Jyothy Sreedhar

വെയില്‍

പ്രഭാതം. ഇന്നലെ മരിച്ച അന്ധകാരത്തിന്റെ ദുരാത്മാവു ഭ്രാന്തമായി വിളറി ചിരിക്കുന്നു. വെയില്‍. കടുത്ത പ്രകാശം. കണ്ണുകള്‍ അടയുന്നു. വീണ്ടും തുറപ്പിക്കാതെ അന്ധകാരത്തിന്റെ ബാധ കണ്ണില്‍ പിടി മുറുക്കുന്നു. വെള്ളക്കകള്‍ കല്ലുമഴ പോലെ വീണുടയുന്നു. ഡിസംബറിന്റെ തണുപ്പ് എന്ടെ മൃതശരീരത്തിലെ പ്രവര്‍ത്തിക്കുന്ന നാഡികള്‍ ആകുന്നു. ഞാന്‍ മരവിക്കുന്നു. പിഴക്കുന്ന വാക്കുകളും കപടമായ വികാരങ്ങളും ചന്ദന മുട്ടികള്‍ എന്ന ഭാവത്തില്‍ ചിതയില്‍ നിരക്കുന്നു. എന്നില്‍ നിന്നും ഉയര്‍ന്ന പുകയ്ക്കു മുടി കരിഞ്ഞ മണം, സ്ത്രീത്വത്തിന്റെ രൂപമില്ലായ്മ. ശാപങ്ങളും നിശബ്ദതയും എനിക്കായി ശ്ലോകങ്ങള്‍ ചൊല്ലുന്നു. പ്രിയമായ പഴയൊരു പാട്ട് ഓര്‍ത്തെടുത്തു മൂളാന്‍ ശ്രമിക്കുമ്പോള്‍ അന്ത്യം. ശരീരം പുകയായി ഏതോ ഒരു ലോകത്ത്... ആത്മാവ് ദുഷിച്ചു മറ്റൊരു ലോകത്ത്... മനസ്സ് വര്‍ഷങ്ങളുടെ മരണം അവസാനിപ്പിക്കുന്നു. രക്തമില്ലാത്ത, ശ്വാസമില്ലാത്ത ഹൃദയം ആര്‍ക്കോ ദാനം ചെയ്യുന്നു. അണുക്കളായി ഞാന്‍ ചിതറി നശിക്കുന്നു. വിട.