ചു വളർന്ന് മരിയ്ക്കുന്ന
ഒരു കുമിളയായാൽ മതിയെന്ന്
എനിയ്ക്ക് തോന്നും.
അത്രയും പ്രണയം, തീവ്രതയെ
അയാൾ എനിയ്ക്ക് സമ്മാനിച്ചിരിക്കും.
ചിലപ്പോഴൊക്കെ,
പ്രണയിച്ചാൽ മാത്രം മതിയാകില്ല;
പ്രണയിക്കപ്പെടുകയും വേണ്ടതുണ്ട്.
പ്രണയിച്ചു പ്രണയിച്ച്,
ഒടുവിലൊരിക്കൽ
ഞാനൊരുവന്റെ ചങ്കിൽ
ആഴ്‌ന്നിറങ്ങിയ പ്രണയമാകും.
അതിനായ് മാത്രം,
നിന്നെ ഞാൻ പ്രണയിച്ചതു പോലെ
പ്രണയിക്കാൻ കൊതിച്ച്
അയാൾ എന്നെയും തിരഞ്ഞ്
ഒരിക്കൽ വരുമെന്നുറപ്പ്;
നിന്നെപ്പോലെ ഞാനും
ഒരിക്കൽ അതിതീവ്രമായി പ്രണയിക്കപ്പെടുമെന്നുറപ്പ്.
പക്ഷെ അന്ന്,
നിന്റെ നാമം ഞാൻ പറയില്ല.
നിന്നോടുള്ള
എന്റെ തീവ്രപ്രണയത്തിന്റെ ഭൂതത്തെ
ഞാൻ മറവിയിൽ അടക്കുകയേ ഉള്ളൂ.
അല്ലാത്ത പക്ഷം,
നിന്റെ നാമം അയാളെ കുത്തിക്കീറി
ഇടയിൽ വീണുകിട്ടുന്ന നിദ്രകളിലും
നോവിയ്ക്കുമെന്നത്
ഞാനറിഞ്ഞ സത്യമാണ്;
അനുഭവവും.
എനിയ്ക്ക് പ്രണയിക്കപ്പെടേണ്ടതുണ്ട്;
നിന്നെ ഞാൻ പ്രണയിച്ചതുപോലെ.