Jyothy Sreedhar

കൈപ്പെണ്ണ്

നിന്റെ കൈച്ചൂടിൽ മാത്രമായി
കുണുങ്ങി ഒതുങ്ങാൻ കൊതിച്ച
എന്റെ കൈപ്പെണ്ണ്!

ഇന്ന്,
തീവ്ര വിരഹത്തിന്റെ ദഹനമേറ്റ്
അവൾ‌ പിടയുന്നു,
അവളിൽ ഒരാളലിന്റെ വിയർപ്പ്
സൂര്യതാപത്തിൽ പടരുന്നു.
നാം കണ്ട പാതകൾ,
നിമിഷങ്ങൾ, ചുംബനങ്ങൾ,
കെട്ടിപ്പിണഞ്ഞ പാടുകളായി
അവളുടെ ഉള്ളിൽ തെളിയുന്നു.
നിന്റെ അസാന്നിദ്ധ്യം അവളിൽ
വിടവുകളായി പരിണമിക്കുന്നു.

നീ ഓർക്കുന്നോ, ആദ്യമായി,
എന്റെ കവിളുകൾക്കൊപ്പം
ചുവന്നു തുടുത്ത
എന്റെ കൈപ്പെണ്ണിനെ?
നിന്റെ കയ്യിൽ
ആദ്യമായി തല ചായ്ച്ച്
ശ്വാസദൂരമില്ലാതെ മുറുകി
അവൾ പറ്റിച്ചേർന്നു കിടന്നത്?
നിന്റെ ഓരോ അണുവിനെയും
പ്രണയിച്ച് തഴുകിയത്?
നമ്മുടെ ഓരോ ചുംബനത്തിന്റെയും
കാടത്വത്തിൽ ഞെരിഞ്ഞ്,
പിടപ്പിനെ ഉൾക്കൊണ്ട്
അവൾ പുളഞ്ഞത്‌?
ശേഷം വിടപറയുമ്പോൾ
അതിശൈത്യത്തിലെന്ന പോലെ
അവൾ തണുത്തുറഞ്ഞ് മരവിച്ചത്?
അവളെ പിരിയരുതെന്ന് കേണത്?

ഇന്ന്,
ഉള്ളിലേയ്ക്കു ചുരുണ്ട്,
ഒരു കുമ്പിൾ തീർത്ത്
നിന്നോട് അവൾ യാചിക്കുന്നു:
"നിന്റെ ചുണ്ടിന്റെ നനവിനെ
എനിക്ക് നൽകൂ!
എന്നിലെ നീരാവികളും തീർന്നിരിക്കുന്നു.
ഇനിയും ദഹിക്കുക വയ്യ!
എന്റെ ഭൂമിയിൽ
നിന്റെ ചുംബനത്തിന്റെ നനവാൽ
ഒരു മഴയുതിർക്കൂ!
ശേഷം, തോരാതിരിക്കൂ!"