വിരഹത്തിന്റെ ഖഡ്ഗമുനയേറ്റ്
ഇന്നലെ രാത്രിയെപ്പോഴോ
ചോര പൊടിഞ്ഞിരുന്നു.
എനിയ്ക്കു നൊന്തു.
വായുവിൽ ശബ്ദങ്ങൾ കേട്ടു.
അത് നിന്റെ ചുംബനങ്ങൾ പോലെ തോന്നി.
നിന്നെയോർത്തു.
കൊടുംരാത്രിയെ കീറി
ജലരൂപങ്ങൾ പോലെ
നമ്മളെന്ന ഭൂതം
എനിക്കരികിലെവിടെയോ
എന്നെ നോവിച്ചുകൊണ്ടിരുന്നു.
ഇന്നലെകളെയോർമ്മിപ്പിച്ചു.
ആദ്യമായി എന്റെ ഹൃത്തിൽ
നിന്റെ കണ്ണുകൾ
തുളച്ചിറങ്ങിയതുമുതലുള്ള
കഥകൾ പറഞ്ഞു.
കാറ്റിലൊഴുകിയുയർന്ന
എന്റെ വിരൽത്തുമ്പിനാൽ
നിന്റെ വിരലിൽ പതിഞ്ഞ
എന്റെ ആദ്യസ്പർശം
വീണ്ടും അനുഭവിച്ചു.
ഇടയിലെ ആകാശഭൂമികളെ
ധൃതിയിൽ വകഞ്ഞുമാറ്റി
നാം അടുത്തത്... ഒന്നായത്,
സ്വപ്നങ്ങളാലെപ്പോഴോ
നെറുകിൽ സിന്ദൂരമിട്ട്
നീയെന്ന പ്രണയചുവപ്പിനെ
ശിരോഭാഗമാക്കിയത്,
കാത്തുകാത്തിരുന്നൊരുനാൾ
നിന്റെ കൈപ്പിടിയിലൊതുങ്ങി
നെഞ്ചിന്റെ താഴ്‌വാരത്തിൽ
മുഖം നാണംകൊണ്ട് ഒളിപ്പിച്ചത്...
നമ്മളെന്ന ഭൂതം
എനിക്കരികിലെവിടെയോ
കാഴ്ചകൾ കാണിച്ച്,
നിന്റെ ശബ്ദങ്ങൾ കേൾപ്പിച്ച്
എന്നെ നോവിച്ചുകൊണ്ടിരുന്നു.
പിന്നെ,
പുതപ്പിനാൽ തലയും മൂടി കിടന്നു.
ആ പുതപ്പിനെ ഒരു കൂടാരമാക്കി
നാം കൈചേർത്ത് ഉറങ്ങിയതോർത്തു.
പിന്നെ,
തലയിണയിൽ മുഖമമർത്തി കിടന്നു.
അതിൽ, നാളുകളായി,
നിന്റെ പേരിൽ
ആഴങ്ങളോളം ഉമ്മവച്ചുമ്മവച്ച്
നടുവിൽ ഒരു ഗർത്തമുണ്ടായതു കണ്ടു.
അതിന്റെ വശങ്ങളിൽ
പഞ്ഞി ഞെരിഞ്ഞമർന്ന്
എന്റെ പ്രണയഭാരത്തെ, ഉറപ്പിനെ
ഉൾക്കൊണ്ട് ജീവിക്കുന്നതു കണ്ടു.
ഈ തലയിണ അഗ്നിയാണ്.
വിരഹത്തിന്റെ മരവിപ്പും
കണ്ണീരിന്റെ നനവുമാണ്.
എന്നെക്കൂടി വിഴുങ്ങുന്ന തമോഗർത്തമാണ്.
ഈ തലയിണയെക്കാൾ തീവ്രമായ
ഒരു പ്രണയലേഖനത്തെ
ചരിത്രങ്ങളിൽ, ചരിതങ്ങളിൽ
ഞാനും നീയും കണ്ടുമുട്ടിയിരിക്കില്ല.
നൊന്തു നൊന്ത്
പിന്നെ രാത്രിയെപ്പോഴോ
തലയിണപ്പഞ്ഞിയ്ക്ക് ഭാരമിരട്ടിയാക്കി
അതിൽ തലചായ്ച്ചുറങ്ങി.
അകലെയുള്ള നിന്നിലേക്ക്
ഒരു സ്വപ്നദൂരമെന്ന്
എന്നെ പറഞ്ഞുപറ്റിച്ച നിദ്രയിൽ
ഞാൻ വീണ്ടും തനിച്ചായിരുന്നെന്നത്
ഉണർവ്വിലെ ആദ്യചിന്തയായിരുന്നു.
വിരഹത്തിന്റെ അഗ്നിയാൽ
പൊള്ളലേറ്റ് ഞാൻ പൊട്ടിക്കരയുമ്പോൾ,
നിനക്കറിയുമോ, എന്റെ പ്രണയമേ,
ഈ മഞ്ഞുകാലം പോലും കൂട്ടിരുന്ന്
വേനലിനോട് ഒരു മഴയ്ക്കായി
കെഞ്ചുന്നുവെന്ന്?
നിന്റെ വരവിലെല്ലാം ശരിയാകുമെന്ന്
ഈ ഭൂമിയെ പോലും
ആശ്വസിപ്പിക്കുന്നുവെന്ന്?