Jyothy Sreedhar

തുലാവർഷപ്പെയ്ത്ത്

ശുദ്ധമായ ഒരു പുഞ്ചിരി 
നിൻ്റെ അധരങ്ങളിൽ 
എൻ്റെ ഉമ്മ പോൽ വിടരുമെങ്കിൽ 
ഞാൻ കവിതകൾ എഴുതാം.

പക്ഷേ,
എൻ്റെ കവിതയുടെ അഗ്നിയെ
വിഴുങ്ങാൻ നീ സൂര്യനാകേണ്ടതുണ്ട്.
നിലാവിൽ ലയിച്ചു ചേരുകയില്ല
അഗ്നിവലയത്താൽ ജ്വലിക്കുന്ന
എൻ്റെ ഒരു വാക്കു പോലും.

അത്രയും തീക്ഷ്ണമായി
നിനക്കായ് ഞാൻ എഴുതുമ്പോൾ
നീ യുദ്ധം ചെയ്യേണ്ടതുണ്ട്-
ചുട്ടു പഴുത്ത് ചുവന്ന ഇരുമ്പായി
ഒടുക്കം നിന്നിലേക്ക് ചായുമ്പോൾ
മറുപടികളുടെ തീക്ഷ്ണതയാൽ
എന്നെ പൊള്ളിക്കേണ്ടതുണ്ട്.
നിൻ്റെ കരങ്ങൾക്കുള്ളിൽ നിന്ന്
നിൻ്റെ മുഖം എൻ്റെ കണ്ണുകളിൽ
ദാഹത്തോടെ നിറയ്ക്കുമ്പോൾ
എൻ്റെ കൺപീലിയിൽ തടഞ്ഞ
ഒരു തുള്ളി മതിയാകും
ഒരു തുലാവർഷം തീർത്ത്
അഗ്നിയെ ശമിപ്പിക്കാൻ.

അതിനാൽ,
വെറും ഒരു തുള്ളിയിൽ നിന്ന്
നിൻ്റെ നെഞ്ചിലെ പെയ്ത്താകുവാൻ
എൻ്റെ കവിതകൾക്ക്
നീ ആകാശം ഒരുക്കേണ്ടതുണ്ട്.
നിൻ്റെ പ്രണയതീക്ഷ്ണതയുടെ
കൊടും മേഘങ്ങളിൽ തട്ടിത്തെറിച്ച്
ഇനിയില്ലാത്ത പോലെ
ഒരു തുലാവർഷപ്പെയ്ത്ത്.

എൻ്റെ കവിതകൾ
നിന്റെ പുഞ്ചിരിയാകുന്നില്ലെങ്കിൽ 
അവയുടെ പിറവി പോലും 
ഭൂമിയ്ക്ക് ഭാരമാണ്.

അവയുടെ മോക്ഷം തന്നെ
അവയ്ക്ക് നീ കൊടുക്കുന്ന 
മൃദുലമായ തഴുകലിൽ,
ആരും കാണാതെ
നീ പതിയ്ക്കുന്ന ചുംബനത്തിൽ
സംഭവിക്കുന്നവയാണ്.

പിന്നെ,
അവയുടെ കുളിർമയാൽ
എന്നെ നീ മുറുകി പുണരുമ്പോൾ
നമുക്കിടയിൽ ചിതറിത്തെറിച്ച്,  
തമ്മിലൂറിച്ചിരിച്ച്,
നമ്മെക്കുറിച്ച് അടക്കം പറയുന്ന 
അങ്ങാടിക്കൂട്ടമായുള്ള 
അവരുടെ പരിണാമത്തിലാണ്.

നീയില്ലെങ്കിൽ
നിന്നെക്കുറിച്ചുള്ള ചിന്തകൾ
കുത്തിയൊഴുകുന്ന വേളയിൽ
ഏതോ നാഡിത്തുമ്പിൽ
തിങ്ങി അവ ശ്വാസംമുട്ടുമ്പോൾ 
അവയ്ക്ക്
നിശബ്ദതയുടെ റീത്തുകൾ മാത്രം 
ഞാൻ സമർപ്പിക്കും.

ശേഷം, അവ ദാഹിച്ച 
തൂലികയിൽ നിന്ന് 
മഷി ചോര പോൽ വാർത്ത് 
ഒരു മാറാലക്കോട്ടയിലേക്ക് 
ഞാൻ വലിച്ചെറിയും.

നീയില്ലെങ്കിൽ
എൻ്റെ കവിതകൾ സംഭവിക്കില്ല.
അങ്ങനെയാകുമ്പോൾ,
എൻ്റെ കവിത്വം
വിസ്മൃതിയിലെങ്ങോ
ഒരു കരിഞ്ഞ ചെമ്പനീർപ്പൂവായി
ഇതളുകൾ കൊഴിഞ്ഞ്,
പലതായി കിടക്കും.
ഞാൻ എന്നെയും മറക്കും.

അതിനാൽ,
ഇവിടെ എത്തുമ്പോൾ
നിൻ്റെ അധരങ്ങളെ ശ്രദ്ധിക്കുക.
അതിൽ ഒരു പുഞ്ചിരിയുണ്ടെങ്കിൽ
ഇവിടെ അടർത്തുക.
ഉതിരാൻ തുടങ്ങുന്ന ഉമ്മയെ
ചുണ്ടിനു പിന്നിൽ
ഉമിനീർനനവ് തൊടാതെ
കാത്തുവയ്ക്കുക.

ഒരു തുലാവർഷപ്പെയ്ത്തിൻ്റെ
ഇടിമുഴക്കം നീ കേൾക്കുന്നില്ലേ?

ഉടൻ പെയ്യുന്ന ഒന്ന്...?