ഈ ലേഖനം തരംഗിണി ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/501.html വിവാഹമോചനം എന്ന് കേട്ടാല്‍ മുഖം ചുളിയ്ക്കുന്ന സമൂഹമാണ് കേരളം. ഡിവോഴ്സ് ചെയ്യപ്പെടുന്ന സ്ത്രീകള്‍ തന്‍റെടികളും പുരുഷന്മാര്‍ മദ്യാസക്തി ഉള്ളവരോ, പരസ്ത്രീ ബന്ധമുള്ളവരോ ആണെന്നുമാണ് സമൂഹത്തിന്‍റെ ഒരു ഊഹം. പിന്നെ അവരുടെ കെട്ടിച്ചമയ്ക്കപ്പെട്ട പഴംകഥകളും ഊഹാപോഹങ്ങളും കൊണ്ട് ധന്യമായ പരദൂഷണ സദസ്സിലെ വിചാരണകള്‍. ഒടുക്കം വിധിയ്ക്കും തെറ്റ് ആരുടെ ഭാഗത്തെന്ന്. ഇത്തരം ചില സംഭാഷണങ്ങളുടെ വേദിയില്‍ ഞാന്‍ ഗതികേട് കൊണ്ട് ഇരിയ്ക്കേണ്ടി വന്നിട്ടുണ്ട്. അവര്‍ വിധിയ്ക്കുമ്പോഴുള്ള ആധികാരികത കേട്ട് ആ ഭാര്യാഭര്‍ത്താക്കന്മാരേക്കാള്‍ ആ ജീവിതങ്ങളെകുറിച്ചുള്ള നിശ്ചയം ഇവര്‍ക്കാണെന്ന്‍ തോന്നിപ്പോയിട്ടുണ്ട്. പല സിനിമാനടന്മാരുടെയും വിവാഹവും, വിവാഹമോചനവും പുനര്‍വിവാഹവും ഇത്തരം സദസ്സുകളില്‍ 'അന്വേഷിക്കപ്പെടാറുണ്ട്'. ഈ ഇടെ നടന്ന ഇത്തരം സംഭവങ്ങള്‍ സംസാരങ്ങളില്‍ മസാലകള്‍ ആകുന്നത് നമ്മള്‍ കാണുകയും ചെയ്തു. പക്ഷെ ഒരാളുടെ വിവാഹത്തിലും, ഗര്‍ഭധാരണത്തിലും, വിവാഹമോചനത്തിലും എല്ലാം എന്തിന് സമൂഹം ഇത്രയേറെ ഇടപെടണം എന്ന് എനിയ്ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ചില പുരുഷന്മാര്‍ക്ക് സ്ത്രീകളെ അബദ്ധത്തിനെന്ന വ്യാജേന തൊടാന്‍ അവസരം കിട്ടുമ്പോഴുണ്ടാകുന്ന കാമസുഖം പോലെയാണ് മറ്റൊരാളുടെ ജീവിതത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴുണ്ടാകുന്ന സമൂഹത്തിന്‍റെ പരദൂഷണ രതിമൂര്‍ച്ച. മുന്‍പ് ഇത്രയും വിവാഹമോചനങ്ങള്‍ നടന്നിട്ടില്ലെന്ന് പറയുമ്പോള്‍ ഒന്നോര്‍ക്കണം. മുന്‍പ് സ്ത്രീകള്‍ ഏറെക്കുറെ സഹിക്കാന്‍ മാത്രം വിധിക്കപ്പെട്ട ജീവികളായിരുന്നു. മുന്നോട്ടു വന്ന് അവരുടെ ആവശ്യങ്ങളോ ആഗ്രഹങ്ങളോ പറയാനാവാതെ പിന്‍വാതിലില്‍ ഒളിയ്ക്കുന്നവര്‍. ഭര്‍ത്താക്കന്മാരുടെ കാല്‍ക്കീഴില്‍ ഹോമിയ്ക്കപ്പെട്ട സ്ത്രീകള്‍. സ്ഥിതി വഷളാക്കുവാന്‍ മറ്റുള്ളവര്‍ എന്ത് വിചാരിയ്ക്കും എന്ന ഒറ്റ ചിന്തയില്‍ മാത്രം സ്വന്തം ദിനങ്ങള്‍ ജീവിക്കുന്ന ശൈലി ആയിരുന്നു അന്ന് മനുഷ്യരുടെത്. ഇന്ന് കാലം മാറുകയും, സ്ത്രീകള്‍ ആ അടിച്ചമര്‍ത്തപ്പെടലില്‍ നിന്ന് മുക്തി നേടി സ്വന്തം അഭിപ്രായങ്ങളെ ചങ്കൂറ്റത്തോടെ പറയുന്ന പ്രവണത ഉണ്ടാവുകയും ചെയ്തു. അപ്പോള്‍ വിവാഹമോചനങ്ങള്‍ കൂടുതല്‍ നടക്കുന്നുവെങ്കില്‍, "സ്ത്രീകള്‍ ശബ്ദിച്ചാല്‍ ഇങ്ങനെ ഇരിക്കും" എന്ന് പറയുന്നതിനേക്കാള്‍, പണ്ട് സ്ത്രീകള്‍ എത്രമാത്രം സഹിച്ചിട്ടുണ്ടാവണം എന്നോര്‍ക്കുകയാവും നല്ലത്. സഹിച്ചു സഹിച്ചു പുരുഷന്‍റെ എല്ലാ വിക്രിയകളെയും സഹിയ്ക്കുന്നതിനേക്കാള്‍ സ്വയം മോചിതയായി, ഒരിക്കല്‍ മാത്രമുള്ള ജീവിതം ജീവിയ്ക്കുക തന്നെയാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. വിവാഹമോചനം ഒരിക്കലും സ്ത്രീകളുടേത് മാത്രമല്ല. ഫെമിനിസം എന്ന പ്രക്രിയ തലയ്ക്കു പിടിച്ച സ്ത്രീകളില്‍ നിന്ന് മോചിതരാകാന്‍ പുരുഷന്മാരും മുന്നോട്ടു വരുന്നുണ്ട്. എന്ത് കാരണവുമായിക്കൊള്ളട്ടെ, സ്വസ്ഥമായി, സമാധാനമായി, സന്തോഷമായി ജീവിയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിന് പിന്നെ അവര്‍ ഒന്നിച്ചു ജീവിയ്ക്കണം എന്നൊരു ചോദ്യം അവിടെ ഉയരുന്നുണ്ട്. സമൂഹത്തിനു വേണ്ടിയാണോ മനുഷ്യന്‍ ജീവിയ്ക്കേണ്ടത്? മറ്റുള്ളവരെ കൊണ്ട് ഒന്നും പറയിക്കാതെ ജീവിച്ചു തീര്‍ക്കുന്നവനാണോ ശരിയായ മനുഷ്യന്‍ എന്നൊക്കെ ചോദ്യങ്ങളും അതില്‍ സ്പഷ്ടമായ, എന്നാല്‍ പ്രാവര്‍ത്തികമാവാത്ത ഉത്തരങ്ങളുമുണ്ട്. ഒരു കൂരയ്ക്കു കീഴില്‍ എങ്ങനെയും ജീവിയ്ക്കുന്ന ദമ്പതിമാരാണ് സന്തുഷ്ട കുടുംബ ജീവിതത്തിന്‍റെ വക്താക്കള്‍ എന്നാണ് സമൂഹത്തിന്‍റെ തിയറി. അതിനുള്ളില്‍ അവരുടെ ജീവിതം ചിലപ്പോള്‍ അവര്‍ മാത്രം അറിയുന്ന ഒന്നാവും. ഒരിയ്ക്കലും ഒന്നിച്ചു സന്തോഷിയ്ക്കാന്‍ കഴിയാത്ത എത്രയോ പേര്‍ മക്കളുടെ പേരില്‍, അല്ലെങ്കില്‍ സമൂഹത്തില്‍ നിന്നുണ്ടാകുന്ന മാനക്കേട് ഭയക്കുന്നത് കൊണ്ട് മാത്രം ഒന്നിച്ചു ജീവിയ്ക്കുന്നു! വ്യക്തിപരമായി അത്തരം എത്രയോ ദമ്പതികളെ എനിയ്ക്കറിയാം. സമൂഹത്തോടുള്ള എന്റെ പുച്ഛം കൂടുന്നത് അത്തരം ജീവിതങ്ങള്‍ കാണുന്നത് കൊണ്ടാണ്. സമൂഹത്തെ ഭയക്കുന്ന ജീവിയായി മനുഷ്യന്‍ എന്ന് മാറുന്നുവോ, അന്ന് അവന്റെ സന്തോഷങ്ങള്‍ ഹോമിക്കപ്പെടും. സമൂഹം ചിരിയ്ക്കുംബോഴേ അവനു ചിരിയ്ക്കാന്‍ കഴിയൂ എന്ന സ്ഥിതി ഉണ്ടാവുന്നു. യഥാര്‍ത്ഥത്തില്‍ അവരുടെ ജീവിതം അവര്‍ക്ക് വിട്ടുകൊടുത്തുകൂടെ? സമൂഹചര്‍ച്ചകളില്‍ നിന്ന് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെ മാറ്റിനിര്‍ത്തിക്കൂടെ? വിവാഹിതരാകാനും, മോചിതരാകാനും, പുനര്‍വിവാഹിതരാകാനും അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായികൂടെ? അതിലുപരി, അവരുടെ രീതിയില്‍ സന്തോഷിയ്ക്കാന്‍ എങ്കിലും അവര്‍ക്ക് അനുവാദം കൊടുത്തുകൂടെ? ചിന്തിച്ചാല്‍ ഒരന്തവുമില്ല. എങ്കിലും ഒന്ന് ചിന്തിച്ചുകൂടെ?