Jyothy Sreedhar

വിരുതൻ

വിരുതനാണു നീ!
കടങ്കഥകളുടെ വിരുതൻ!

‘ദൂര’ത്തിൽ നിന്നെത്ര കുറച്ചാൽ
അത്‌ ‘അടുപ്പ’മാകുമെന്ന്
കൂടെയുള്ള നിമിഷത്തിലെന്നോ
നീ കളിയായി ചോദിച്ചപ്പോൾ,‌
ഉത്തരമറിയില്ലെന്നു
ഞാൻ വാ പൊളിച്ചപ്പോൾ,
“നിന്റെ ചോദ്യവും ഉത്തരവും
ഞാനാകട്ടെ”യെന്ന് ചോദിച്ച്‌
ഒരു ഞൊടിയിൽ
എന്റെ കൈ ചേർത്ത
ഒരു വിരുതൻ!

മഴയിൽ, കുടയ്ക്കു കീഴിൽ,
ഞൊറിയുള്ള പാവാടയും
ചുരുട്ടിയൊതുക്കി
ഞാൻ നടക്കുമ്പോൾ,
അതേ കുടയ്ക്കു കീഴിൽ
മറ്റൊരാൾക്കുമിടമുണ്ടെന്ന്
ഞാനറിഞ്ഞിരുന്നില്ല.
മറ്റൊരു ദിനം,
ആരും കാണാതെ,
കുടയ്ക്ക്‌ കീഴിലേയ്ക്കോടി വന്ന്,
പിന്നിയിട്ടു മടക്കിക്കെട്ടിയ
എന്റെ മുടിയും തട്ടി,
എന്നെ നീ ചേർത്ത്‌ നടക്കും വരെ.

ഇന്ന് എന്റെ പക്കൽ
ഒരു കടങ്കഥയുണ്ട്‌.
അന്നത്തെ ഉത്തരം അറിയുമെങ്കിൽ
എനിക്കുത്തരം കണ്ടെത്താനാവുന്നത്‌-
‘അടുപ്പ’ത്തിൽ നിന്നെത്ര കൂട്ടിയാൽ,
എത്ര കുറച്ചാൽ,
‘ദൂര’മായി മാറും?

പറഞ്ഞു തരാൻ
ഇന്ന് നീയെവിടെയുണ്ട്‌?
എന്നിൽ നിന്ന് എത്ര ദൂരത്തിൽ,
എന്നോട്‌ എത്രയടുപ്പത്തിൽ?

മഴയുമുണ്ട്‌.
കുടയ്ക്കു കീഴിൽ
ഒരു ഭൂതകാലത്തോളമിടമുണ്ട്‌.
നീയുണ്ടെങ്കിലും, ഇല്ലെങ്കിലും.