Jyothy Sreedhar

ഞാനായിരുന്നത്

നിന്നോടു തഴച്ചു വളർന്ന പ്രണയത്തിലാണ്
ഉള്ളിൽ തുടിച്ച ഒരു പെണ്ണിന്റെ നൈർമ്മല്യത്തെ
ഞാനാദ്യമായ് അറിഞ്ഞത്.
എന്നോട് മിണ്ടാതെ, നോക്കാതെ,
നീ പോകുമ്പോൾ,
നിന്നെ കാണാതെയാകുമ്പോൾ,
ഹൃദയത്തിന്റെ ഇടവഴികളിലൂടെ
കുശുമ്പും പരിഭവവും കലർന്ന രക്തമോടുമ്പോൾ
നാണം തോന്നിയില്ല.
തോലുകൾ പൊളിച്ച്
ഞാൻ ഞാൻ തന്നെയായി മാറുന്നതിനെ
ഞാൻ ആസ്വദിച്ചു.

പ്രണയത്താലുള്ള പരിണാമത്തിൽ
പൂർണ്ണമായും നിന്റെ പെണ്ണാവുകയാണ് ഞാനെന്നോർത്ത് അഹന്തയുണ്ടായി.
കൊച്ചുപിണക്കങ്ങളുണ്ടാക്കി കാത്തിരുന്നു.
ഇണക്കുവാൻ വേണ്ടി നീ പതുങ്ങിവരുമ്പോൾ
നിന്റെ പഞ്ചാരവർത്തമാനങ്ങൾക്കെതിരെ
പക്വതയുടെ ശരവർഷം നടത്തുമ്പോഴും
ഉള്ളിൽ ഒരു പെണ്ണ് ഊറിച്ചിരിക്കുകയുണ്ടായി.

ഭൂഖണ്ഡങ്ങൾക്കിടയിലെ സമുദ്രദൂരം
നമ്മുടെ അടുത്തിരുന്ന വിരലുകൾ തമ്മിൽ,
പരസ്പരം ശ്വാസം പതിച്ച ചുണ്ടുകൾ തമ്മിൽ രൂപപ്പെടുമ്പോൾ
കാലം നമ്മുടെ ദേഹാതിർത്തികൾക്ക് തീയിട്ട്
അഗ്നിപർവ്വതങ്ങളെ സൃഷ്ടിക്കുകയുണ്ടായി.
കാലം നിമിഷങ്ങളെണ്ണി കാത്തിരുന്നു.

പിന്നെയൊരുവേള,
സമുദ്രങ്ങളിലെ ചുഴികളെ വകഞ്ഞ്,
അതിർത്തികളെ താണ്ടി,
ഭൂപടം തിരുത്തിവരച്ച്,
നീയെന്നെ മുറുകെപ്പുണർന്നു.
എന്നെ പ്രണയിനിയെന്നു വിളിച്ച്
കാലങ്ങളായി എരിഞ്ഞുപുകഞ്ഞ
അഗ്നിപർവ്വതങ്ങളുടെ ചൂട് കടംകൊണ്ട്
നീയെന്നെ ആഴത്തിൽ ചുംബിച്ചു.
നിറഞ്ഞൊഴുകിയ എന്റെ കണ്ണിന്റെ നീർവഴികളെ
നിന്റെ ചുണ്ടുകളാൽ നീ ഒപ്പിയെടുത്തു.

നിനക്കറിയുമോ,
നിന്റെ പെണ്ണിന് നീയെന്നാൽ പ്രാണനാണ്.
കണക്കുകളെ തോൽപിച്ച ചുംബനങ്ങളിൽ
ഈ ജന്മം തന്നെ ഞാൻ ഒളിപ്പിച്ചിട്ടുണ്ട്.
ഇറുകിപ്പുണരുമ്പോൾ,
നമ്മുടെ ദേഹങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്നത്
എന്റെ പ്രപഞ്ചം തന്നെയാണ്.

നീയില്ലയെന്നാൽ മൃതമാണ്,
അഴുകിയ ജഢമാണ്
എനിയ്ക്ക് ഞാൻ തന്നെ.
വെറും മണ്ണും കല്ലും മാത്രമാണ്
ഈ ഭൂമി പോലും.

അകലെയിരിക്കുമ്പോഴും നീ ഓർക്കുക,
നിന്റെ പെണ്ണെന്ന വിലാസത്തിൽ
കുസൃതിയോടെ വിലസുന്നതിനെക്കാൾ
മറ്റെന്താണ് ഞാൻ കൊതിയ്ക്കുകയെന്ന്!
നിന്റെ അസ്സാന്നിധ്യത്തിൽ നീറുമ്പോഴും
നിന്റെ സാന്നിധ്യം
ശൂന്യതയിൽ, സ്വപ്നത്തിൽ, വായുവിൽ, ശ്വാസത്തിൽ
ഞാനറിയുന്നു.

നിന്റെ നെഞ്ചിന്റെ നീലക്കടലിൽ മുങ്ങാംകുഴിയിട്ടതോളം,
നിന്റെ ചെവിക്കാടുകളിൽ തിരഞ്ഞു മുത്തമിട്ടതോളം,
നിന്റെ കൃഷ്ണമണിയുടെ അരുവികളിൽ നീന്തിത്തുടിച്ചതോളം,
നിന്റെ ചുണ്ടിന്റെ,
എനിയ്ക്കു വേണ്ടി തുറന്ന അതിരില്ലായ്മയുടെ ആകാശത്തിൽ
സൂര്യനും നിലാവും താരങ്ങളും മേഘങ്ങളും മഴയുമായി ഞാൻ മാറിയതോളം
മറ്റെവിടെയാണ് ഞാൻ ഞാനായിരുന്നത്!