എന്നില്‍ നിന്ന് സൂര്യനെ തടയുന്ന നിന്‍റെ നിഴലാണ് എനിക്കീ വേനലിന്‍റെ ഓര്‍മ്മ. എന്‍റെ തണല്‍ നീയാകുന്നുവെന്ന്‍ എന്നെ അറിയിച്ച വേനല്‍. മേയ്മാസച്ചൂടിനെ നനച്ച് ജൂണിലെ ആദ്യതുള്ളി പെയ്തിറങ്ങുമ്പോള്‍, ഒരു ജാലകത്തിനിപ്പുറം ഈ മഴക്കാലത്തെ ഞാന്‍ കാത്തിരിക്കുകയായിരുന്നു. വെളിച്ചം മങ്ങിയ മാനത്ത് ഇരുണ്ട മേഘങ്ങള്‍ കൂടുന്നതും ഒത്തു കൂടി വിരാജിക്കുന്നതും, ശേഷം ആ മാനത്തെ സ്വന്തമാക്കിയതും കണ്ണിമ വെട്ടാതെ ഞാന്‍ കണ്ടു. ദൂരെ, ആകാശത്തിന്‍റെ ഒരതിരില്‍ മഴ പെയ്തു തുടങ്ങിയതും, എന്നിലേയ്ക്ക് നീങ്ങിയതും, എന്‍റെ മുന്നില്‍ ആദ്യ തുള്ളി പെയ്തതും ഞാന്‍ കണ്ടു. ഇനിയീ കാലവര്‍ഷത്തില്‍ ചടുലമായ താളങ്ങളില്‍ പെരുമഴകള്‍ ആര്‍ത്തലയ്ക്കും. ഞാന്‍ കവിതകളെഴുതും. പ്രണയിക്കും. നിന്നോടുള്ള എന്റെ പ്രണയവ്യതിയാനങ്ങളെ സ്വന്തമാക്കി പെയ്യുന്ന മഴയില്‍ നനഞ്ഞ് മനസ്സ് കൊണ്ടെങ്കിലും നൃത്തം ചെയ്യും. ദൂരെ... ഒരസ്തമയസൂര്യനരികെ, മുഖംപൊത്തി നിന്‍റെ നിഴല്‍ കരയുമെന്നും, നിറഞ്ഞു പുഞ്ചിരിച്ച എന്‍റെ ചുണ്ടിലെ കോണില്‍ ഒരു വിരഹമായ് നീയെന്നും തുടിക്കുമെന്നും എന്നാല്‍ കുറിക്കപ്പെടാതെ എന്‍റെ കവിതകള്‍ അറിഞ്ഞുകൊള്ളട്ടെ.