എന്റെയോരോ നിമിഷവും
നീയറിയുന്നുവെന്നോർത്ത്
അഹങ്കരിയ്ക്കരുത്.
ആ അഹങ്കാരം പൊള്ളയെന്ന്
ഞാൻ പറയുന്നു.
പറഞ്ഞു പറഞ്ഞൊടുവിൽ
ഇന്ന്, നിന്നോട്
പറയാതിരിയ്ക്കുന്നതാണേറെ.
എന്റെ ചെറുപുഞ്ചിരികളിൽ
ഞാൻ ഒളിപ്പിക്കുന്നതാണേറെ.
ഒരു നോക്കിൽ തന്നെ
അർത്ഥങ്ങൾ കുത്തിനിറച്ച
ഒരു നിഘണ്ടുവിനെ ഒതുക്കുന്ന
നീണ്ട വേളകളാണേറെ.
നാം നേരിൽ കാണുമ്പോൾ
നമുക്കിടയിലെ വായുവിൽ
ഒന്ന് സൂക്ഷിച്ച് നോക്കുക.
നിന്നോട് മിണ്ടുമ്പോഴൊക്കെ,
നിന്നിലേയ്ക്കെത്താതെ
അടർന്ന്, തെന്നിവീണ
എന്റെ പ്രണയം,
വിരഹം അതിലുണ്ട്.
നോക്കുകളിൽ പാതി,
കേൾവികളിൽ പാതി,
വാക്കുകളിൽ പാതി,
പിന്നെ പ്രണയം ഒന്നാകെയും
ആ വായു എന്നും സ്വന്തമാക്കുന്നുണ്ട്.
നിന്നെ ഞാൻ പ്രണയിക്കുന്നുവെന്നത്
ഒരായിരം വട്ടം.
നിന്നോടത് പറയാൻ വയ്യെന്നത്
ഒരായിരം വട്ടം.
നീയരികിലില്ലാതെ വയ്യെന്നത്,
നിനക്കാണീ കവിതകൾ കുറിയ്ക്കുന്നുവെന്നത്,
ഒരായിരം വട്ടം.
നിന്നോട് പിന്നെയും പിന്നെയും
കൂടുതൽ പ്രണയത്തിലാവുന്നുവെന്നത്
ഒരായിരം വട്ടം.
അതിനാൽ അഹങ്കരിയ്ക്കരുത്.
നിന്നോടെല്ലാം പറഞ്ഞു പറഞ്ഞൊടുവിൽ
പറയാതിരിയ്ക്കുന്നതാണേറെ.
എല്ലാം പറയാനെന്ന പോലെ
നിന്റെ അരികിലേയ്ക്ക് വന്ന്
എന്നും നിന്നെ ഞാൻ വഞ്ചിക്കുന്നു.
നുണകൾ പറയുന്നു.
സത്യം പറയാതിരിയ്ക്കുന്നു.
അടങ്ങാത്ത ദാഹമുള്ള
എന്റെ തീവ്രപ്രണയമൊളിപ്പിയ്ക്കുന്നു.
വിടവുകളിടാതെ പറഞ്ഞു നിർത്തുന്നു.
ശേഷം, ചുറ്റുമുള്ളതിനൊക്കെ
നിന്റെ പേരിടുന്നു-
എന്നെ നോക്കി കൺചിമ്മുന്ന
ഒരു നക്ഷത്രത്തിന്,
വിളിക്കാതെ വന്ന
ഒരു മിന്നാമിനുങ്ങിന്,
തലചായ്ചുറങ്ങുന്ന
തലയിണയ്ക്ക്,
എന്റെ സ്വപ്നങ്ങൾക്ക്, നിദ്രയ്ക്ക്,
വായുവിന്, ശൂന്യതയ്ക്ക്.