എനിയ്ക്ക് സ്വാതന്ത്ര്യമല്ല
വേണ്ടതെങ്കിലോ?
ഞാൻ ചോദിയ്ക്കുന്നത്
പകരം, കൽത്തുറുങ്കാണ്.
പ്രണയം നിറഞ്ഞുരുവിടുന്ന
നിന്റെ താഴ്‌ന്ന ശബ്ദം മുഴങ്ങുന്ന
ശൂന്യമായ ഒരു കൊച്ചിടം.
നിന്റെ പ്രണയവാക്കുകൾ പതിഞ്ഞ ഭിത്തി,
അതിൻ മേലിൽ നിന്റെ മുഖം
കോറിവരയ്ക്കാനൊരു കല്ല്,
എന്റെ തീവ്രപ്രണയകാവ്യങ്ങളടക്കം
എന്റെ കത്തുകൾ ചുമക്കുന്ന നിലം.
എന്റെ വിരഹബാഷ്പങ്ങളുടെ നനവുള്ള
വായു, ശൂന്യത, ശ്വാസം.
ഉറപ്പുള്ള അഴികൾ,
തുറക്കാനാകാത്ത പൂട്ടിയ താഴ്,
പിന്നെ,
എന്നെ മോചിപ്പിക്കില്ലെന്ന വാക്ക്.
എനിയ്ക്ക് വേണ്ടത്
കൽത്തുറുങ്കാണ്.
നിദ്രകളും സ്വപ്നങ്ങളും വേണ്ട.
അതിനേക്കാൾ ആസ്വാദ്യം
നീയെന്ന ചിന്തയും
അതാകുന്ന എന്റെ ജീവനുമാണ്.
എന്നെ, എന്റെ ഒരു നിമിഷത്തെ പോലും
ഈ ലോകത്തിനായി
നീ പകുത്തു നൽകരുത്.
നിനക്കായ് ഓരോ ശ്വാസവും ആഞ്ഞാവാഹിച്ച്
ഈ ജന്മം മുഴുവനും ഇരുന്നാലും
നിന്നോടുള്ള എന്റെ പ്രണയാഴങ്ങളിൽ
ഒന്ന് മുങ്ങുവാൻ കഴിയില്ലെനിയ്ക്ക്.
എന്നെ ആരും ശല്യപ്പെടുത്താതെ
നീ കാക്കുക.
നിനക്കായ് ഞാനൊരു
മുഴുനീള ജന്മം തന്നെ എഴുതുകയാണ്.
ഞാൻ ചോദിയ്ക്കുന്നത്
നീയല്ലാതെ മറ്റൊരു ചിന്തയും
പിറക്കുവാൻ ധൈര്യപ്പെടാത്ത
കൽത്തുറുങ്കാണ്.
അതിനുള്ളിലെ നിന്നിൽ
അതിരില്ലാത്ത സ്വാതന്ത്ര്യവും.
എനിയ്ക്ക്
നീയെന്ന കൽത്തുറുങ്കിലെ
അതിരില്ലാത്ത സ്വാതന്ത്ര്യം തരുക.
ഞാൻ നിന്നെ
സ്വതന്ത്രമായ് പ്രണയിച്ചുകൊള്ളട്ടെ!