Jyothy Sreedhar

അടിക്കുറിപ്പുകൾ

ഒടുക്കം
നമ്മൾ കണ്ടുപിരിഞ്ഞപ്പോൾ
നിന്റെ ശ്വാസങ്ങളാൽ
ഊതിവീർപ്പിക്കപ്പെട്ട,
പ്രണയാകൃതിയിലുള്ള
ഒരു ബലൂൺ മാത്രമാണ്‌
എന്റെ ഹൃദയമിപ്പോൾ.

നിന്നെ കാണാതിരിക്കുമ്പോൾ
നിമിഷങ്ങൾ സുഖപ്രസവത്തിലൂടെ
മണിക്കൂറുകൾക്ക്‌ ജന്മം നൽകുന്നു.

ദൂരെ ആയിരുന്നപ്പോൾ
ഞാൻ അനുഭവിച്ച വിരഹം
തീവ്രതയുടെ അഗ്രത്തിലെന്ന്
അന്ന് തോന്നിയിരുന്നു.
തെറ്റ്‌.

ഇനിയും ദൂരമുണ്ട്‌,
നിന്നെ കാണും വരെ.
ദൂരം പകുതിയായി കുറയുമ്പോൾ
വിരഹം ഇരട്ടിയാകുന്നതേയുള്ളൂ.

എന്റെ തൊട്ടരികിൽ,
നീ കൂടെ നിൽക്കുമ്പോഴാണ്‌
വിരഹം കൊടുംതീവ്രമായി,
ഉഗ്രരൂപിയായി മാറുന്നത്‌.

ആ ഹ്രസ്വദൂരത്തിലെങ്ങോ
ഞാൻ നിന്നെ കെട്ടിപ്പുണരുന്നുണ്ട്‌,
ഉമ്മകൾ തരുന്നുണ്ട്‌,
നിന്റെ നെഞ്ചിൽ തലചായ്ച്‌
നീ പറയുന്നതത്രയും
നിന്റെ ഹൃദയതാളമടക്കം
ഞാൻ അനുഭവിക്കാറുണ്ട്‌.

പിന്നെ അത്‌ സങ്കൽപങ്ങളെന്ന്
ഞൊടിയിടയിൽ തിരിച്ചറിയുമ്പോൾ
തൊട്ടരികിലുള്ള നീയും ഞാനും തമ്മിൽ
പ്രപഞ്ചങ്ങൾ ദൂരമുണ്ടെന്ന് തോന്നും.

നീ അപ്പോഴും
സംസാരിച്ചുകൊണ്ടിരിക്കും.

ക്ഷമിക്കണം.
നിന്റെ തൊട്ടരികിൽ,
ആ ദൂരത്തു നിന്ന്
നീ പറയുന്നതൊന്നും
ഞാൻ കേൾക്കാറില്ല.
അവിടെയാണ്‌,
നിന്നോടുള്ള വിരഹത്തിന്റെ
പാരമ്യവും.

കൊടുംതീവ്രമായ
ചില ഉഗ്രവിരഹങ്ങളുണ്ട്‌, ഇങ്ങനെ.
ഒരു ശ്വാസദൂരത്തിനപ്പുറമിപ്പുറം നിന്ന്
ഒരു ചുംബനത്തിനായ്‌ പിടച്ചൊരുങ്ങുന്ന
ചുണ്ടുകളുടേതു പോലെ.

-------------------------

അടിക്കുറിപ്പ്‌:

എന്റെ കവിതയുടെ
എഴുതാപ്പുറങ്ങൾ വായിക്കരുത്‌.
അതിൽ ഞാനൊളിപ്പിച്ച നീയുണ്ട്‌.
തിളയ്ക്കുന്ന പ്രണയവും
കിതയ്ക്കുന്ന വിരഹവുമുണ്ട്‌‌.
നീ ചോദിച്ചാൽ,
ആത്മവഞ്ചനയോടെ
ഞാൻ നിഷേധിക്കുന്നയൊന്ന്;
അല്ലെങ്കിൽ മറ്റൊരാളുടെ
വിലാസം, നാമം ഞാനേകി
നിന്നെ പറ്റിക്കുന്നയൊന്ന്.
ക്ഷമിക്കുക!