[ഈ ലേഖനം തരംഗിണിഓണ്‍ലൈന്‍ എന്ന മാസികയിലെ ഒക്ടോബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/410.html ] “ഒരു സിനിമയുടെ ഭാഗമാകുന്നത് അതില്‍ അഭിനയിക്കുന്ന നടീനടന്മാരോ, സംവിധായകരോ, അതിനു പണം മുടക്കുന്ന നിര്‍മ്മാതാക്കളോ മാത്രമല്ല, അതിനായി ട്രോളി ഉന്തുന്ന ലൈറ്റ് ബോയ്സ് വരെയാണ്. പക്ഷെ ഒരു വെള്ളിയാഴ്ച ആ സിനിമ ഇറങ്ങുമ്പോള്‍ അത് വരെ ഉള്ള എല്ലാം മറഞ്ഞു പോകും. അവരേറ്റ മഴകളും വെയിലുകളും എല്ലാം... പിന്നെ ഉള്ളത് ആ സിനിമയാണ്... ആ സിനിമ മാത്രം.” ഏതാണ്ട് ഇങ്ങനെ ഒന്ന് ഒരിക്കല്‍ അനൂപ് മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു കേട്ടിരുന്നു. കാണുന്ന സിനിമകളെ എല്ലാം ഒരു ദാക്ഷിണ്യവും ഇല്ലാതെ വിമര്‍ശിക്കാറുണ്ടായിരുന്നു പണ്ട് ഞാന്‍. പിന്നെ പിന്നെ, ഈ പറഞ്ഞ ഒരു വലിയ കൂട്ടായ്മയുടെ കഷ്ടപ്പാട് ഓര്‍ത്ത് ഞാന്‍ എന്റെ വിമര്‍ശനത്തിന്റെ മൂര്‍ച്ച അല്പം കുറച്ചിരുന്നു. അവരുടെ അധ്വാനത്തിന് അല്പം അംഗീകാരം കൊടുത്തുകൊണ്ട് തന്നെയായിരുന്നു പിന്നീടുള്ള എന്റെ വിമര്‍ശനങ്ങള്‍ എല്ലാം. ഇഷ്ടപെട്ട സിനിമകളെ വാനോളം പുകഴ്ത്തി, തീരെ ഇഷ്ടപ്പെടാന്‍ കഴിയാത്ത സിനിമകളെ അല്പം മാത്രം വിമര്‍ശിച്ച് ഞാന്‍ എന്റെ എഴുത്തുകള്‍ കൊണ്ട് പോയി. പല സിനിമകള്‍ക്കു വേണ്ടിയും അത് ശരിക്കും അര്‍ഹിക്കാത്ത മൂര്‍ച്ചക്കുറവ് ഞാന്‍ വിമര്‍ശനങ്ങളില്‍ സ്വയം സൃഷ്ടിച്ചു. അപ്പോഴാണ് എന്റെ കഴിഞ്ഞ അവധിക്കാലത്തിന്റെ വരവ്. ഓണസമയം. തിയേറ്ററുകള്‍ കയറി നടന്നു സിനിമകള്‍ കാണണം എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നു. മെമ്മറീസ് മുതല്‍ ഇങ്ങോട്ടുള്ള സിനിമകള്‍. ആര്‍ട്ടിസ്റ്റ് എന്ന സിനിമ ഞാന്‍ കാണാതെ വിട്ടതിന്റെ നഷ്ടബോധം ഉണ്ട്. ലുലു മാളിലെ പിവിആര്‍ തിയേറ്ററില്‍ അതുണ്ടെന്നു കേട്ട് ഇറങ്ങി പുറപ്പെട്ടു. ലിസ്റ്റ് എടുത്തപ്പോള്‍ അത് തൊട്ടു മുന്‍പത്തെ ദിവസം മാറിയെന്നു കേട്ട് 'ഡി കമ്പനി' എന്ന സിനിമ കാണാന്‍ കയറി. ഈ അടുത്തെങ്ങും ഇത്ര ദേഷ്യം തോന്നിയ മറ്റൊരു സിനിമ ഇല്ല എന്ന് തുറന്നു പറഞ്ഞു കൊള്ളട്ടെ. ഈ ലേഖനത്തിലെ ആദ്യ ഉദാത്ത വരികള്‍ പറഞ്ഞ അതേ അനൂപ് മേനോന്‍ സ്വയം മോഹന്‍ലാല്‍ ആയി മാറാന്‍ ഉള്ള ശ്രമം: അതിനായുള്ള ബില്‍ഡ് അപ്പ് ഷോട്ടുകള്‍, 'ആറാം തമ്പുരാനി'ലെ പോലെ നര്‍മം കലര്‍ത്തിയ ഭീഷണികള്‍, ഹൈടെക് അടിപിടി, 'സാഗര്‍ ഏലിയാസ് ജാക്കി'യിലെ സ്ലോ മോഷന്‍ നടത്തം... അങ്ങനെ നീളും ആ സിനിമ. എന്തിനായിരുന്നു ഞാന്‍ അത്ര നാളും അനൂപ് മേനോനെ ഇത്രയേറെ ആരാധിച്ചത് എന്നോര്‍ത്ത് സ്വയം പുച്ഛം തോന്നിപ്പോയി. ഈ സിനിമയുടെ അത്ര വെറുപ്പിച്ചില്ലെങ്കിലും 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്', 'ശ്രുംഗാരവേലന്‍' മുതലായ ചിത്രങ്ങള്‍ പ്രേക്ഷകര്‍ എന്ന നിലയില്‍ നമ്മള്‍ അര്‍ഹിച്ച ചിത്രങ്ങള്‍ ആവുന്നില്ല എന്ന് ഉറപ്പോടെ ഞാന്‍ പറയുന്നു. ഹണിബീ എന്ന ചിത്രം കാണുവാന്‍ ഇത് വരെ ധൈര്യം വന്നിട്ടില്ല. എന്തുകൊണ്ടാണ് പ്രേക്ഷകരുടെ ആസ്വാദനത്തെ പുച്ചിക്കുന്ന ഇത്തരം സിനിമകള്‍ ഉണ്ടാക്കുവാന്‍ സിനിമാപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നത്? എന്നിട്ട് എന്തിനാണ് അവര്‍ അത് ഉദാത്തവല്ക്കരിക്കുന്നത്? പൈറേറ്റഡ് സിഡി കാണാതെ തിയേറ്ററില്‍ തന്നെ പോയി കാശു മുടക്കി സിനിമ കണ്ട് അവരെ സഹായിക്കണം എന്ന് അവര്‍ പറയണമെങ്കില്‍ അവര്‍ തരുന്നത് പ്രേക്ഷകരെ കളിയാക്കുന്ന സിനിമകള്‍ ആകാമോ? നന്നാവും എന്ന് വിചാരിച്ചു തന്നെ സദുദ്ദേശ്യത്തോടെ ചെയുന്ന ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാവും, എവിടെയോ പാളിപ്പോയതാണെന്ന്. അത് ക്ഷമിക്കാന്‍ ഞങ്ങള്‍ക്ക് വിരോധമില്ല. പക്ഷെ, 'മായാമോഹിനി' ഉള്‍പ്പടെയുള്ള ചില അസഹനീയ അശ്ലീല കോമഡി ചിത്രങ്ങള്‍ ഉണ്ടാകുന്നതിനെ കുറിച്ചു ചോദിച്ചപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും നടന്‍ ദിലീപ് പറഞ്ഞത്, അത്തരം സിനിമകളെ ആണ് പ്രേക്ഷകര്‍ക്ക് വേണ്ടത്, അതുകൊണ്ടാണ് അത്തരത്തില്‍ ഉള്ള ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റ് ആകുന്നത് എന്നുമാണ്. അങ്ങനെ ഒരു വിചാരം യഥാര്‍ഥത്തില്‍ ഞങ്ങള്‍ ആകുന്ന പ്രേക്ഷകരെ പുച്ചിക്കുകയല്ലേ ചെയ്യുന്നത്? ഞങ്ങള്‍ക്ക് അത്തരം സിനിമകളും കോമഡികളും ആണ് 'എന്‍റര്‍ട്ടെയിന്‍മെന്‍റ്' എന്ന് അവര്‍ തന്നെ സങ്കല്‍പ്പിക്കുന്നു, ഇറക്കുന്നു, കാശ് കൊടുത്ത് വരെ ആളുകളെ കയറ്റുന്നു, തിയേറ്ററുകള്‍ക്ക് കാശ് അങ്ങോട്ട് കൊടുത്ത് സിനിമകള്‍ അന്‍പതും നൂറും ദിവസം ഓടിച്ച് ഇപ്പറഞ്ഞ സൂപ്പര്‍ ഹിറ്റുകള്‍ ആക്കുന്നു. എന്നിട്ട് അവര്‍ തന്നെ പറയുന്നു നമുക്ക് അതായിരുന്നു ഇഷ്ടം എന്നും, അതുകൊണ്ടാണ് അവര്‍ നമുക്ക് വേണ്ടി മാത്രം അത് ഇറക്കിയതെന്നും. നിഷ്കളങ്കമായ, കലര്‍പ്പില്ലാത്ത സാമൂഹികപ്രതിബദ്ധത! ഇപ്പറഞ്ഞ സാമൂഹിക പ്രതിബദ്ധത അനൂപ് മേനോന്‍റെ കൂളിംഗ് ഗ്ലാസും, അനൂപ് മേനോന്‍റെ ജാഗ്വറും അനൂപ് മേനോന്‍റെ സ്റ്റൈലും പിന്നെ അനൂപ് മേനോനും നായകന്മാരാകുന്ന ഡി കമ്പനിയില്‍ ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചാല്‍ അനൂപ് മേനോന്‍ അടക്കം ഉള്ളവര്‍ക്ക് ഉത്തരം ഉണ്ടാവില്ല എന്നുറപ്പാണ്. ആ സിനിമയില്‍ അഭിനയിച്ച ജയസൂര്യയോടും ഫഹദിനോടും സത്യത്തില്‍ അനുകമ്പ തോന്നിപ്പോയി. അല്പം ഭേദം എന്ന് പറയാവുന്നത് അവര്‍ രണ്ടു പേരുടെ അഭിനയവും, ഫഹദ് അഭിനയിക്കുന്ന കഥയും ആണ്. അഭിനയിക്കുമ്പോള്‍ കിട്ടുന്ന കാശ് കൊണ്ട് ജാഗ്വര്‍ മേടിക്കാനും അടിച്ചുപൊളിച്ചു ജീവിക്കാനും കഴിയുന്നവര്‍ക്ക് ഈ പറഞ്ഞ ടിക്കറ്റിന്റെ നൂറ്റി ഇരുപതു രൂപ (മള്‍ട്ടിപ്ലക്സില്‍ ആണെങ്കില്‍) ഒന്നും ആയിരിക്കില്ല. പക്ഷെ, ഒന്ന് പറഞ്ഞു കൊള്ളട്ടെ ഇവരുടെ ഭാഷയില്‍ തന്നെ: ഒരു വെള്ളിയാഴ്ച ഒരു സിനിമ കാണാന്‍ കയറുന്ന ഒരാളുടെ കയ്യില്‍ ഇരിക്കുന്ന നൂറു രൂപയുടെ പിന്നില്‍ അയാളുടെ വിയര്‍പ്പുണ്ട്, ആ നൂറു രൂപ ഉണ്ടായതിന്റെ ഒരു ചരിത്രമുണ്ട്, അയാള്‍ ഏറ്റ വെയിലുകളും മഴകളും ഉണ്ട്. പക്ഷെ ഒരു സിനിമയ്ക്ക് ടിക്കറ്റ് കിട്ടുവാന്‍ അത് കൊടുക്കുന്നതോടെ ആ ചരിത്രം എല്ലാം മാഞ്ഞു പോകും... പിന്നെ ഉള്ളത് ആ ടിക്കറ്റാണ്... ആ ടിക്കറ്റ് മാത്രം... കാഴ്ചയില്‍ ഒരു കടലാസു തുണ്ട്. ചില സിനിമകള്‍ കണ്ടിറങ്ങുമ്പോള്‍ ഒരുവനെ വെറും കടലാസാക്കി മാറ്റുന്ന വെറും ഒരു കടലാസുതുണ്ട്. അധ്വാനിക്കുന്ന ഒരുവന്റെ നൂറു രൂപയെ പുച്ഛിക്കരുത്. വെറും നുണ മാത്രം എഴുതി പിടിപ്പിച്ചുള്ള പോസ്റ്ററുകള്‍ ഇട്ട് അവന്റെ ആ നൂറു രൂപയെ പിടിച്ചു പറിക്കരുത്. അങ്ങനെ ഒരു വശം കൂടി സിനിമ എടുക്കുമ്പോള്‍ ഒരു സിനിമാപ്രവര്‍ത്തകന്‍ ആലോചിക്കേണ്ടതുണ്ട് എന്ന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ഞാന്‍ കുറിക്കുന്നു.