ഒരു ദിനത്തിന്‍റെ ആരവങ്ങള്‍ കെട്ടടങ്ങുന്ന ഓരോ അസ്തമയത്തിലും എന്‍റെ ചിന്തകളില്‍ നീയെങ്ങനെ കവിതകള്‍ കുറിയ്ക്കുന്നുവെന്നു ഞാന്‍ അത്ഭുതപ്പെടാറുണ്ട്. വേനല്‍മധ്യത്തില്‍ നിന്ന് വര്‍ഷങ്ങളെ ഉണര്‍ത്തുന്നതും, രാത്രികളെ നെടുകെ കീറി ഉറക്കം കെടുത്തുന്നതും, നിശ്ചലതയില്‍ ചെറുകാറ്റുകളെ എന്‍റെ കെട്ടഴിഞ്ഞ മുടിയിലേ- യ്ക്കയക്കുന്നതും, നിന്‍റെ അസ്സാന്നിധ്യത്തെ മുറിച്ച് സാന്നിധ്യമാക്കുന്നതും മറ്റാര്‍ക്കും കഴിയാത്ത നിന്‍റെ മാന്ത്രികതയാകുന്നു. ഒരു ശബ്ദമായെങ്കിലും നീ എന്‍റെ അരികിലെത്തുമ്പോള്‍, ലോകം ഒരു ഞൊടിയില്‍ ശിഥിലമായി കേട്ടുകേള്‍വിയുള്ള പോലൊരു സ്വര്‍ഗ്ഗം പിറക്കുന്നുവെന്ന്‍ എനിയ്ക്ക് തോന്നാറുണ്ട്. മേഘപാളികളെ പോലെ, ഭാരങ്ങളെ അന്യമാക്കി, പൂക്കളെ കണ്ടും, സന്ധ്യയെ കണ്ടും, നിലാവൊളിയില്‍ ശോഭിതരായും താളത്തിലോഴുകുന്ന നദികളി- ലിടയ്ക്കൊന്നു കാല്‍ തൊട്ടും യഥേഷ്ടം സഞ്ചരിയ്ക്കും പോലെ ഞാന്‍ അനുഭവിക്കാറുണ്ട്. നിന്നെ കുറിച്ചോര്‍ത്താല്‍, പുതിയ ലോകങ്ങള്‍ പിറക്കാറുണ്ട്. പുതുമയുടെ പച്ചപ്പ് പടരാറുണ്ട്. നിന്നെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ട് അതില്‍ സാമ്രാജ്യങ്ങള്‍ ഉണ്ടാവാറുണ്ട്. അതിനുള്ളിലെ ഓരോ ചുവടിലും എനിക്ക് രത്നങ്ങള്‍ ലഭിക്കാറുണ്ട്- കവിതകളായി എന്‍റെയുള്ളില്‍ അക്ഷരമാര്‍ന്നു പിറക്കുന്നവ.