Jyothy Sreedhar

വിരഹം

കാറില്‍, ഇടതു വശത്തിരുന്ന്‍, നിന്നോടൊപ്പം യാത്രകള്‍ പോകുമ്പോള്‍, എന്റെ വലതുകൈയ്യിനെ ചൂടോടെ പുണരുന്ന നിന്റെ പക്വമായ ഇടതു കൈയിനോ- ടെനിക്ക് അടക്കാനാവാത്ത പ്രണയമാണ്. ഇടയില്‍, ഒരു നിമിഷത്തേയ്ക്ക് എന്റെ കൈ നീ വിടുമ്പോള്‍, അതപൂര്‍ണ്ണമാകുന്നുവെന്ന് എനിയ്ക്ക് തോന്നാറുണ്ട്. ഞാന്‍ വിരഹം അനുഭവിക്കാറുണ്ട്. ഒരിക്കല്‍, മനുഷ്യന്റെ ഏറ്റവും അപൂര്‍ണ്ണമായ അവയവം ആകൃതി കൊണ്ടും, സ്വഭാവം കൊണ്ടും, ഹൃദയമെന്ന് നീ പറഞ്ഞതായോര്‍ക്കുന്നു. മറ്റൊന്ന് എന്റെ ഉള്ളംകയ്യാണ് എന്ന് ഞാന്‍ അറിയുന്നു. നിന്റേത് അതിനോട് ചേരാത്ത ഓരോ നിമിഷവും വികൃതമായ അതിന്റെ മുറിപ്പാടുകളെ ദൃശ്യമാക്കി, വിരലുകള്‍ക്കിടയില്‍ സാമ്യമല്ലാത്ത വിടവുകളിട്ട്, അപൂര്‍ണ്ണതയെ അതു സ്വയം വെളിവാക്കാറുണ്ട്. അപ്പോള്‍, ഒരു ചെറുനനവ്‌ എന്‍റെയുള്ളംകയ്യില്‍ ഞാന്‍ അറിയാറുണ്ട്. അത് വിയര്‍പ്പിന്റെതല്ല. ഒരു നിമിഷത്തെയ്ക്കെങ്കിലും, തീവ്രമായ, നിന്നോടുള്ള വിരഹത്തിന്റെതാണ്. നിന്റെ കൈ ചേര്‍ന്ന്, വിടവുകളെ നികത്തി, എന്‍റെയുള്ളംകയ്യടച്ച് മുറുകുമ്പോള്‍, അതേറ്റവും പൂര്‍ണ്ണതയോടെ സംരക്ഷിക്കപ്പെടാറുണ്ട്. വിരഹമെന്നത് എന്നും വലിയ ഇടവേളകളുടെതല്ല. എന്റേത്, നീയില്ലാത്ത അരനിമിഷങ്ങള്‍ക്കും സ്വന്തമാണ്. നിന്റെതിനോടു ചേരാത്ത എന്‍റെ ഉള്ളംകൈ, മറുപടി കിട്ടാത്തയെന്റെ മിഴിക്കോണുകള്‍, ഉള്ളില്‍ പാതികീറപ്പെട്ട ഹൃദയം, അടയ്ക്കപ്പെടാത്ത ചുണ്ടുകള്‍, ഒരു പാതിഭൂമി പോലെ ദേഹം- നീയില്ലാത്ത ഓരോ നിമിഷത്തിലും ഞാന്‍ വൈകല്യം അനുഭവിക്കുന്നു; അപൂര്‍ണ്ണയാകുന്നു. എന്‍റെ വിടവുകള്‍, വൈകല്യങ്ങള്‍, നീ നികത്തുക.