Jyothy Sreedhar

പ്രണയമാകുന്നത്

എന്നെ വിലക്കാതിരിക്കുക,
നിന്നെ പ്രണയിക്കുന്നുവെന്ന്
എനിയ്ക്ക്‌ സമ്മതിയ്ക്കാതെ വയ്യ!

എന്റെ വാചാലതയിൽ
നിന്റെ നാമം, നീ,
എന്റെ ആവർത്തനരസമായി പരിണമിയ്ക്കുന്നത്‌
എന്റെ പ്രണയമായിരുന്നു.

നിന്നെ കാണാതിരിക്കുമ്പോഴൊക്കെ
ഉള്ളിലൊരു നോവറിയുന്നതും,
നിന്റെ തുടരെയുള്ള അസ്സാന്നിധ്യങ്ങളെ
എപ്പോഴും പറയേണ്ടെന്നോർത്ത്‌,
അത്‌ എന്നിലുണ്ടാക്കുന്ന മുറിവുകളെ,
അതിന്റെ തീവ്രതയെ
നിന്നിൽ നിന്നും മറച്ച്‌, ഒളിപ്പിച്ചുപിടിയ്ക്കുന്നതും
എന്റെ പ്രണയമായിരുന്നു.

നിന്റെ ശബ്ദത്തിലലിഞ്ഞുകൊണ്ടുറങ്ങുന്നതും
നിന്റെ ശബ്ദത്താലുണരുന്നതും,
മറ്റൊരു ശബ്ദത്തിനും
എന്നിലവകാശം നൽകാത്തതും
എന്റെ പ്രണയമായിരുന്നു.

കൂടെയുണ്ടാകുമ്പോൾ സ്വയം മറക്കുന്നതും,
ലോകഘടികാരത്തെ കണ്ടെത്തി
നിശ്ചലമാക്കാൻ നോക്കുന്നതും
സൂര്യനെ, ചന്ദ്രനെ, നക്ഷത്രങ്ങളെ,
മഴയെ, വസന്തത്തെ, മഞ്ഞിനെ,
തൊട്ടു തൊട്ടു വിടർത്താൻ നോക്കുന്നതും
എന്റെ പ്രണയമായിരുന്നു.

പറഞ്ഞില്ല,
പറഞ്ഞാൽ എന്റെ പ്രണയതീവ്രതയെ
തെല്ലും താങ്ങാനാകാതെ
വാക്കുകൾ വെന്തുരുകുകയോ
പൊട്ടിത്തെറിയ്ക്കുകയോ ചെയ്യുമെന്ന്
തോന്നിയിരുന്നതും
എന്റെ പ്രണയമായിരുന്നു.

നിനക്കായുള്ള നോക്കുകൾ
എന്റെ പ്രണയമായിരുന്നു.

എന്റെ ശബ്ദം, മൗനം, വിടവുകൾ
എന്റെ പ്രണയമായിരുന്നു.

നമ്മുടെ കയ്യകലങ്ങളിലെ
വായു, ശൂന്യത
എന്റെ പ്രണയമായിരുന്നു.

കുടഞ്ഞെറിയുക വയ്യ.
എന്നെ വിലക്കാതിരിക്കുക,
നിന്നെ പ്രണയിക്കുന്നുവെന്ന്
ഞാൻ സമ്മതിയ്ക്കുന്നു.

ഞാൻ തന്നെ
നിന്നോടുള്ള
എന്റെ പ്രണയമാകുന്നു.