ശരിയാണ്.
നിന്നോടുള്ള പ്രണയം
ഇത്രനാൾ ഞാൻ വരിഞ്ഞുചുറ്റിയ
നിയന്ത്രണച്ചങ്ങലകളെ ഭേദിച്ച്
ഭ്രാന്തമായ് ചിരിക്കുന്നുണ്ട്.
ഒരിക്കൽ ഞാൻ പറഞ്ഞ,
എന്റെയുള്ളിലെ, തിളച്ചുമറിയുന്ന
ആ പ്രണയത്തെ ഉൾക്കൊണ്ട
അഗ്നിപർവ്വതം പൊട്ടിയൊലിച്ച്
എത്തിച്ചേരുന്നത് ഒറ്റ വാക്കിലാണ്-
നീ.
ശരിയാണ്.
പ്രണയം തുറന്നു പറയാതെ
ഞാൻ ഭീരുവാകുന്നു,
ഊമയാകുന്നു.
ഒന്നുമില്ലെന്ന് പറഞ്ഞ്, ഒഴിഞ്ഞുമാറി,
ഒരു പെരുങ്കള്ളിയാകുന്നു.
ശേഷം,
നീയെന്ന തിരശ്ശീലയ്ക്കു പിന്നിൽ
ലോകത്തെ പുറന്തള്ളുന്ന ക്രൂരയാകുന്നു.
നീയല്ല ശബ്ദമെങ്കിൽ
ഞാൻ ബധിരയാകുന്നു.
നീ അരികിലില്ലെങ്കിൽ
സ്വത്വം നശിച്ച
ഒരു കൈച്ചുരുൾരൂപമാകുന്നു
എന്റെ, ഹൃദയമെന്ന യന്ത്രം.
നീയില്ലായ്മയിൽ ഉരുകുമ്പോൾ
ബുദ്ധിയും ബോധവും ഉപേക്ഷിച്ച,
വിലക്കുകളില്ലാത്ത മനസ്സാകുന്നു.
ശരിയാണ്.
നിദ്രകളെ ഞാൻ വെറുക്കുന്നു.
ഉറക്കത്തിലേയ്ക്ക് വഴുതിവീണാൽ,
പിന്നെയുള്ള ഉണർവ്വു വരെ
നീയും ഞാനും
നമുക്കപരിചിതമായ ലോകങ്ങളിലേയ്ക്ക്
പിരിഞ്ഞു പോകുന്നുവെന്നത് എനിയ്ക്കു വേദനയാണ്.
സ്വപ്നങ്ങൾ വെവ്വേറെ എന്നത് എനിയ്ക്കു വേദനയാണ്.
അപ്പോഴൊക്കെ നീയും ഞാനും
അന്യരായി പോകുന്നുവെന്നതിനാൽ
എനിയ്ക്ക് നിദ്രകളെ ഭയമാണ്,
വെറുപ്പാണ്.
ശരിയാണ്.
എന്റെ ശരികളത്രയും തെറ്റുകളാണ്.
എന്റെ പ്രണയം, ഭയം,
വിരഹം, നുണകൾ,
എന്റെ പകലുകൾ, ശബ്ദം, കാഴ്ച,
പിന്നെ,
നിന്നിലേയ്ക്ക് ചുരുങ്ങുന്ന
എന്റെ ലോകവും ഞാനും
എന്റെ ശരികളാണ്.
ചിന്തകൾ നീ മാത്രമെന്നത് ശരിയാണ്.
എന്റെ സമയം
നീയും നീയില്ലായ്മയും മാത്രമായി
പകുത്ത് വിഭജിക്കപ്പെടുന്നുവെന്നത് ശരിയാണ്.
തമ്മിൽ കൊരുത്ത്, ആണിയടിക്കപ്പെട്ട പോലെയാകയാൽ
തമ്മിൽ ഒരടിയകന്നാൽ
എനിയ്ക്ക് പിളരുന്ന നീറ്റലെന്നത് ശരിയാണ്.
ദിനങ്ങളുടെ പട്ടികയിൽ നിന്ന്
നിന്നെ കാണാത്ത ദിനങ്ങളെ
ചുരണ്ടിനീക്കാറുണ്ടെന്നത് ശരിയാണ്.
നിന്നെ കാണുന്ന ദിനങ്ങൾക്ക്
ആകാശസമുദ്രനിറങ്ങൾ കൊടുത്ത്
പുഞ്ചിരിക്കാറുണ്ടെന്നത് ശരിയാണ്.
നിന്റെ രൂപമാദ്യം വരച്ച്,
അതിനുള്ളിലാണ്, ഇതുൾപ്പടെ,
എന്റെ കാവ്യങ്ങളത്രയും
ഞാൻ എഴുതാറെന്നത് ശരിയാണ്.
നീയെന്ന എന്റെ പ്രണയം
എന്റെ ശരിയാണ്;
ലോകത്തിന് കണക്കുകൾ കൂട്ടിക്കിഴിക്കുമ്പോൾ തെറ്റിയേക്കാം
എന്നു മാത്രം.
അതിനാൽ, ഒന്നറിയുക.
തെറ്റുന്നത് ലോകത്തിനാണ്;
എനിയ്ക്കല്ല.