Jyothy Sreedhar

ശേഷം

...ശേഷമാണ്,
നിന്റെ മൗനത്തിൽ
വെന്തു വെണ്ണീറായ
എന്റെ മനസ്സിന്റെ,
സ്വയം ഇരുളാൻ തുടങ്ങിയ
ചക്രവാളങ്ങളിൽ
നിന്റെ വാക്കുകൾ ഉരസി
സാന്ധ്യവർണം നിറച്ചത്.

ഞാൻ പൊട്ടിച്ചിതറിയിരുന്നു.
എനിക്ക് ചാർത്താൻ നീ കൊതിച്ച
പല നിറങ്ങളിലെ കുപ്പിവളകൾ
ആകാശനീലിമയെ കീഴടക്കി
ചിതറിത്തെറിച്ചതു പോലെ കാണപ്പെട്ടു.
എന്റെ, നീ സ്നേഹിച്ച കണ്ണുകളിൽ,
നീയെഴുതാൻ കൊതിച്ച കരിമഷി
ഒരു വിരഹഗംഗാപ്രവാഹത്തിൽ
ഒഴുകിയൊലിച്ച് മണ്ണോടു മണ്ണായിരുന്നു.

മൗനത്തെ ഭേദിച്ചു കൊണ്ട്
ഒടുവിൽ നിന്റെ ശബ്ദം
ഇടറിയും എന്റെ കാതിൽ പതിഞ്ഞപ്പോൾ,
ഞാൻ വീണുടഞ്ഞ മണ്ണിൽ നിന്ന്
ഒരു നിമിഷം കൊണ്ട്
നിന്റെ കൈക്കുടന്നയാൽ
എന്റെ മുഖം കോരിയപ്പോൾ,
എന്റെ നെറ്റിയിൽ
ഞാൻ കാത്തിരുന്ന നറുചുംബനം കൊണ്ട്
എന്നെ നീ തിരികെ ചേർത്തപ്പോൾ,
ഒരിറ്റുനീരിൽ തന്നെ
ഒരായിരം കണ്ണീർപ്പാതകൾ നിറഞ്ഞു തുളുമ്പി
ഒഴുകാൻ വെമ്പിയപ്പോൾ,
നിന്റെ നെഞ്ചിൻപരപ്പിലെ താപത്തിൽ
വിയർപ്പുകണങ്ങളായി അത് ഇറ്റിയപ്പോൾ,
എന്തൊക്കെയാണ് നിനക്കായി തുടിച്ചത്!
ഏതു ഭാഷ കൊണ്ടാണ്
ഞാൻ അതിനെ എഴുതുക!

നമ്മുടെ ആത്മാവും മനസ്സും വാക്കുകളും
പിന്നെ ഈ അതിഭ്രാന്തുകളുമെല്ലാം
നമുക്കിടയിൽ തമ്മിൽ ലയിച്ച്,
കേവലം ഒരു ധ്രുവച്ചുരുളായി പരിണമിക്കുന്നത്
നമ്മുടെ ദേഹത്തിന്റെ പരിധിയെ ഓർത്ത്
കുശുമ്പോടെ നമുക്ക് കണ്ടിരിക്കാം.
അവർക്കെങ്കിലും വിലക്കുകൾ കൽപിക്കാതിരിക്കാം!

ഒടുവിൽ,
ഒന്നും പറയാതെ, വെറുതെ,
വെറും കാഴ്ചക്കാരായി,
നിശബ്ദരായി ചേർന്നിരിക്കാം.