Jyothy Sreedhar

പ്രണയിക്കുമ്പോൾ...

പ്രണയിക്കുമ്പോൾ,
ചങ്കു പിളർത്തുന്നവനെ തന്നെ
പ്രണയിക്കണം.

ഒടുവിലെ പ്രഹരത്തിൽ,
ഒടുവിലെ വിലാപത്തിൽ,
തന്റെ നാമം മാത്രമാണെന്ന്
അറിഞ്ഞനുഭവിച്ചിട്ടും
അത്ഭുതപ്പെടാത്തവനാകണം.

ഹൃദയം തുടിച്ചു വാഴുന്നതറിയാതെ,
അതിൻ മുകളിലെ മുലകളിൽ മാത്രം
ഭോഗേച്ഛയെറിഞ്ഞാനന്ദിക്കുന്നവനെ
പ്രണയിക്കരുത്.
പ്രണയിക്കുമ്പോൾ
ചങ്കു പിളർത്തുന്നവനെ തന്നെ
പ്രണയിക്കണം.

തെല്ലു നേരമെങ്കിലും
അവനില്ലായ്മയുടെ ചെങ്കടലിൽ
ചാവും കണക്കെ ചാടി മുങ്ങുമ്പോൾ
അവനില്ലാതെ ശ്വാസം വേണ്ടെന്ന് 
ദൃഢമായി കൽപിച്ച്
വാശിയോടെ അവന്റെ കൈയ്ക്കായി
തിരയാൻ തോന്നിക്കുന്നവനാകണം.

അത്രയും ധീരമായി,
അലങ്കാരങ്ങളെ വകഞ്ഞു മാറ്റി
വൈകൃതങ്ങളെയും ചേർത്ത്
ആത്മബന്ധു പോൽ പുണരുന്നവനെ,
മാറ്റങ്ങളെ ചോദിക്കാത്തവനെ,
ഞാനത്വത്തെ ആൺമീശയുടെ
ഒരു രോമത്താൽ പോലും
മുറിവേൽപ്പിക്കാത്തവനെ തന്നെ
തീക്ഷ്ണമായി പ്രണയിക്കണം!

ഒഴുകിയ കണ്ണീരിനേക്കാൾ,
അടക്കിയ സമുദ്രങ്ങളെ അറിയുന്നവനെ,
ഒരുമ്മയുടെ കോടാലി കൊണ്ട്
ചാലുകൾ സൃഷ്ടിച്ച്
ആ സമുദ്രങ്ങളെ തന്നിലേക്ക്
ചോദിക്കാതെയും ചോർത്തുന്നവനെ
തിരമാല കണക്കെ പ്രണയിക്കണം!

പ്രണയിക്കുമ്പോൾ,
ചങ്കു പിളർത്തുന്നവനെ തന്നെ
പ്രണയിക്കണം!
പെണ്ണുടലിനേക്കാൾ
നഗ്നമായ ആത്മാവായി
കൂടെച്ചേർന്നു കിടക്കുമ്പോഴും
നാണമില്ലാത്തവളായി മാറ്റുന്നവനെ
പ്രണയിക്കണം!

ഒരു കുത്തൊഴുക്ക് പോലെ
എന്റെ പ്രണയം
ആർത്തിരച്ചു വരുമ്പോൾ,
എന്റെ ശക്തികളെ തോൽപ്പിക്കാൻ
ഒരു ചിരിമുഴക്കം ധ്വനിപ്പിച്ച്
തന്റെ വിരിമാറിൽ
അതും താങ്ങുന്നവനാകണം.
പ്രണയിക്കുമ്പോൾ,
സന്ധ്യയിൽ കൂടണയുന്ന
കൊച്ചു പൈങ്കിളിപ്പെണ്ണായ്‌
ഒടുവിൽ പരിണമിച്ച്
ആ നെഞ്ചിലമർന്ന്
നിന്നെ തന്നെ
പ്രണയിക്കണം!