ഓരോ ചുവടിലുമുയര്‍ന്ന്‍ ആകാശം ഭൂമിയില്‍ നിന്നു വേറിട്ടുകൊണ്ടിരുന്നു. ഒന്നായി ലയിച്ച കോണില്‍ സന്ധ്യയെന്ന അപൂര്‍ണ്ണരക്തം വികാരനീലിമയില്‍ ഒഴുകുന്നു. സൂര്യചന്ദ്രന്മാര്‍ ശൂന്യതയില്‍. അതാകാശത്തിലെന്നത് മിഥ്യ. ഭൂമിയിലെ ധാരണ. വെളിച്ചമാകാശമേറ്റു വാങ്ങുമ്പോള്‍ നിഴലുകള്‍ പതിച്ച് ഭൂമി ഇരുളുന്നു. ആകാശം കാണാതെയാകുന്നു. പ്രണയം മഴയായി പെയ്തൊഴിഞ്ഞ് ഋതുഭേദത്തില്‍ ആവിയാകുമ്പോള്‍ ഭൂമി ചുട്ടുപൊള്ളുന്നു. അപൂര്‍ണ്ണമായ മഴത്തുള്ളികള്‍ ഇടയില്‍ മോഹങ്ങളൊരുക്കുന്നു. പിന്നെ നാമം പോലെ മാഞ്ഞുപോകുന്നു. ഭൂമി മണ്‍തരികളുരസിപ്പാടുന്നു. അതില്‍ പരുക്കനായ തന്ത്രികളുടെ വലിയുന്ന ഈണം. ശ്രുതിയില്ലായ്മ. കൊടുങ്കാറ്റില്‍ ജനലുകള്‍ കൊട്ടിയടക്കപ്പെടുമ്പോലെ കാതടയ്ക്കുന്ന അവതാളം. പൂര്‍ണ്ണമല്ലാത്ത രാഗങ്ങളില്‍ പഴയ ഓര്‍മ്മകള്‍ രചിച്ച് വികാരാര്‍ദ്രമായ് ഭൂമി. ഈ ഇടനാഴിയിലോ അവര്‍ സംഗീതത്തിലൂടെ പ്രണയബദ്ധരായത്...?