Jyothy Sreedhar

സ്ത്രീ

അമ്മയില്‍ നിന്നെന്നോ വഴുതിവീണിരുന്നു സ്ത്രീയുടെ ഇടംവശശാസ്ത്രങ്ങള്‍. ഇടതു കൈഞെരമ്പു ഹൃത്തിലേയ്ക്കെന്നും, ഇടതു മോതിരവിരല്‍ പ്രണയമോതിരത്തിനെന്നും, ഇടതുകണ്‍തുടിച്ചാലവളുടെ പ്രണയിതാവിന്‍റെ വരവെന്നും, ഇടതുകണ്‍കോണില്‍ നിശബ്ദപ്രണയമെന്നു- മമ്മ പറഞ്ഞതായോര്‍ക്കുന്നു. എന്‍റെ ഇടംകണ്ണില്‍ പ്രണയം തുടിച്ചപ്പോ- ഴുള്ള നിന്‍റെ വരവ് മുതല്‍, എന്‍റെ വലംകണ്ണിലെ വിരഹത്തിലെഴുതിയ നിന്‍റെ നാമം വരെ, എന്‍റെ കാഴ്ചകള്‍ക്ക് കുറുകെ നിന്‍റെ കഥകളാണ്. അമ്മ സത്യമാകുന്നതായി ഞാനറിയുന്നു. ഇരുമിഴികളിലുമൊപ്പം നിറയുന്ന കണ്ണീരൊഴുകി വീഴുന്നത് ശിവന്‍റെ ജടയോളമൊഴുകുന്ന ഗംഗ പോലെ, നിന്നില്‍ മാത്രമുള്ള പാതകളിലാണ്. നിന്നെ കാണുമ്പോഴുള്ള പ്രണയമൂര്‍ച്ഛയിലിടതും, നിന്‍റെ അസ്സാന്നിധ്യത്തിലുള്ള വലതുകണ്ണീരില്‍ വിരഹവും, എന്‍റെ മിഴികളിലെ നിന്‍റെ നിറവാകുന്നു. ഞാന്‍ നിന്നെ പ്രണയിക്കുന്ന സ്ത്രീയാകുന്നു.