Jyothy Sreedhar

ദൂരങ്ങൾ വയ്യ

ദൂരങ്ങൾ വയ്യെടോ!

നിന്റെ പ്രാണനും കൊണ്ട്
ധൃതിയിൽ ഓടിയെത്തുക!

പിന്നെ,
ഇറുകി, എന്നെ മുറുകെപ്പുണരുമ്പോൾ,
സ്വയം നഷ്ടപ്പെടുന്ന തീവ്രാലിംഗനത്താൽ
നമുക്കിടയിലെ ദൂരം തീർക്കുന്ന
ഈ വായുവിനെ
ഒരു കൊടുംകൊലപാതകിയെ പോൽ
ഞെരിച്ചമർത്തി കൊല്ലുക.
അത് ജീവിക്കേണ്ടതില്ല.

ശേഷം,
എന്റെ അധരങ്ങളുടെ ആഴങ്ങളോളം
നിന്റെ അധരങ്ങൾ പതിപ്പിക്കുന്ന
ചുംബനത്തിന്റെ ഘോരാഗ്നിയാൽ
ആ വായുവിന്റെ ശവത്തെ ദഹിപ്പിക്കുക.
ചുട്ടുചാമ്പലാക്കുക.
ഒരണു പോലും ബാക്കിയാകരുത്.

ആ ചുടുകാട്ടിൽ നിന്ന്,
അവസാന അഗ്നിസ്ഫുരണവും
വെന്തടിഞ്ഞില്ലാതാകുമ്പോൾ
അകലേയ്ക്ക് ഒരു ചുവടില്ലെന്ന്
ആ കനലിനെ സാക്ഷി നിർത്തി
എന്നോടൊപ്പം ശപഥമെടുക്കുക.