അന്നൊരു രാത്രിയിൽ,
പുലരിയെ വിലക്കി,
ശബ്ദം താഴ്ത്തി,
പ്രണയിനിയെന്നുള്ളം നിറഞ്ഞ്
മൃദുവായി വിളിച്ചില്ലേ?
മായക്കണ്ണുകൾ കൊണ്ട്
എന്റെ ഹൃത്തിനെ തുളച്ച്,
നീയെൻ നേർക്കു കൈനീട്ടി
കവിതകളാൽ പുണർന്നില്ലേ?
ഉത്തരമായി, എന്റെ മൗനത്തിനിടയിലും,
ഇരുമ്പിനാൽ തീർത്ത എന്റെ പുറംചട്ട
നിലാവിനാൽ കീറിയ നിശാവാനം പോലെ
നിന്റെ തേജസ്സിനാൽ പിളർന്നതും
നീ ഗർവ്വോടെ ചിരിച്ചതുമോർത്ത്
പിന്നെയുമെത്രയോ വട്ടം
ഒരിളംപെണ്ണായി, നിന്റെതായി,
ഞാൻ ശോഭിക്കുന്നു!
ഓർമ്മകൾ പിന്നെയും തുടുത്ത്
എന്റെ കവിളിൽ ഒട്ടി,
ഉന്മാദത്തിലെന്ന പോൽ
കാരണം കാണിക്കാതെ
പുഞ്ചിരികൾ നിറയ്ക്കുമ്പോൾ,
ഞാൻ പൂത്തുലഞ്ഞ് പൂർണ്ണയാകുന്നു.
നിന്റെ പ്രണയക്കടലിൽ പെൺപുഴയായ്
ഞാൻ ലയിക്കുന്നു.
എന്റെ കവിതകൾ ഓരോന്നും
എന്റെ നാണക്കവിളുകൾ പോലെ
നിനക്കായി തുടുക്കുന്നത്,
വിരിയുന്നത്, കൊഴിയാതിരിക്കുന്നത്
ഞാനറിയുന്നു...
കൺനനവാർന്ന്,
ഓരോ ഭാവവും മൂർച്ഛിക്കുന്നത്;
വികാരപ്പെയ്ത്തുകൾ ഓരോന്നും
നീ കനവു കണ്ട പോലെ,
നീയാകുന്നത്...
പുറംചട്ടയെ കൊഴിച്ചുകൊണ്ട്
പെണ്ണായി, കുഞ്ഞായി മാറുമ്പോൾ
ഒരു മഴത്തുള്ളി കൊണ്ട് ലോലമായി
എന്റെ കൺപോളയിൽ തൊട്ട്
ഉൾക്കുളിരിന്റെ ഒരു നിമിയേകുന്നത്...
ഞാൻ മൂളുന്ന പാട്ടിൽ
ഞാൻ തേടുന്ന പ്രണയമായ്,
ഞാൻ കോറുന്ന കാവ്യത്തിൻ
പ്രാണനായ്, എന്റെ നീയായ്,
ഞാൻ ഉദ്ദീപിക്കുന്ന ചുവടിലെ
ഒരു കള്ളനോട്ടത്തിൻ തീയായ്,
എന്നോളമല്ല, അതിൻ മേലെ
ഞാൻ നീ തന്നെയാകുന്നത്...
ഒരു കോണിലെ ശൂന്യതയിൽ
നീ രൂപമാർന്ന് നിറയുന്നത്,
ഉറങ്ങാനായി ചേർക്കുമ്പോൾ
എന്റെ കൈകളിലൊന്ന് നിന്റേതായി
ഉണർവ്വോളമങ്ങനെ തങ്ങുന്നത്,
നീയില്ലായ്‌മയിൽ ഒഴുകിയുണങ്ങുന്ന
കണ്ണീർപ്പാതയിലും നീ തെളിയുന്നത്...
കുട ചൂടാത്ത ചില മഴകളുണ്ട്.
കാത്തിരിപ്പിന്റെ
കൊടുംതീക്ഷ്ണതയ്ക്കൊടുവിൽ
വേനലിനെ മറവിയിലാക്കി,
മുൻകാലത്തിന്റെ പടിയടച്ച്,
ഒരു പുതുകാലത്തിന്റെ പിറവിയാകുന്നവ.
എന്നും പുതുമഴയുടെ മൺഗന്ധമേകുന്നവ.
നനഞ്ഞ് കുതിരാൻ,
അതിന്റെ
മൺലയനത്തിന്റെ ചെളിയിൽ
പുതച്ചുരുണ്ട്, അശുദ്ധമാകാൻ
കൊതിപ്പിക്കുന്നവ.
ഹാ!
ഉള്ളിലെ പട്ടുപാവാടക്കാരിയ്ക്കുണ്ട്
മഴ പോലെ ഇങ്ങനൊരുത്തൻ!