Jyothy Sreedhar

വാടകവീട്

ഇന്ന്, പുതിയ താമസക്കാര്‍ വരുന്നു അവളുടെ പഴയ വീട്ടിലേക്ക്. അവള്‍ക്കു മടങ്ങാം... അവളിറങ്ങുമ്പോള്‍, കുടിശികയുടെ കണക്ക് രണ്ട് വരയ്ക്കു മുകളില്‍ മിഴിച്ച കണ്ണുകളെ പ്രസവിച്ചു. കടങ്ങള്‍ ഒരു ജന്മത്തിനായ് ബാക്കി നിര്‍ത്തി അവള്‍ പടിയിറങ്ങുന്നു. പല മുറികളായി പിളര്‍ന്നു നിന്ന വീടിനെ അവളൊന്നു തിരിഞ്ഞു നോക്കി. ഇറയത്തെ കോണില്‍ മാറാല തൂങ്ങിയാടി- അവള്‍ക്കെന്ന പോലെ... അതില്‍ ആഴമുള്ള ഒരു ബന്ധത്തിന്റെ പഴക്കം. അവളുടെ നിശബ്ദമായ കാല്പ്പാടിനു പകരം പുതിയ താമസക്കാരിയുടെ കൊലുസ്സിന്റെ കിലുക്കം. അവളുടെ മനസ്സും മൌനവും കണ്ണ്നീരിനോപ്പം തളംകെട്ടിയ നടുമുറ്റത്തേക്ക് മഴയിലൂടെ ഒരു മേഘം ഊര്‍ന്നിറങ്ങി. അവള്‍ ചാരിയ തൂണ് അനക്കമറ്റു നിന്നു. പൂജാമുറിയില്‍ അവള്‍ കൊളുത്തിയ ചെരുവിളക്കിന്റെ പ്രകാശം ദൈവങ്ങള്‍ക്ക് വെളിച്ചമേകി... ആ വീട്ടില്‍, അവളെ നഷ്ടപെടുത്തി അവള്‍ യാത്രയാകുന്നു. വഴിയിലെ തൊട്ടാവാടിയുടെ മുള്ളുകള്‍ അവളെ കുത്തി പിണങ്ങി നിന്നു. അവളുടെ കണ്ണുനീര്‍ വീണു പുല്ല് മുളച്ചു വഴിയടഞ്ഞു. സമാപ്തം.