നിന്‍റെ കൈകള്‍ എന്‍റെ കൈകള്‍ ചേര്‍ത്ത് വയലിനിലമര്‍ന്നപ്പോഴാണ് എന്‍റെ പ്രിയതന്ത്രിവാദ്യത്തില്‍ പ്രണയസംഗീതമുതിര്‍ന്നതും എന്‍റെ വിരലുകള്‍ അതിന്റെ ഭാഗമായതും. അത്ര നേരവുമതില്‍ സംഗീതമില്ലെന്നെനിയ്ക്കു തോന്നിയിരുന്നു. നെടുകയും കുറുകെയും വായിക്കുവാന്‍ ശ്രമിച്ച് തന്ത്രികളുടെ പുച്ഛം ഞാന്‍ കേള്‍ക്കുകയുണ്ടായി. വയലിനോടുള്ള എന്‍റെ അഭിനിവേശത്തെ മാറി നിന്ന് നീ വീക്ഷിച്ഛതായി കണ്ടു. നടന്നടുത്ത്, ഒന്ന് പുഞ്ചിരിച്ച്, ആ വയലിനെ എന്‍റെ കൈകളില്‍ നീ ശരിയായി ചേര്‍ത്തു. അപ്പോഴാണ് വയലിന്റെ കനംകുറഞ്ഞ് എന്‍റെ മനസ്സോളമത് ലോലമായത്. എന്‍റെ വലതുകയ്യിനെ തിരമാല പോലെ നീ ഉയര്‍ത്തുകയും താഴ്ത്തുകയും അല്പം ചെരിയ്ക്കുകയുമുണ്ടായി. ഇടതു കയ്യിലെ വിരലുകള്‍ നിന്‍റെതിനൊപ്പം ചലിപ്പിച്ചു. ശ്രുതി തെറ്റാതെ, ഇമ്പമാര്‍ന്ന്‍, അപരിചിതമായൊരു മനോഹരഗാനം എന്‍റെ കൈകള്‍ ചേര്‍ത്ത് നീ എനിക്കായി മീട്ടി. നിന്‍റെ കൈയ്ക്കുള്ളില്‍ നിന്നുകൊണ്ട്, ഞാന്‍ പ്രണയതന്ത്രികളെയറിഞ്ഞു. വയലിന്‍ മീട്ടിയപ്പോള്‍, ഇടംകണ്ണുകൊണ്ട് നീയെന്നിലെഴുതിയ വാക്കുകളില്ലാത്ത കവിത. എന്നെ ചേര്‍ത്തിടതു ചെരിഞ്ഞപ്പോ- ളെന്‍റെ പിന്‍കഴുത്തില്‍ വീണ നിന്‍റെ നിശ്വാസമെന്ന രാഗം. ചേര്‍ന്നുനിന്നപ്പോള്‍ ഏറിയും കുറഞ്ഞും നമ്മുടെ ഹൃദയങ്ങള്‍ തന്ന താളം. അതിനേക്കാളൊരു ലയം ഇനിയറിയുവാനില്ലെന്നിരിക്കെ, നമ്മുടെയാ നിമിഷങ്ങളായിരുന്നോ എന്‍റെയീ ജന്മം...?