Jyothy Sreedhar

സ്വാര്‍ത്ഥത

എന്തു സ്വാര്‍ത്ഥതയാണ്
നീയെനിയ്ക്ക് നല്‍കുന്നത്!

ഒന്ന്‍ ശാന്തമാകുവാന്‍
എന്നെ അനുവദിക്കാത്തത്ര;

ഞാന്‍ ദൂരത്തിരിക്കുമ്പോള്‍,
നിന്നെ കാണുന്നവരോട്
കടുത്തൊരസൂയ തോന്നുന്നത്ര;

നിന്‍റെ കൃഷ്ണമണികളുടെ
തെല്ലോരനക്കം പോലും
ആവാഹിക്കുവാന്‍ ദാഹിക്കുന്നത്ര;

നിന്നെ തഴുകാനൊരുങ്ങുന്ന കാറ്റിനെ
അരുത്, നീ ശ്വസിക്കരുതെന്നാശിയ്ക്കുന്നത്ര;

നിന്‍റെ അധരങ്ങളില്‍ നിന്ന് പൊഴിയുന്ന-
യോരോ ശബ്ദവും വഴിതെറ്റി
എന്നിലണയുവാന്‍ ഞാന്‍ കൊതിയ്ക്കുന്നത്ര;

നിന്‍റെ അസ്സാന്നിധ്യമുള്ളയിടത്തു നിന്ന്‍
വേരോടെ ഞാന്‍ കടപുഴകുന്നത്ര;

വിരഹത്തിന്‍റെ അഗ്നിപര്‍വ്വതങ്ങളും
അതിന്‍റെ കടലാഴങ്ങളും, മരുഭൂമിപ്പരപ്പും
ഭൂമിയായുരുണ്ട് എന്‍റെ ഗൃഹമാകുന്നത്ര;

ഞാന്‍ മുതല്‍ നീ വരെയുള്ള പാതയില്‍
ഒരു റാന്തലും കൊണ്ടു കാവല്‍ നിന്ന്‍
ആരും വരില്ലെന്നുറപ്പാക്കുന്നത്ര;

അവിടെ, കാവല്‍ നില്‍ക്കുമ്പോഴൊക്കെ,
സ്വപ്‌നവിത്തുകള്‍ വിതച്ച്, കൊയ്ത്
നിന്നെയൂട്ടുവാനിഷ്ടമാകുന്നത്ര;

എന്‍റെ പേരുകേട്ട നിസ്വാര്‍ത്ഥതകളെല്ലാം
നിന്‍റെ നാമം കൊണ്ട് വഴിമാറുന്നത്ര;

എന്തു സ്വാര്‍ത്ഥതയാണ്
നീയെനിയ്ക്കു നല്‍കുന്നത്-
ഞാനുണ്ടാകണം, നിനക്കു വേണ്ടി മാത്ര-
മെന്നെനിയ്ക്ക് തോന്നുന്നത്ര!