Jyothy Sreedhar

ആളിപ്പടരുക

ആദ്യമായി
നീയെന്നെ ചുംബിക്കുമ്പോൾ
അത്‌, എന്റെ വലതുകയ്യിലാകട്ടെ.
നിന്നോടുള്ള പ്രണയം കൊണ്ട്‌
എന്റെ ഹൃദയത്തെക്കാളധികം
പൊള്ളലേറ്റത്‌ അവിടെയാണ്‌.

ഞാൻ സ്വയം പ്രണയമായ്‌ നിറഞ്ഞൊഴുകുമ്പോഴൊക്കെ,
ആ പ്രവാഹമൊഴുകിയെത്തി, നിറഞ്ഞത്‌‌
എന്റെ ആ വലതുകയ്യിലെ
നാഡിത്തുമ്പുകളിലാണ്‌.
അതിൻ മർദ്ദം താങ്ങാതെ
നാഡികൾ പൊട്ടുമെന്ന്
അത്‌ നിനച്ചിരിക്കും.

അവിടെയാണ്‌,
എന്റെ പ്രണയം
കവിതയുടെ പിറവിയെ കാത്തിരിക്കാറുള്ളത്‌‌‌‌.

അറിയാതെയെന്നോണം,
അതിനാലാണ്‌
എന്റെ വലതുകയ്യാൽ തന്നെ
നിന്റെ കൈ ഞാൻ ആദ്യമായ്‌ തൊട്ടത്‌.
നിന്റെ കൈ തണുത്തതായ്‌ അന്ന്
എനിക്ക്‌ അനുഭവപ്പെട്ടിരുന്നു.
എന്റെ വലതുകൈയ്യുടെ കൊടുംപ്രണയതാപത്തെ, മർദ്ദത്തെ,
നിന്റെ കൈയ്ക്ക്‌ നേരിടാൻ കഴിഞ്ഞിരിക്കില്ല.
നീ എന്റെ പ്രണയം അറിഞ്ഞിരിക്കില്ല.

പക്ഷെ,
നിന്റെ ആദ്യചുംബനത്തിനായ്‌
ഞാൻ ഇനിയും കാത്തിരിക്കും.
അത്‌ എന്റെ വലതുകൈത്തലത്തിൽ
നിന്റെ ചുണ്ടിന്റെ ആകൃതിയിൽ പടരുമ്പോൾ,
എന്റെ പ്രണയകവിതകളൊന്നാകെ
അവിടെ ആവാഹിക്കപ്പെടും.

നിനക്ക്‌ പൊള്ളും.

കാരണം, നീ ചുംബിച്ചുണർത്തുക
ഒരു പുനർജ്ജന്മത്തിനായി
നിന്റെ ശ്വാസത്തെ കാത്തിരുന്ന
എന്റെ പ്രണയമെന്ന
ഒരു ഘോരാഗ്നിയുടെ കനലിനെയാണ്‌‌.

ഞാൻ നന്നേ ക്ഷീണിച്ചിരിയ്ക്കും.
യുഗങ്ങളായി, ജന്മങ്ങളായി,
ജനിച്ച്‌ ജീവിച്ച്‌ മരിച്ച്‌,
ഈ പ്രപഞ്ചമൊട്ടാകെ
ഞാൻ സഞ്ചരിച്ചത്‌
നിന്നെ തേടിയാണ്‌.

അതിനാൽ,
എന്റെ വലതുകയ്യിൽ പതിഞ്ഞ
നിന്റെ ആദ്യചുംബനത്തിൽ,
ശേഷം ഞാൻ വിശ്രമിയ്ക്കും.

എന്റെ വലതുകൈത്തലത്തിനും
നിന്റെ ചുണ്ടുകൾക്കുമിടയിൽ അമർന്ന്
എന്റെ കവിതകൾ മോക്ഷം പ്രാപിക്കും.

അതിനാൽ,
ആദ്യമായി
നീയെന്നെ ചുംബിക്കുമ്പോൾ
അത്‌, എന്റെ വലതുകയ്യിലാകട്ടെ.
പക്ഷെ ആ ചുംബനത്തിന്റെ നനവാൽ
എന്റെ പ്രണയത്തിന്റെ അഗ്നിയെ കെടുത്താതിരിക്കുക.
എന്നോടൊപ്പം
ആത്മാവോളം
ആളിപ്പടരുക.