ഒരു നാള്‍ക്കപ്പുറം ശിവരാത്രിയാണ് എന്ന് കലണ്ടര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഞാന്‍ ഇല്ലാത്ത ആലുവയില്‍ ശിവരാത്രികള്‍ ആഘോഷിക്കപ്പെടുന്നു. ദൂരെ ചെന്നൈയില്‍ ഇരിക്കുമ്പോള്‍ ഈ അകല്ച്ചയില്‍ ആലുവ പിടയ്ക്കുന്നതായി തോന്നുന്നു. പെരിയാറിന്‍റെ ഓളങ്ങള്‍ തട്ടിത്തുള്ളുന്ന വഞ്ചികള്‍ എന്റെ ഓര്‍മകളില്‍ തുഴയുന്നു... അവിടെവിടെയോ ഞാന്‍ എനിക്ക് നഷ്ടപ്പെടുന്നു... ശിവരാത്രിനാളിലും തുടര്‍ന്നുള്ള ഏതാണ്ട് ഒരുമാസവുമാണ് പുഴ കടക്കുന്ന തോണിയില്‍ ഇരുന്നു സഞ്ചരിക്കുവാനുള്ള ഭാഗ്യം... അന്ന് രാവിലെ കുളിച്ച് പട്ടുപാവാടയോ മറ്റോ ഇടണം എന്ന് ആലോചിക്കുമ്പോഴാണ് വള്ളത്തിലെ ചെളിയെ കുറിച്ചോര്‍ക്കുക. അത് മാറ്റിവച്ച് തരക്കേടില്ലാത്ത ഏതെങ്കിലും ഒന്നു ധരിക്കും. അച്ഛന്റെയും അമ്മയുടെയും ഒപ്പം ഇറങ്ങുമ്പോള്‍ ചേട്ടന്‍ പലപ്പോഴും ഉറക്കമായിരിക്കും. തിങ്ങി നിറഞ്ഞ ബസ്സില്‍ കയറി മൂന്ന് ബസ് സ്റ്റോപ്പ് അപ്പുറത്തുള്ള മണപ്പുറത്തെത്തും. പിന്നെ നടന്ന് പുഴക്കരയില്‍ എത്തി വഞ്ചികള്‍ കാത്തു നില്‍ക്കും. വരുമ്പോള്‍ രണ്ടു മൂന്നെണ്ണം ഒരുമിച്ചു വരും. നീളം കൂടിയത്, കുറഞ്ഞത്, വീതി കൂടിയത്, കുറഞ്ഞത്, പിന്നെ ഇതിന്റെയൊക്കെ പല ചേര്‍ച്ചകള്‍. അമ്മ പറയും ചെറിയ വഞ്ചികളില്‍ കയറിയാല്‍ മതിയെന്ന്. കയറാന്‍ വിഷമം ആണത്രേ. അങ്ങനെ ഞങ്ങള്‍ ജാടയില്ലാതെ ചെറിയ വള്ളത്തില്‍ കയറി യാത്ര തുടങ്ങും... ചരിത്രം ഉറങ്ങുന്ന മണപ്പുറത്തിന്‍റെ മണ്ണിലേക്ക്. അക്കരെ എത്താറാകുമ്പോള്‍ ഒന്നെത്തി നോക്കും. പരിചയമുള്ള ആരെ എങ്കിലും കാണാതിരിക്കില്ല ഒരിക്കലും. ചിലപ്പോള്‍ പണ്ടെങ്ങോ കണ്ടു മറന്ന ഒരാളെ, അല്ലെങ്കില്‍ ഇന്നലെ വരെ എന്നും കണ്ടു ബോര്‍ അടിക്കുന്ന ഒരാളെ... ആ നാട് തന്നെ സമ്മേളിക്കുന്ന ഒരു പൂര്‍വ വിദ്യാര്‍ഥി സംഗമം പോലെ അവിടെ നമുക്ക് കാണാം വിശേഷങ്ങള്‍ കൊതിയോടെ കൈമാറുന്ന വിവിധ പ്രായക്കാരായ നാട്ടുകൂട്ടങ്ങളെ. ക്ഷേത്രത്തില്‍ തൊഴുത് തിരിച്ചു വഞ്ചിയില്‍ കയറുമ്പോള്‍ ഒരു ചെറിയ നോവ് എവിടുന്നോ കയറി വരും... അതിന് ഒരു വിലാസമെഴുതാന്‍ എനിക്കറിയില്ല. പുഴയിലെ യാത്രയില്‍ അഞ്ചെട്ടു കണ്ണുകളുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകും. അത്തരത്തിലാണ് എന്റെ തല തിരിഞ്ഞു എല്ലാ കാഴ്ചകളെയും സ്വന്തമാക്കുക. ദൂരെയുള്ള പാലം, അതിലോടുന്ന ട്രെയിന്‍, പുറകിലുള്ള ആലുവ പാലസ്, എന്‍റെ പ്രിയപ്പെട്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഓരത്തൂടെ അങ്ങിങ്ങായ് പൊങ്ങിയ പോഷ് കെട്ടിടങ്ങള്‍, പിന്നെ കാണാമറയത്തെവിടെയോ ഉള്ള ഉളിയന്നൂര്‍ ക്ഷേത്രം, ഇതിനെക്കാളൊക്കെ വഞ്ചി മുന്നോട്ടു പോകുമ്പോള്‍ താളത്തില്‍ തട്ടുന്ന ഓളങ്ങള്‍, വഞ്ചി വെള്ളത്തുള്ളികളെ തെറിപ്പിച്ച് വീശുന്ന രീതി... പുഴയുടെ ഇക്കരെ നിന്ന് അക്കരയിലെക്കുള്ള ആ വഞ്ചിയാത്ര- അതാണ് എന്‍റെ യഥാര്‍ത്ഥ ശിവരാത്രി. ചെറുപ്രായത്തില്‍ ഐതിഹ്യമൊക്കെ ആരറിയാന്‍! ശിവനും പാര്‍വതിയും തൊണ്ടയില്‍ കുടുങ്ങിയ വിഷവും ഒക്കെ എനിക്ക് പില്‍ക്കാല അറിവുകള്‍ മാത്രമായിരുന്നു. അതറിഞ്ഞിട്ടും വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നെയും എന്‍റെ നോട്ടം പുഴയില്‍ തന്നെയായിരുന്നു... മണപ്പുറം എന്നാല്‍ എനിക്കൊരു ക്ഷേത്രമല്ല. അത് എനിക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ഒരു ഷോപ്പിംഗ് സെന്റര്‍ ആയിരുന്നു. പണ്ട് സ്ഥിരമായി ഒരു മുളക്ബജ്ജിക്കും ഒരു റോസ് 'മദാമ്മപ്പൂട'യ്ക്കും ഉള്ള കാശ് എടുക്കുമായിരുന്നു. കുറച്ചു കൂടി വലുതായപ്പോള്‍ ഏതെടുത്താലും അഞ്ചു രൂപയുള്ള കമ്മലുകള്‍, വളകള്‍, പിന്നെ പ്രത്യേകത തോന്നുന്ന എന്തെങ്കിലുമൊക്കെ... കുറച്ച് കൂടി വലുതായപ്പോള്‍, അടുത്തുള്ളവരുടെയോ, ഫ്രണ്ട്സ്ന്റെയോ കൂടെ ചുറ്റിയടിക്കാന്‍ പറ്റുന്ന ഒരു സ്ഥലം. ഇങ്ങനെ മണപ്പുറത്തിന് എന്‍റെ പ്രായത്തിലൂടെ പരിണാമം വന്നുകൊണ്ടിരുന്നു. പുഴയ്ക്ക് എന്‍റെ വീക്ഷണ വ്യതിയാനങ്ങളിലൂടെ ആഴം കൂടിക്കൊണ്ടിരുന്നു. കേള്‍ക്കാത്ത ശബ്ദങ്ങള്‍ എന്‍റെ ഉള്ളില്‍ കവിതകള്‍ എഴുതി തുടങ്ങി. പിന്നീടെപ്പോഴെങ്കിലും ഒരു എഴുത്തുകാരി ആവുകയാണെങ്കില്‍ അക്കരെ നിന്ന് ഇക്കരെയ്ക്ക് പോകുന്ന ഒരു വഞ്ചിയിലിരുന്ന് ഒരു സ്പെഷ്യല്‍ ലേഖനം എഴുതുമെന്ന് ഞാന്‍ മനസ്സില്‍ ആഗ്രഹിക്കാറുണ്ടായിരുന്നു... ഇന്നും അത് ഒരു ചെറിയ, വലിയ മോഹമാണ്. മൂന്ന് വര്‍ഷങ്ങള്‍ ആയെന്നു തോന്നുന്നു, ഇപ്പോള്‍ പുഴയ്ക്ക് കുറുകെ ഒരു താല്‍ക്കാലികമായ പാലം ശിവരാത്രിയ്ക്ക് നീളാന്‍ തുടങ്ങിയിട്ട്. ഇപ്പോള്‍ നല്ല വസ്ത്രം ഇട്ടു പുഴ കടക്കാം, വഞ്ചിയുടെ ചെളിയെ പറ്റി പേടിക്കണ്ട. പാലത്തിലൂടെ നടന്ന് അങ്ങോട്ടും ഇങ്ങോട്ടും... പലരും പറയുന്നു ആ നടപ്പ് ഒരു വലിയ അനുഭവമാണെന്ന്. എനിക്ക് അത് ശിവരാത്രിയുടെ അസ്തമനം പോലെയാണ്... പാലത്തിലൂടെ നടക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ഇക്കരെ ഒറ്റയായി നിന്ന് ഒന്ന് നീട്ടി നോക്കിനാണ്... അവിടെ എനിക്ക് കാണാം ചെറുവഞ്ചിയില്‍ പുഴ കടക്കുന്ന എന്നെ... ആ കാഴ്ചയില്‍ തിളങ്ങും എന്‍റെ ആലുവാശിവരാത്രി... എന്‍റെ ചരിത്രം ഓടിക്കളിക്കുന്ന മണപ്പുറം... ശിവരാത്രിയുടെ എന്റേതായ ഐതിഹ്യം. ഞാന്‍ ഇവിടെയിരിക്കുമ്പോള്‍ എനിക്ക് ശിവരാത്രി വളരെയധികം നഷ്ടബോധം ഉണ്ടാക്കുന്നു. പക്ഷെ ഓര്‍മ്മകള്‍ എന്നും നഷ്ടപ്പെട്ടവയുടെതാണ്. അടുത്ത ശിവരാത്രിക്കെങ്കിലും എന്‍റെ ആലുവയെ എനിക്ക് കാണാന്‍ കഴിയുമെന്ന് വിചാരിക്കുന്നു. മറ്റൊന്നിനുമല്ല, പുഴയില്‍ കാല്‍ നനഞ്ഞുനിന്ന് അക്കരയ്ക്കു നോക്കി, അവിടെ നിന്ന് ഒരു മുളക്ബജ്ജിയുടെ മണം വലിച്ചെടുക്കാന്‍... ഒരു മറവിയാകാത്ത എന്‍റെ ചരിത്രത്തെ അതിലൂടെ ആവാഹിക്കാന്‍.