നിന്നോടൊപ്പം നനഞ്ഞ മഴക്കാലക്കഥകള്‍ ഞാന്‍ കവിതയായി കുറിക്കുമ്പോള്‍, നിന്നോടോപ്പമുള്ള അടുത്ത ജന്മത്തെ കവിതയിലൂടെ ഞാന്‍ പ്രതീക്ഷിക്കുമ്പോള്‍, ഞാന്‍ ചോദ്യങ്ങള്‍ നേരിടുന്നു. ഒരു മഴക്കാലസൌന്ദര്യത്തെ തല്ലിക്കെടുത്തി, ഹവ്വ ആദാമിന് ആപ്പിള്‍ കൊടുത്ത- തൊരു മഴയിലായിരുന്നോ എന്നയാള്‍ ചോദിച്ചു. അവര്‍ക്കിടയില്‍, പിന്‍തലമുറകളെ സൃഷ്ടിച്ച പ്രണയമില്ലാത്ത കാമമായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുമ്പോള്‍, അവിടെ മഴ ഉണ്ടായിരുന്നിരിക്കില്ല എന്ന് ഞാനോര്‍ത്തു. പ്രണയത്തിന് എന്നും മഴക്കാലമാണ്. അതിലൂടെയാണ് കൊടിയ വേനലിലും പ്രണയിതാക്കള്‍ സ്വയം സൃഷ്ടിച്ച നനവോടെ പ്രണയിക്കുന്നത്; മരുഭൂമിയിലും മനസ്സില്‍ മഴ പെയ്യിക്കുന്നത്.
പ്രണയത്തിനെന്നും സുന്ദരയൌവ്വനമാണ്. അതിലാണ് പടുവൃദ്ധര്‍ പോലും ബാല്യം മുതല്‍ യൌവനം വരെയും, യൌവനം മുതല്‍ ബാല്യം വരെയും നെടുകെയും കുറുകെയും സഞ്ചരിക്കാറ്. പ്രണയത്തില്‍ ഉറങ്ങുന്നവനും, പ്രണയത്തില്‍ ഉണരുന്നവനുമേ പ്രണയദിനങ്ങളുള്ളൂ. അല്ലാത്തവന്‍ ജീവിതത്തില്‍ കിതച്ചോടും. പ്രണയത്തിന്റെ ചെറുമഴ മനസ്സില്‍ പെയ്യുന്നവനേ മഴക്കാലങ്ങളുള്ളു. പ്രണയം ചിന്തയിലുള്ളവനേ നിത്യയൌവനമുള്ളു. അല്ലാത്തവര്‍ നാളെ കീഴടങ്ങും- ജീവിതത്തിന്‍റെ ഭാവനയില്ലായ്മയില്‍, ദഹനത്തോടെ തീരുന്ന ദേഹാവസ്ഥയില്‍, ഒരു ജന്മത്തോളം നീണ്ട വേനലില്‍, ഒരായിരം യുക്തിവാദശങ്കകളില്‍. തോല്‍ക്കുന്നവര്‍ തോല്‍ക്കട്ടെ. നമുക്ക് പ്രണയിക്കാം. എന്റെ ലിഖിതാലിഖിതമായ അനശ്വര കവിതകളില്‍ എന്നും നീയുണ്ട്, സ്വയം അതിന്റെ അനശ്വരതയായി. യാഥാസ്ഥിതികമായ ഏതു ചോദ്യത്തിനുമുത്തരം നീയാണ് എന്റെ യാഥാര്‍ത്ഥ്യം എന്നതാണ്.