Jyothy Sreedhar

നീ വരിക

വരിക,
പ്രണയകവിതകളുറങ്ങുന്ന
എന്റെ പ്രിയപുസ്തകത്തിലേക്ക്
എന്റെ പ്രണയത്തിന്റെ ചക്രവർത്തിയായി
സർവ്വവും ജയിക്കാൻ
നീ വരിക.

ഒരു നീട്ടിയ വഴിക്കണ്ണുമായി
നിനക്കായി കാത്തിരുന്ന
എന്റെ 'നീ'യെന്ന അക്ഷരത്തിലേക്ക്
നീ വരിക.
ആ അക്ഷരത്തിന്റെ ശരീരത്തിലേക്ക്
അതിന്റെ മനസ്സായി, ആത്മാവായി
നീ കയറി അതിലുൾക്കൊള്ളപ്പെടുക.
അതിന് അസ്തിത്വവും പൂർണ്ണതയുമേകുക.

നിനക്കു സ്വാഗതം.
അതിലെ താളുകളിലൂടെ,
ഈ രാത്രിയും അടുത്ത പകലും
നമുക്കൊന്നിച്ച് നടക്കാം.
എന്റെ പ്രണയത്തെക്കുറിച്ച്
നീ വായിച്ച കവിതകളത്രയും
എന്നും നിനക്കുള്ളതായിരുന്നുവെന്ന്
തിരിച്ചറിഞ്ഞ് നിനക്ക് അമ്പരക്കാം.
നമുക്കിടയിലെ ദൂരത്തിലെ അഗ്നിയും,
നീ തരാതെയും ഞാനനുഭവിച്ച
നിന്റെ ചുടുചുംബനങ്ങളും
എന്റെ നിശ്ശബ്ദതകളിൽ ഉൾക്കൊണ്ടത്
കവിതകളിൽ നിന്ന് നിനക്ക് കേൾക്കാം.
ഗർവ്വോടെ, എന്റെ കൈ മുറുകെപ്പിടിച്ച്
നിനക്ക് എന്നെ സ്വന്തമാക്കാം.

നിനക്കു സ്വാഗതം,
എന്റെ കവിതകളിലെ
നീയെന്ന ഹൃത്തിലേക്ക്,
ഋതുക്കളോളം നെഞ്ചിലടക്കിയ
എന്റെ വികാരങ്ങളിലേക്ക്,
പ്രണയവാക്കുകളിലേക്ക്.

കവിതകളിലാകെ പടർന്ന
ആ ഘോരാഗ്നിയിലേക്ക്,
പിന്നെ മഞ്ഞിന്റെ തണുവിൽ
ഞാൻ വിടർത്തിയ
കട്ടിയുള്ള കമ്പിളിപ്പുതപ്പിനുള്ളിലേക്ക്,
കുട ചൂടാൻ വിസ്സമ്മതിച്ച മഴകളിൽ
എന്റെ ഓരത്തെ ശൂന്യതയിലേക്ക്,
നിനക്ക് സ്വാഗതം.

നിന്നെ കണ്ടതു മുതലുള്ള
എന്റെ കഥകളുടെ,
വിചാരങ്ങളുടെ, വികാരങ്ങളുടെ,
സ്വപ്നങ്ങളുടെ, കിനാവുകളുടെ,
തിരിച്ചറിവുകളുടെ
കുമ്പസാരകൂട്ടിലേക്ക്
നിനക്ക് സ്വാഗതം.

എന്റെ പുഞ്ചിരികളുടെ,
ഏറുനോട്ടങ്ങളുടെ, മൂളലുകളുടെ
നാനാർത്ഥ നിലകളിലേക്ക്,
നിന്നെ ഉൾക്കൊണ്ട എന്റെ മിഴികളുടെ
അന്താരാഴങ്ങളിലേക്ക്
നിനക്ക് സ്വാഗതം.

നമുക്ക് പ്രണയിക്കാം,
സ്വപ്നങ്ങളിലെ ആ അഗ്നിയെ
യാഥാർത്ഥ്യത്താൽ ജയിക്കാം.

ഒടുവിൽ നടന്നവസാനിയ്ക്കുമ്പോൾ,
ഒരല്പം പിന്നിലേയ്ക്ക് വീണ്ടും നടക്കണം.
കൃത്യം നടുവിലെ പേജുകളിലെത്തണം.
അതിനിടയിൽ സുന്ദരമായി ഞെരിഞ്ഞമർന്ന്,
ശ്വാസം കിട്ടാതെ ചുംബിച്ച്,
മുറുകെ പുണർന്ന്,
ശിഷ്ടമായ, വിശിഷ്ടമായ
നമ്മുടെ പ്രണയകാലങ്ങളത്രയും ജീവിക്കണം.

വരിക,
പ്രണയകവിതകളുറങ്ങുന്ന
എന്റെ പ്രിയകിത്താബിലേക്ക്
എന്റെ പ്രണയത്തിന്റെ ചക്രവർത്തിയായി
സർവ്വവും ജയിക്കാൻ നീ വരിക.
എന്റെ നെറ്റിയിലൊരുമ്മയാൽ
നിന്റെ നെഞ്ചിൽ പതിയുന്ന
എന്റെ ഉറക്കച്ചടവിലേക്ക്
എന്നെ നീ ഉണർത്തുക.
പിന്നെ
ഖൽബോളം ആഴത്തിൽ പുണരുക,
ജന്മങ്ങളോളം കൂട്ടാവുക.