എന്നെ പ്രണയിക്കൂ,
നാം കണ്ടുപോയി!
നിന്റെ നോട്ടം
എന്റെ കൺപോളയിൽ
ഭാരമുള്ള മഴത്തുള്ളി കണക്കെ
വീണുടഞ്ഞതും,
നിന്റെ നിശ്വാസം
ഒരു പ്രണയലേഖനമെഴുതിയതും,
ഒരു ശ്വാസത്തിലൂടെ
ഞാൻ അത് കൈപ്പറ്റിയതും,
മറുപടി എഴുതാൻ ആവാതെ
നിന്നെ നോക്കി തരിച്ച് നിന്നതും
ഞാൻ അറിഞ്ഞുപോയി.
എന്നിൽ ഒളിപ്പിച്ച പ്രണയത്തെ
തെല്ലും കണ്ടെടുക്കാനാവാതെ
ദാഹിച്ച് തൊണ്ട വരണ്ടു
നീ അലഞ്ഞിട്ടും,
നിന്റെ പ്രണയതീവ്രതയെ
യാചിക്കുവാൻ എനിക്ക് തോന്നിയിട്ടും,
മിണ്ടാതെ ഞാൻ പോയിട്ടും,
തോൽവി സമ്മതിച്ച്
ഞാൻ തിരികെവന്നുപോയി.
എന്നെ പ്രണയിക്കൂ!
പറഞ്ഞുപറഞ്ഞു തീരാതെ
പ്രണയം ഉള്ളിൽ തുടിച്ച്
ഹൃദയം പോലും വീഴുമെന്ന്
തോന്നുന്ന തീവ്രതയുണ്ടായി.
എങ്ങിനെ നെഞ്ചിനെ താങ്ങിയെന്നോ!
നിന്നെ കാണാതെ വന്നപ്പോൾ
സ്ഥലകാലങ്ങളെ മറന്ന വിരഹം.
നിന്റെ അസാന്നിദ്ധ്യത്തിൽ
എനിക്കു നീ ശല്യമായി.
ഒടുവിലൊരു നാൾ,
ഭാരം താങ്ങാനാവാതെ
ഞാനും തൊണ്ട വരണ്ട്
ഉച്ചത്തിൽ നിലവിളിച്ച്
നിന്റെ ദേഹത്തേക്ക്,
ദേഹിയിലേക്ക്
വീണമർന്ന് പോയി.
നിന്റെ പ്രണയത്തെ
അത്രമേൽ കൊതിച്ചുപോയി.
എന്നെ പ്രണയിക്കൂ!
നിന്റെ നെഞ്ചാഴങ്ങളിൽ മുങ്ങാംകുഴിയിടുമ്പോഴും
ഇറുകി, മുറുകിയിട്ടും,
ഇനിയും പോരെന്ന് പറയുന്ന
തീനിറമുള്ള പ്രണയം കൊണ്ട്
എന്നെ പ്രണയിക്കൂ!
നിന്റെ ഓരോ നോക്കിലും
ഒരു സ്വർഗത്തെ സൃഷ്ടിച്ച്,
അതിൽ നിന്ന് വീഴുന്ന
നക്ഷത്രങ്ങൾ പോലെ
ഉമ്മകൾ പെയ്യിച്ച്
നിമിഷങ്ങളെ കുത്തിനിറച്ച്
എന്നെ പ്രണയിക്കൂ!
ചൂണ്ടുവിരലാൽ ചുണ്ടിൽ തൊടുമ്പോൾ
ചുംബനത്തിന്റെ മിന്നലേറ്റ്
പിടയുന്ന തീവ്രത നൽകി
എന്നെ പ്രണയിക്കൂ!
മുടി കോതിയൊതിക്കുമ്പോൾ
എന്റെ പിൻകഴുത്തിൽ നീയോടിച്ച
ചുംബനവണ്ടിയുടെ ചൂളങ്ങളെ
കാതിൽ ഉച്ചത്തിൽ മുഴക്കി
എന്നെ പ്രണയിക്കൂ!
അർദ്ധരാത്രിയിൽ
ഉള്ളംകാലിൽ ഇരച്ചു കയറുന്ന
തരിപ്പുള്ള തണുപ്പിനെ മിഥ്യയാക്കി
എനിക്ക് കായുവാൻ
നിന്റെ ദേഹച്ചൂടിനെ ഒരുക്കി
എന്നെ പ്രണയിക്കൂ!
എന്റെ കിടക്കയാകൂ;
സ്വസ്ഥമായി ഞാനുറങ്ങട്ടെ.
എന്റെ തലയിണയാകൂ;
ആഴത്തിൽ മുഖമമർത്തി
ഞാൻ തല ചായ്ക്കട്ടെ.
എന്റെ പുതപ്പാകൂ;
നിന്റെയുള്ളിൽ മാത്രമായി
ഞാൻ ചുരുണ്ടൊതുങ്ങട്ടേ.
എനിക്ക് മടിത്തട്ടാകൂ;
മുകളിൽ എന്റെ ആകാശമായി
നിന്റെ മുഖം നിറഞ്ഞ് ഞാൻ കാണട്ടെ.
പിന്നെ ഞാനാകൂ;
ഞാൻ നീ മാത്രമാകട്ടെ.