Jyothy Sreedhar

വിരുധാര്‍ദ്ധങ്ങള്‍

കണ്ണാടിയില്‍ പിശാചിന്റെ ചിരി കണ്ടതും അവള്‍ അമ്പരന്നു നിലവിളിച്ചു. അടുത്ത് നിന്ന ആരും കേള്‍ക്കാതായപ്പോള്‍ അവള്‍ ശങ്കിച്ചു- താന്‍ ആര്‍ക്കും കേള്‍ക്കാന്‍ കഴിയാത്ത ഒരാത്മാവാണോ എന്ന്. അല്ലെന്നു ഉറപ്പു വരുത്തുവാനായി മുഷ്ടി ചുരുട്ടി അവള്‍ ആഞ്ഞിടിച്ചു. കണ്ണാടിയില്‍ അവളുടെ ജീവിതത്തിന്റെ പ്രതിഫലനം. ദുര്‍വിധിയുടെ നുഴഞ്ഞു കയറ്റത്തിന്റെ രേഖ വ്യക്തം. കണ്ണാടി പൊട്ടിതകര്‍ന്നു കഷണങ്ങള്‍ ആകുന്നു, അവളുടെ പാദങ്ങള്‍ മുരിവേല്പിക്കുവാന്‍ ചിലത്, അവളില്‍ ഭീതി നിറയ്ക്കാന്‍ ചിലത്, അവളെ പലതായി മുറിച്ചു മറ്റു ചിലത്. ഒരു കഷണം മാത്രം മാറികിടന്നു- അവള്‍ കാണാതെ. അതില്‍ അവളുടെ മുടി വരിഞ്ഞു കിടക്കുന്നു. അവള്‍ കാണാതെ പൊടിഞ്ഞ ഒരു തുള്ളി ചോരയും. അത് അവളുടെ പാത പിന്തുടരുന്നവള്‍ക്കായി. കാറ്റിലും മഴയിലും കാലങ്ങള്‍ക്കൊപ്പം ആടിയുലഞ്ഞ ഒരു ചെറു മെഴുകുതിരിവെട്ടം അവളുടെ മറന്ന പുഞ്ചിരിയില്‍ ഓര്‍മയെഴുതുന്നു. മഞ്ഞു പോലെ തണുത്ത ഒരു പ്രണയത്തിന്റെ കയ്യൊപ്പ് അവള്‍ കാണാത്ത ഹൃദയത്തില്‍ പതിയുന്നു. തളിരിലയില്‍ നിന്നു ഇറ്റു വീണ തുള്ളി പോലെ സുന്ദരമായ്‌ അവള്‍ വീണലിയുന്നു. അത് മഞ്ഞാകുന്നു. ഉരുകി ഒലിക്കുവാന്‍, നദിയായോഴുകുവാന്‍, സൂര്യസൌഹൃദത്തില്‍ താലോലിക്കപെട്ടു ശൂന്യതയില്‍ പടരുവാന്‍... മേഘമായ് പ്രണയം എഴുതുവാന്‍... മഴയായി വിരഹം പെയ്യുവാന്‍... ഒരിക്കലും പിരിയാതിരിക്കുവാന്‍...