Jyothy Sreedhar

ഒരേ സ്വപ്നം

നമുക്കെന്തിന്‌ രണ്ടു നിദ്രകൾ?
രണ്ട്‌ സ്വപ്നങ്ങൾ?
പിന്നെ രണ്ട്‌ ഉണർവ്വുകൾ?

നിന്റെ നിദ്രയ്ക്കുള്ളിൽ തന്നെ
എന്നെ കുത്തിത്തിരുകുവാൻ
നിനയ്ക്ക്‌ കഴിയുമോ?

ചിരിയ്ക്കുന്നോ!

വേണ്ട!

എനിയ്ക്ക്‌ നീയെന്ന ഭ്രാന്തുണ്ടെന്ന്
പറയാതെയും, പണ്ടേ സമ്മതിച്ചതാണ്‌.

ഭ്രാന്തമാണെടോ, തീവ്രമാണെടോ,
ഇപ്പോൾ നിന്നോട്‌ തോന്നുന്ന
പ്രണയമത്രയും.
പറയാതെ,
അതുള്ളിൽ ചുമക്കുമ്പോൾ
മൂർച്ഛയാൽ കീറുന്ന‌,
പിളർത്തുന്ന‌,
നോവുന്ന,
പിടയ്ക്കുന്ന
ഭ്രാന്ത്‌.

ഉറങ്ങുവാൻ പിരിയുന്നത്‌
അതിനാൽ, എനിയ്ക്കിഷ്ടമല്ല.
രണ്ട്‌ ലോകങ്ങളിയ്ക്ക്‌ പോകും പോലെ
നീയും ഞാനും, യാത്ര ചൊല്ലി
രണ്ടു നിദ്രകളിലേയ്ക്ക്‌ ചരിയ്ക്കുമ്പോൾ
എനിയ്ക്ക്‌ വേദനിയ്ക്കുന്നുണ്ടെടോ!

അവ്യക്തമായ സീമയിലെങ്ങോ
നിന്റെ രൂപം മറയുന്നിടത്ത്‌
ഞാൻ ഉറങ്ങണമെന്നാണോ!

എനിയ്ക്ക്‌ ഭയമാണ്‌!

നമുക്കെന്തിന്‌ രണ്ടു നിദ്രകൾ?
രണ്ട്‌ സ്വപ്നങ്ങൾ?
പിന്നെ രണ്ട്‌ ഉണർവ്വുകൾ?
നിന്റെ നിദ്രയുടെ
ഒരു കൊച്ചുമൂലയിൽ
ഞാൻ ഉറങ്ങിയാൽ പോരേ?
അങ്ങനെയെങ്കിൽ,
നിന്റെ സ്വപ്നങ്ങളിൽ
എന്റെ ഭാഗമടുക്കുമ്പോൾ
തയ്യാറാകാൻ എളുപ്പമാണ്‌.
എന്നെ പുണരുവാൻ
നീ കൈനീട്ടുന്നതിൻ മുൻപ്‌
നിന്റെ നെഞ്ചിൽ
എനിയ്ക്ക്‌ ചായുവാൻ കഴിയും.
എന്റെ നെറുകിൽ
നീ ചുംബനമേകുന്നതിൻ മുൻപ്‌
ഞാൻ നിന്റേതായിരിയ്ക്കും.

വേണ്ടെടോ,
നമുക്ക്‌ രണ്ട്‌ നിദ്രകൾ!
ഒന്നിനെ വേണ്ടെന്ന് വച്ച്‌
നമുക്ക്‌ ഒരു നിദ്രയിൽ തന്നെ
ഒതുങ്ങിയുറങ്ങാം.
ഒരേ സ്വപ്നങ്ങൾ കാണാം.
ഒരേ ഉണർവ്വിൽ
കൺതുറക്കാം.