Jyothy Sreedhar

സ്വാതന്ത്ര്യം

ജനിച്ച നാള്‍ മുതലിന്നു വരെ, ഞാന്‍ സ്വാതന്ത്ര്യമനുഭവിച്ച ഏക ബന്ധം നിന്നോടുള്ള പ്രണയം മാത്രമാണ്. നിന്‍റെ സാമീപ്യത്തിലാണ് നിന്നയിടം ശിഥിലമായി സ്വതന്ത്രമായി ഞാന്‍ ഉയരാറ്; നിന്‍റെ ഒരു സ്പര്‍ശത്തിലാണ് കെട്ടുപിണഞ്ഞ ബന്ധങ്ങള്‍ക്കിടയില്‍ ചങ്ങലകളും അതിന്റെ നിഴലുകളും സ്വയം അപ്രത്യക്ഷമായി, കെട്ടുപാടുകളഴിച്ച് ഞാന്‍ നൈര്‍മ്മല്യം അനുഭവിക്കാറ്. പ്രണയം ശോകമെന്നു കുറിയ്ക്കുന്ന അരക്കവികള്‍ക്ക് തെറ്റുന്നു. അവര്‍ പ്രണയത്തെ അറിയാതെ, ഇരുട്ടില്‍ തപ്പി, അശ്രുക്കള്‍ കൊയ്യുന്നു. പ്രണയം മഹത്തായ ത്യാഗമായി അവര്‍ വാഴ്ത്തുന്നു. അവരോടു സഹതപിക്കുവാന്‍ വാക്കുകള്‍ ലഭിക്കാതെ, ഒരു ജന്മത്തിന്‍റെ സമയം തികയാതെ, ഞാന്‍ പ്രണയത്തില്‍ ഉയരുന്നു, പ്രണയത്തിന്‍റെ ആഴങ്ങളെ അറിയുന്നു- സ്വതന്ത്രമായി. നിന്നില്‍ നിന്ന് പോലും, നിന്നോടുള്ള എന്‍റെ പ്രണയം സ്വതന്ത്രമാകുന്നു. എന്നെ പുണരുവാന്‍ അതിനു സ്വഹസ്തങ്ങളുണ്ടാകുന്നു. എന്‍റെ ഇരുട്ടുകളില്‍ അതിന് നിന്‍റെ ആത്മാവിനെ ഓര്‍മ്മിപ്പിക്കുന്ന ശുഭ്രരൂപമുണ്ടാകുന്നു. നിന്‍റെ സാന്നിധ്യം പോലും നിന്‍റെ മജ്ജയില്‍ നിന്നു വേര്‍പെട്ട്, ഇരുട്ടിലെ വെളിച്ചമായ്‌, വ്യക്തമായ്‌ ഉടലെടുക്കുന്നു- നിന്നോളം പ്രണയമാര്‍ന്ന്, നിന്നില്‍ നിന്നും സ്വതന്ത്രമായ്‌.