Jyothy Sreedhar

യാത്രാമൊഴികള്‍

യാത്രാമൊഴികളോട്‌ മടുപ്പുണ്ട്‌.

ഉള്ളിലെ പിടപ്പും,
വിരഹഭീതിയും ചേർന്ന്
ജീവൻ പോകുമെന്ന് തോന്നാറുണ്ട്‌-
നിന്നോട്‌ യാത്രചൊല്ലാൻ തുടങ്ങുന്ന
ഓരോ വട്ടവും.

“ശരി, കാണാമെ”ന്ന് പറഞ്ഞ്‌
തമ്മിൽ കൈകൊടുക്കുമ്പോൾ
എന്റെ കൈത്തലത്തിൽ പതിയുന്ന
നിന്റെ കൈച്ചൂടിനെ
എന്റെ ആത്മാവോളം
ഞാൻ വിഴുങ്ങാറുണ്ട്‌,
ഓരോ വട്ടവും.

പിന്നെ, ശ്വാസങ്ങൾ വരെ
പിരിഞ്ഞ്‌ പിരിഞ്ഞൊരു ദൂരത്ത്‌
വീണ്ടും ഞാൻ തിരിഞ്ഞു നോക്കും.
കൈവീശും. വീണ്ടും യാത്ര ചൊല്ലും.

മുന്നിൽ നീയില്ലാത്ത വീഥിയാണ്‌.
വേണ്ടെന്ന് വച്ച്‌
നിന്നിലേയ്ക്ക്‌ ഓടിയടുത്താലോ,
നിന്നെ കെട്ടിപ്പുണർന്ന്
ഞാൻ നിന്റേതെന്ന്
പറയാതെ പറഞ്ഞെങ്കിലോ
എന്ന് തോന്നും.

പരിചിതമായിരുന്നയോരോന്നും
നിന്റെ അസ്സാന്നിധ്യം കൊണ്ട്‌ മാത്രം
എനിക്കന്യമാകുന്ന അവസ്ഥയുണ്ട്‌-
പിന്നിൽ നീ നിൽക്കുമ്പോൾ
മുന്നിലെ വഴികൾ,
ലോകം,
പിന്നെ ഞാൻ തന്നെ…
എനിക്ക്‌ അങ്ങനെയാണ്‌.

നടക്കുമ്പോൾ പിന്നെയും തിരിഞ്ഞ്‌
ഒരു നോക്ക്‌ നിന്നെ നോക്കും.
പിന്നെയും തിരിയും,
പിന്നെയും,
പിന്നെയും…

എനിയ്ക്കു നഷ്ടപ്പെടുന്നത്‌
നിന്റെ സാന്നിധ്യത്തെയല്ല;
എന്റെ സാന്നിധ്യത്തെയാണ്‌-
നിന്റെയരികിലുള്ളത്‌.

അവിടെ,
നീ നിൽക്കുന്നയിടത്ത്‌
ഞാൻ ഇല്ലെങ്കിൽ
എനിയ്ക്കു നഷ്ടബോധമുണ്ട്‌‌.

പലവുരു യാത്രചൊല്ലുന്നത്‌
അതിനാൽ, എന്റെ തന്ത്രമാണ്‌.

നിന്നിൽ നിന്നും പിരിഞ്ഞ്‌
പിന്നെ കാണും വരെ
ഒരായുസ്സു പോലൊരു ദൈർഘ്യം‌
ഞാൻ അനുഭവിയ്ക്കുമെന്നറിയാം.

പലവുരു യാത്രചൊല്ലി
ആ നിമികളിൽ ചിലതടർന്നാൽ
അത്രയും നല്ലത്‌.