Jyothy Sreedhar

ൻ്റെ പെണ്ണ്.

ന്റെ പെണ്ണെന്നു ചൊല്ലി
എന്നെ ചേർക്കുമോ?

ഇനി ഒറ്റയാവില്ലെന്നോതി
എന്റെ നെറുകിൽ പതിച്ച ഒരുമ്മയിൽ
നീ തന്നെ മഞ്ഞായ് ഉറഞ്ഞ്,
ഉരുകാതിരിക്കുമോ?

കാതിൽ
നേർത്തൊരു നിശ്വാസം മതി,
എന്റെ സാന്ത്വനത്തിന്റെ
നീകാരമായി നീ മാറുമോ?

അത്രമേൽ ആഴ്ന്നിറങ്ങുന്നു
എന്റെ ഉള്ളിന്നുള്ളിലെയ്ക്ക്‌,
ഞാൻ നീ തന്നെയെന്ന്
ഉള്ളുറക്കെ ഘോഷിക്കുന്നയത്ര!

ഞാൻ,
പകലാവുന്നതറിയാതെ
നിന്റെ ഉടലെന്ന് വിളിച്ച
എന്റെ കിടക്കയിലൊതുങ്ങി,
ഇനിയും തീരാത്ത രാവിൽ
അലസമായി ഉറങ്ങുന്ന പെണ്ണ്.

എന്റെ തലയിണയുടെ
സുദീർഘചതുരത്തിൽ
നിന്റെ നെഞ്ചിനെ കണ്ടെത്തുന്ന,
അതിൻ കടലാഴങ്ങളിലേയ്ക്ക്
ഉമ്മകളുടെ മർദ്ദത്തെ
അധരങ്ങളാൽ കുത്തിവയ്ക്കുന്ന,
നീയില്ലായ്മയിൽ ദഹിക്കുമ്പോൾ
ഒരു കണ്ണീർ നനവിനെ
അതിൽ പതിക്കുന്ന പെണ്ണ്.

കോരിച്ചൊരിയുന്ന മഴയിൽ
മഴനൂലുകൾ നിന്റെ കയ്യെന്നു കരുതി
അതിൽ ചേർത്തണഞ്ഞ്,
ഒരു ജലശിൽപമായി നേർത്ത്
നിന്നിൽ കുതിരുന്ന പെണ്ണ്.

നിശ്വാസപ്പെയ്ത്തിന്റെ തുലാവർഷം തീർത്ത്,
നിന്നിൽ ശ്വാസപ്പാതികളെ തേടുന്ന
നിന്നെ പ്രാണനായ പെണ്ണ്.

സമയദ്വന്ദ്വങ്ങളിൽ
നിന്റെ മുഖം കൊത്തുന്ന പെണ്ണ്.
നീയുള്ളതും ഇല്ലാത്തതുമായി
പ്രപഞ്ചഘടികാരസൂചികയെ പകുത്ത് 
നിന്നിൽ കാലങ്ങളെ വിതയ്ക്കുന്ന പെണ്ണ്.

ദിനയുദ്ധങ്ങളെ വീറോടെ ജയിച്ച്
ലോകം വിറയ്ക്കുന്ന കരുത്തുമായി
പിന്നെ നിന്റെ നെഞ്ചോട് ചാരുമ്പോൾ
നിന്നോടുള്ള പ്രണയത്തോളം
സ്വയം കരുത്തില്ലെന്ന് പറഞ്ഞ് തോറ്റ്,
നിന്റെ അഹങ്കാരച്ചൊടിയിൽ
കള്ളിമുൾപ്പൂവായി വിരിയുന്ന പെണ്ണ്.

ന്റെ പെണ്ണെന്നു ചൊല്ലി
മാറിലേക്കടുപ്പിക്കുമ്പോൾ
നാണം തുടുത്ത കവിളിനെ മറച്ച്
ഒരു കടക്കണ്ണേറുകൊണ്ട്
നിന്റെ പെണ്ണാകുന്ന പെണ്ണ്.

ഇനി ഒറ്റയാവില്ലെന്ന് ചൊല്ലി
എന്റെ നെറുകിൽ പതിച്ച ഒരുമ്മയിൽ
നീ തന്നെ മഞ്ഞായ് ഉറഞ്ഞ്,
ഉരുകാതിരിക്കുമോ?

ന്റെ പെണ്ണെന്നു ചൊല്ലി
എന്നെ ചേർക്കുമോ?