പ്രണയത്തില്‍ ശക്തര്‍ അശക്തരാവു- മെന്നു ചരിത്രം രേഖപ്പെടുത്തിയപ്പോള്‍, ഞാന്‍ പ്രണയിക്കാന്‍ ഭയന്നിരുന്നു. ശക്തയായി, ഒറ്റയായി നിന്നു. ഇടിമിന്നലിനെ തോല്‍പ്പിക്കുവാനുള്ള തീക്ഷ്ണത പ്രണയം വിടരേണ്ടയെന്‍റെ കണ്ണുകളില്‍ ജ്വലിച്ചപ്പോള്‍ നിന്റെ വരവ് രാത്രിയെ കീഴടക്കിയ സൂര്യനായി മാറി. നിന്നെ നേരില്‍ നോക്കുവാന്‍ എനിയ്ക്കു ഭയമായിരുന്നു. നീയാല്‍ വെളിച്ചമേകപ്പെട്ട ലോക- മെന്റെ ശക്തിയെ വൃണപ്പെടുത്തി. നിന്നില്‍ നിന്നൊളിയ്ക്കുവാന്‍ ഞാന്‍ വൃഥാ ശ്രമിയ്ക്കുമ്പോള്‍ എന്‍റെ ചുറ്റുമുള്ള ലോകത്തെ നീ പ്രകാശിപ്പിച്ചതായി ഞാന്‍ കണ്ടു. അതില്‍ ഇത്ര നാളും കാണാത്ത പൂക്കള്‍ വെളുപ്പും കറുപ്പുമല്ലാതെ കാണപ്പെട്ടു. നിറങ്ങളുണ്ടായി. കാഴ്ച ലഭിച്ചു. വസന്തവും ചാറ്റല്‍മഴയും കണ്ടു. നീയില്ലാത്ത ലോകം അന്ധകാരത്തില്‍ മുങ്ങി എന്‍റെ ചരിത്രത്തിന്റെ കറുത്തചിത്രം ഞാന്‍ കണ്ട ഭൂമിയോളം ദൃശ്യമാക്കി. നിന്നോളമെന്നെ ലോകം കാണിച്ച മറ്റൊരാളില്ലെന്നിരിക്കെ, നിന്നോടുള്ള എന്‍റെ വിരഹത്തിന് ഞാനിട്ട നാമമായിരുന്നു ശേഷം, രാത്രികള്‍.