മാലാഖയല്ല ഞാൻ.
നീയെന്ന കൂട്ടിലൊതുങ്ങുന്ന,
നാണം കുണുങ്ങുന്ന
തത്തമ്മപ്പെണ്ണുമല്ല.
നിന്റെ ശരികളെന്നാൽ
എന്റെ ശരികൾ തന്നെയെന്ന്
അർത്ഥമുണ്ടായിട്ടില്ല.
ഒതുങ്ങി ഒതുങ്ങി
സ്വന്തം ശബ്ദത്തെ മറന്ന്
മൂകയായിരുന്നില്ല.
സ്വന്തമാകുമ്പോൾ,
താലിയും സിന്ദൂരവും
അതിരുകളായി അണിയാമെന്ന്
വാക്ക് തന്നിട്ടില്ല.
പിന്നെയും നമ്മൾ പ്രണയിച്ചുവെന്നാൽ
കരുത്തിനോട് കരുത്തിനെ ലയിപ്പിച്ച്
ഒന്നാകുമെന്നുറപ്പിച്ചു നാമെന്നർത്ഥം.
രണ്ടു ദിശയിലേക്ക് സഞ്ചരിച്ചും
രണ്ടു ലോകങ്ങളിലായിരുന്നും
നാമൊന്നിച്ചു ജീവിയ്ക്കുമെന്നത്
നമ്മുടെ വാക്കെന്നർത്ഥം.
പിരിയുന്ന മാത്ര മുതൽ
കണ്ടുമുട്ടുന്ന നിമിയിലേക്ക്
തീവ്രപ്രണയത്തെ തീച്ചൂളയിലിട്ടൂതി
പരിശുദ്ധമാക്കുമെന്നർത്ഥം.
ഞാൻ ഭൂമിയോളം പരന്നു കിടക്കുമ്പോൾ
നീ ആകാശമായി,
ഉയരെ നിന്നെന്നെ ക്ഷണിയ്ക്കുകയെന്നർത്ഥം.
ഉള്ളിൽ നീറി ഞാൻ ദഹിച്ചാൽ
മഴയായ് എന്നെ നീ കുളിർത്തുമെന്നർത്ഥം.
നിന്റെ ആശ്വാസമഴകളുടെ ഓർമ്മകൾ
എന്നിൽ സമുദ്രങ്ങളായൊഴുകുമെന്നർത്ഥം.
നമുക്ക് രാവുകൾ, പകലുകൾ
ഒന്നാകുമെന്നർത്ഥം.
എന്നിൽ ഉദിച്ച സൂര്യനെ, ചന്ദ്രനെ
നിന്നിലേയ്ക്കു പകർന്ന്
വെളിച്ചം നാമെപ്പോഴും പങ്കുവയ്ക്കുമെന്നർത്ഥം.
സമൂഹം നിർവചിച്ച സ്ത്രീയുടെ ഭിത്തികൾ
നിന്റെ പൗരുഷപ്പാറയാൽ തകർത്ത്,
എന്നെ കണ്ടെടുത്ത്,
എനിയ്ക്ക് നീയെന്നെ നൽകുമെന്നർത്ഥം.
പ്രണയമെന്നാൽ കെട്ടിപ്പിടിച്ചുമ്മ വച്ച്,
ഒരു പുതപ്പിനുള്ളിൽ ചുരുണ്ടൊതുങ്ങുകയല്ല,
മുന്നോട്ട്, മുന്നോട്ടെന്നോതി
നാം കുതിയ്ക്കുവാൻ തുടങ്ങുന്നുവെന്നർത്ഥം.
പരസ്പരം സ്വപ്നങ്ങളാവുകയല്ല,
സ്വപ്നസാക്ഷാത്കാരങ്ങളാകുന്നു എന്നർത്ഥം.
ഈ ജന്മാന്ത്യമെത്തുമ്പോൾ
നേടിയെടുത്ത നേട്ടങ്ങളിൽ അഭിമാനിച്ച്
നാം നിൽക്കുന്ന പർവ്വത്തിൽ
പ്രണയചിഹ്നവുമായി
നാമൊരു കൊടി നാട്ടുമെന്നർത്ഥം.
പിന്നെയും നീയെന്നെ പ്രണയിക്കുമെന്നാൽ
വരിക.
ഒരു ജന്മസഞ്ചാരത്തിന്
അരികെ ഒരൊഴിവുണ്ട്.
കൈ മുറുകെ ചേർക്കണമെന്നില്ല.
എന്റെ ഉൾക്കരുത്തായി
നീ ഉണ്ടെന്നറിഞ്ഞാൽ മതി.